Quantcast

തുര്‍ക്കി പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ഉര്‍ദുഗാന് മുന്‍തൂക്കം

50.8 ശതമാനം വോട്ടാണ് ഉര്‍ദുഗാന്‍ ഇതുവരെ നേടിയത്

MediaOne Logo

Web Desk

  • Updated:

    2023-05-14 19:12:40.0

Published:

15 May 2023 12:32 AM IST

തുര്‍ക്കി പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്;  ഉര്‍ദുഗാന് മുന്‍തൂക്കം
X

തുർക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റജബ് ത്വയ്യിബ് ഉര്‍ദുഗാന് നേരിയ മുൻതൂക്കം. 50.8 ശതമാനം വോട്ടാണ് ഉര്‍ദുഗാന്‍ ഇതുവരെ നേടിയത്. എതിരാളിയായ കെമാൽ ക്ല്ച്ദാറോളുവിന് 43.4 ശതമാനം വോട്ടാണ് നേടാനായത്. തെരഞ്ഞെടുപ്പ് ഫലം അൽപസമയത്തിനകം പുറത്തുവരുമെന്നാണ് സൂചന.

20 വർഷമായി തുർക്കി ഭരിക്കുന്ന റജബ് ത്വയ്യിബ് ഉർദുഗാൻ വീണ്ടും അധികാരത്തിലേറുമോ എന്നതാണ് ഈ തെരഞ്ഞെടുപ്പിൽ ലോകം ഉറ്റുനോക്കുന്നത്. ആറ് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചാണ് ഇക്കുറി ഉർദുഗാനെ തെരഞ്ഞെടുപ്പില്‍ നേരിട്ടത്. നേഷൻ അലയൻസ് എന്ന പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർഥി സി.എച്.പി പാർട്ടിയുടെ നേതാവ് 74കാരനായ കെമാൽ ക്ല്ച്ദാറോളുവാണ് ഉര്‍ദുഗാന്‍റെ മുഖ്യ എതിരാളി. ആധുനിക തുര്‍ക്കിയുടെ സ്ഥാപകനായി അറിയപ്പെടുന്ന മുസ്തഫ കെമാല്‍ അത്താതുര്‍ക്ക് രൂപീകരിച്ച പാര്‍ട്ടിയാണ് സി.എച്.പി. ഇടതുപക്ഷ പാർട്ടികളും വലതുപക്ഷ സംഘടനകളും ഇസ്ലാമിസ്റ്റ് പാർട്ടികളും എല്ലാം ചേർന്നതാണ് നേഷൻ അലയൻസ്.

ഇസ്ലാമിക ഖിലാഫതിന്‍റെ പഴയ പ്രതാപത്തിലേക്ക് തുർക്കിയെ നയിക്കുകയെന്ന ദൗത്യമാണ് ഉർദുഗാൻ ഉയർത്തിക്കാട്ടിയത്. സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പവുമാണ് ഉർദുഗാന്റെ മുമ്പിലുണ്ടായിരുന്ന വലിയവെല്ലുവിളി. 50,000 ത്തിലധികം മനുഷ്യജീവനുകളെടുത്ത ഭൂകമ്പത്തിൽ ഭരണകൂടം വേഗത്തിൽ ഇടപെട്ടിട്ടില്ല എന്ന വിമർശനവും പ്രതിപക്ഷം ശക്തമായി ഉയർത്തിയിരുന്നു.

ഉർദുഗാൻ കൊണ്ടുവന്ന പ്രസിഡൻഷ്യൽ രീതി പൊളിച്ചെഴുതുമെന്നായിരുന്നു നേഷൻ അലയൻസിന്റെ പ്രധാന വാഗ്ദാനം. മുഹര്‍റം ഇന്‍സ് ,സിനാന്‍ ഒഗാന്‍ എന്നീ രണ്ട് അപ്രധാന സ്ഥാനാർഥികൾ കൂടി മത്സര രംഗത്തുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ ജയിക്കാൻ ഒരു സ്ഥനാർഥി 51 ശതമാനം വോട്ടുകൾ നേടണം . ഇല്ലെങ്കിൽ രണ്ടാംഘട്ട വോട്ടെടുപ്പിലേക്ക് നീങ്ങും.

TAGS :

Next Story