Quantcast

ദുരന്തഭൂമിയിൽ കൊള്ളയടി; തുർക്കിയിൽ 48 പേർ അറസ്റ്റിൽ; ഭൂകമ്പത്തിൽ മരണം 29000 കടന്നു

മരണത്തിന്റെ യഥാർഥ കണക്കുകൾ 50,000ന് മുകളിൽ വരുമെന്ന് യു.എൻ റിലീഫ് മേധാവി പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-02-12 13:56:29.0

Published:

12 Feb 2023 12:38 PM GMT

Turkey-Siria Earthquake, Deaths Top 29,000
X

അങ്കാറ: തുർക്കി- സിറിയ ഭൂകമ്പത്തിൽ വിവിധ പ്രവിശ്യകളാകെ തകർന്നു കിടക്കുമ്പോൾ ദുരന്തഭൂമിയിൽ കൊള്ളയടിയും. തകർന്ന കെട്ടിടങ്ങളിലും വീടുകളിലും സാധനങ്ങൾ കൊള്ളയടിച്ചതിന് 48 പേരെ തുർക്കി പൊലീസ് അറസ്റ്റ് ചെയ്തു.

ഇതിനിടെ, കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ഭൂചലനത്തിൽ 10 പ്രവിശ്യകളിലായി പരന്നുകിടക്കുന്ന ആയിരക്കണക്കിന് കെട്ടിടങ്ങളിൽ ചിലത് തകർന്നതിന് ഉത്തരവാദികളെന്ന് സംശയിക്കുന്ന 131 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് വൈസ് പ്രസിഡന്റ് ഫുവാദ് ഒക്തായി പറഞ്ഞു.

ഇവരിൽ 113 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അങ്കാറയിലെ ദുരന്ത നിവാരണ ഏകോപന കേന്ദ്രത്തിൽ നടന്ന യോ​ഗത്തിൽ സംസാരിക്കവെ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം, ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 29,000 കടന്നു. തകർന്ന കെട്ടിടങ്ങൾക്കടിയിൽ അകപ്പെട്ടവർക്കായി രക്ഷാപ്രവർത്തകർ തെരച്ചിൽ തുടരുകയാണ്. മരിച്ചവരിൽ 25,000ഓളം പേർ തുർക്കിയിലും ബാക്കിയുള്ളവർ സിറിയയിലുമാണ് മരണപ്പെട്ടത്. രക്ഷാപ്രവർത്തനത്തിനായി കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള സംഘം സിറിയയിലേക്ക് എത്തിയിട്ടുണ്ട്.

പതിനായിരക്കണക്കിന് രക്ഷാപ്രവർത്തകരാണ് തണുപ്പേറിയ കാലാവസ്ഥയെ അവഗണിച്ച് കെട്ടിടങ്ങൾക്കടിയിൽ ആളുകളെ തിരയുന്നത്. ദിനംപ്രതി കുഞ്ഞുങ്ങളടക്കം നിരവധി പേരെയാണ് നാലും അഞ്ചും ദിവസങ്ങൾക്കു ശേഷം അത്ഭുതകരമായി രക്ഷപെടുത്തുന്നത്. എന്നാൽ മുതിർന്നവരടക്കം പലരും പിന്നീട് ചികിത്സയിരിക്കെ മരണപ്പെടുന്നു.

എന്നാൽ മരണത്തിന്റെ യഥാർഥ കണക്കുകൾ 50,000ന് മുകളിൽ വരുമെന്ന് യു.എൻ റിലീഫ് മേധാവി മാർട്ടിൻ ​ഗ്രിഫിത്ത്‌സ് പറഞ്ഞു. ശനിയാഴ്ച തുർക്കിയിലെ തെക്കൻ നഗരമായ കഹ്‌റാമൻമാരസിൽ എത്തി സ്ഥിതി​ഗതികൾ വിലയിരുത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ആളുകൾ കിടക്കുന്നതിനാൽ എണ്ണം കൃത്യമായി കണക്കാക്കുന്നത് ബുദ്ധിമുട്ടാണ്. എന്നാൽ ഇപ്പോഴത്തെ കണക്കിന്റെ ഇരട്ടിയോ അതിലധികമോ ആകും മരണസംഖ്യ എന്നെനിക്ക് ഉറപ്പുണ്ട്- അദ്ദേഹം വിശദമാക്കി.

ഇരു രാജ്യങ്ങളിലുമായി 8,70,000ലേറെ പേർക്കാണ് അടിയന്തരമായി ഭക്ഷണം ആവശ്യമായുള്ളതെന്ന് യുഎൻ അറിയിച്ചു. സിറിയയിൽ മാത്രം 5.3 മില്യൺ ആളുകൾക്കാണ് കിടപ്പാടം നഷ്ടമായത്. തുർക്കിയിലെ ഏകദേശം 26 ദശലക്ഷം ആളുകളെയാണ് ഭൂകമ്പം ബാധിച്ചതെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (ഡബ്ല്യു.എച്ച്.ഒ) പറഞ്ഞു.

തുർക്കിയിൽ രാജ്യത്തിനകത്തെ വിവിധ സന്നദ്ധ സംഘടനകളിൽ നിന്നും തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി 32,000ലേറെ പേരാണ് ദുരന്തഭൂമിയിൽ ഉള്ളതെന്ന് ദേശീയ ദുരന്തനിവാരണ ഏജൻസി അറിയിച്ചു. ഇവരെ കൂടാതെ 8294 പേർ ഇതര രാജ്യങ്ങളിൽ നിന്നും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്.

ഇതിനിടെ, പരിക്കേറ്റവരെ ചികിത്സിക്കാൻ ഫ്ലോട്ടിങ് ആശുപത്രികളായി പ്രവർത്തിക്കാൻ രണ്ട് വലിയ സൈനിക കപ്പലുകൾ രാജ്യത്തിന്റെ തെക്ക് ഭാഗത്തേക്ക് വിന്യസിച്ചിട്ടുണ്ട്.

20 വർഷത്തിനിടയിലെ ഏറ്റവും ഭീകരമായ ഭൂകമ്പമാണ് രാജ്യത്തുണ്ടായത്. ഇതിനോടകം 6000ഓളം കെട്ടിടങ്ങൾ തകരുകയും പതിനായിരക്കണക്കന് പേർക്ക് പരിക്കേൽക്കുകയും അതിൽ തന്നെ ആയിരങ്ങൾ മരണത്തോട് മല്ലടിച്ച് ആശുപത്രികളിൽ ചികിത്സയിലുമാണ്.

TAGS :

Next Story