Quantcast

ബുർജ് ഖലീഫ തുറന്നിട്ട് പന്ത്രണ്ടാണ്ട്; ഇപ്പോഴും ഏറ്റവും ഉയരമുള്ള കെട്ടിടം

ലോകത്ത് ഏറ്റവും കൂടുതൽ പേർ കാണാൻ ആഗ്രഹിക്കുന്ന നിർമിതിയെന്ന പദവി ബുർജ് ഖലീഫക്ക് ലഭിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-09-01 07:49:40.0

Published:

4 Jan 2022 2:00 PM GMT

ബുർജ് ഖലീഫ തുറന്നിട്ട് പന്ത്രണ്ടാണ്ട്; ഇപ്പോഴും ഏറ്റവും ഉയരമുള്ള കെട്ടിടം
X

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബൈയിലെ ബുർജ് ഖലീഫ സഞ്ചാരികൾക്കായി തുറന്നുകൊടുത്തത് ഇതേ ദിവസമായിരുന്നു. 2010 ജനുവരി നാലിന്. ഇപ്പോഴും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം യുഎഇയുടെ പ്രധാന നഗരമായ ദുബായിയിലെ ഈ നിർമിതി തന്നെ. ബുർജ് ദുബൈ എന്ന പേരിൽ നിർമാണം ആരംഭിച്ച ഈ കെട്ടിട വിസ്മയം ബുർജ് ഖലീഫ എന്ന പേര് സ്വീകരിച്ചതും ജനുവരി നാലിനാണ്. 632 മീറ്റർ ഉയരമുള്ള ചൈനയിലെ ഷാങ്ഹായ് ടവറിനെ നിഷ്പ്രഭമാക്കി ബുർജ് ഖലീഫ ലോക റെക്കോർഡ് സ്വന്തം പേരിൽ കുറിക്കുകയായിരുന്നു. ഉയരം 828 മീറ്റർ. ബുർജ് ഖലീഫയെ വെല്ലുന്ന കെട്ടിടങ്ങൾ പലത് പ്രഖ്യാപിക്കപ്പെട്ടെങ്കിലും 12 വർഷം പിന്നിടുമ്പോഴും ഉയരത്തിൽ മുമ്പൻ ഈ നിർമിതി തന്നെ. 2004 ൽ നിർമാണം ആരംഭിച്ച 163 നില കെട്ടിടം അഞ്ച് വർഷമെടുത്താണ് പൂർത്തിയാക്കിയത്.



പതിനഞ്ചിലേറെ ലോകറെക്കോഡുകൾ ബുർജ് ഖലീഫക്ക് സ്വന്തമായുണ്ട്. ഏറ്റവും ഉയരുമുള്ള കെട്ടിടം, ഭൂമിയിലെ ഏറ്റവും ഉയരമുള്ള സ്വതന്ത്ര നിർമിതി, ഏറ്റവും കൂടുതൽ നിലകളുള്ള കെട്ടിടം, ഏറ്റവും നീളത്തിൽ സഞ്ചരിക്കുന്ന ലിഫ്റ്റ്, ഏറ്റവും ഉയരത്തിലെ റെസ്റ്റോറന്റ്, നിശാക്ലബ് തുടങ്ങി ബുർജ് ഖലീഫയിൽ നടക്കുന്ന പുതുവത്സര വെടിക്കെട്ട് വരെ തകർക്കാൻ കഴിയാത്ത റെക്കോർഡുകളായി നിൽക്കുന്നു. അമേരിക്കൻ ആർക്കിടെക്ട് അഡ്രിയാൻ സ്മിത്താണ് ബുർജ് ഖലീഫ രൂപകൽപന ചെയ്തത്. 2004 ഡിസംബർ ആറിന് തുടങ്ങിയ നിർമാണം 2009 ഒക്ടോബർ ഒന്നിന് പൂർത്തിയായി. താമസിടയങ്ങൾ, ഓഫിസുകൾ, ഹോട്ടലുകൾ എന്നിവക്ക് പുറമെ ഏറ്റവും ഉയരെ നിന്ന് ലോകത്തെ വീക്ഷിക്കാൻ രണ്ട് ഒബ്‌സർവേറ്ററികളും ബുർജ് ഖലീഫയിലുണ്ട്. നേരത്തേ ബുർജ് ദുബൈ എന്നറിയപ്പെട്ടിരുന്ന ഈ കെട്ടിടം ഉദ്ഘാടന ദിവസമാണ് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാനോടുള്ള ആദര സൂചകമായി ബുർജ് ഖലീഫയെന്ന് നാമകരണം ചെയ്തത്. കെട്ടിട നിർമാണം പൂർത്തിയാക്കിയതിന് പിന്നാലെ ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ്മാളായ ദുബൈ മാളും ഇതിന് കീഴിലെത്തി. ദിവസവും ആയിരക്കണക്കിന് സന്ദർശകരാണ് ദിവസവും ബുർജ് ഖലീഫ കാണാൻ ദുബൈയിലെത്തുന്നത്.



