Quantcast

ദുരന്തഭൂമിയായി തുർക്കി, സിറിയ; മരണം 1,400 കടന്നു

5,000ത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2023-02-06 14:00:37.0

Published:

6 Feb 2023 11:37 AM GMT

TurkeySyriaEarthquake, TurkeyEarthquakeupdates
X

അങ്കാറ: രണ്ടു പതിറ്റാണ്ടിനിടയിൽ രാജ്യം കണ്ട ഏറ്റവും വലിയ ഭൂകമ്പത്തിൽ വിറച്ച് തുർക്കി. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ തുർക്കിയിലും അയൽരാജ്യമായ സിറിയയിലും വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇരുരാജ്യങ്ങളിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 1,400 കടന്നു. 5,000ത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് റിപ്പോർട്ട്.

ദക്ഷിണ തുർക്കി, വടക്കൻ സിറിയ പ്രദേശങ്ങളെയാണ് ഇന്നു പുലർച്ചെ വൻ ഭൂചലനം തകർത്തുകളഞ്ഞത്. തുർക്കിയിൽ മാത്രം ഇതുവരെ 912 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. 500ലേറെ പേർ സിറിയയിലും മരിച്ചു. പരിക്കേറ്റവർക്കു പുറമെ നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവർക്കു വേണ്ടി തിരച്ചിൽ പുരോഗമിക്കുകയാണെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ അറിയിച്ചു.

തുർക്കി നഗരവും പ്രവിശ്യാ തലസ്ഥാനവുമായ ഗാസിയാൻടെപ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. 18 കി.മീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്. 6.7 തീവ്രത രേഖപ്പെടുത്തിയതടക്കം തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിറിയയിൽ വിമതനിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറൻ മേഖലയിൽ വൻ ദുരന്തമാണുണ്ടായിരിക്കുന്നത്.

സിറിയയിലെ സർക്കാർ അധീനതയിലുള്ള മേഖലയിൽ 234 പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. വിമത നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ 150 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. സൈപ്രസ്, ലബനാൻ, ഇറാഖ്, ഈജിപ്ത് അടക്കമുള്ള അയൽരാജ്യങ്ങളിലും പ്രകമ്പനങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്.

ഇതുപോലൊരു ദുരന്തം കണ്ടിട്ടില്ലെന്നായിരുന്നു തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ പ്രതികരണം. 1999ൽ തുർക്കിയിലുണ്ടായ ഭൂകമ്പത്തിൽ 17,000 പേർ കൊല്ലപ്പെട്ടിരുന്നു.

Summary: Death toll mounts to 1,400 in Turkey, Syria Earthquake

TAGS :

Next Story