എന്നാൽ ബുർജ് ഖലീഫയേക്കാൾ ഉയരമുള്ള കെട്ടിടം യുഎഇയിൽ തന്നെ വരുന്നതായി വാർത്തകൾ വന്നിരുന്നു. ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്റെ ഉടമസ്ഥരായ എമ്മാർ പ്രോപ്പട്ടീസ് തന്നെയാണ് ഈ കെട്ടിടവും നിർമിക്കുന്നത്. റാസൽഖൂറിലെ ദുബൈ ക്രീക്ക് പാർക്കിലാണ് പുതിയ കെട്ടിടം ഉയരുകയെന്നായിരുന്നു വിവരം. 828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫയേക്കാൾ അൽപം കൂടി ഉയരമുണ്ടാകും പുതിയ കെട്ടിടത്തിനെന്നാണ് എമ്മാർ അധികൃതർ വെളിപ്പെടുത്തിയത്. എന്നാൽ ഉയരം എത്രയാണെന്ന് വെളിപ്പെടുത്താനോ സൗദിയിൽ കിലോമീറ്റർ ഉയരത്തിൽ നിർമിക്കുന്ന കിങ്ഡം ടവറുമായി ഇതിനെ താരതമ്യം ചെയ്യാനോ അധികൃതർ തയാറായിരുന്നില്ല. റാസർഖൂറിലെ പക്ഷി സങ്കേതത്തോട് ചേർന്ന് ആറ് ചതുരശ്ര കിലോമീറ്ററിൽ വികസിപ്പിക്കുന്ന ദുബൈ ക്രീക്ക് ഹാർബറിന്റെ കേന്ദ്രമായിരിക്കും ഈ കെട്ടിടം. തൽകാലം ടവർ എന്നറിയപ്പെടുന്ന ഈ കെട്ടിടത്തിൽ ബുർജ് ഖലീഫയിലെ പോലെ താമസകേന്ദ്രങ്ങളോട ഓഫിസുകളോ ഉണ്ടാവില്ല. പകരം, ചെറിയ ഹോട്ടലുകളും നഗരവീക്ഷണത്തിനായുള്ള സംവിധാനങ്ങളുമാണ് ഒരുക്കുക. സ്പാനിഷ് ആർക്കിടെക്ട് സാന്റിയാഗോ കലാട്രവ വാൾസാണ് പുതിയ കെട്ടിടം രൂപകൽപന ചെയ്തത്. 2020 എക്‌സ്‌പോക്ക് വേദിയാകുന്ന ദുബൈയിലേക്ക് ലോകത്തെ ആകർഷിക്കാനാണ് ഈ കെട്ടിടമെന്ന് എമ്മാർ ചെയർമാൻ മുഹമ്മദ് അൽഅബ്ബാർ പറഞ്ഞിരുന്നു. ക്രീക്ക് ഹാർബറിൽ നിർമിക്കുന്ന റീട്ടെയിൽ ഡിസ്ട്രിക്ടിന്റെ പ്രഖ്യാപനം ഉടനുണ്ടാകും. ടവറിന് ചുറ്റുമാമായി 22 ഹോട്ടലുകളും താമസകേന്ദ്രങ്ങളും നിർമിക്കാൻ പദ്ധതിയുണ്ട്. ടവറിന് മാത്രം 3.65 ബില്യൻ ചെലവ് വരുമെന്നാണ് കണക്കാക്കിയിരുന്നത്.



അതേസമയം, ലോകത്ത് ഏറ്റവും കൂടുതൽ പേർ കാണാൻ ആഗ്രഹിക്കുന്ന നിർമിതിയെന്ന പദവി ബുർജ് ഖലീഫക്ക് ലഭിച്ചിരുന്നു. ഗൂഗിളിൽ നിന്ന് ശേഖരിച്ച ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആഢംബര യാത്രാ കമ്പനിയായ 'കുയോനി' തയാറാക്കിയ റാങ്കിങിലാണ് ബുർജ് ഖലീഫ ഒന്നാം സ്ഥാനത്തെത്തിയിരുന്നത്. ലോകത്തെ 66 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ സെർച് ചെയ്ത ആകർഷകകേന്ദ്രം ബുർജ് ഖലീഫയാണ്. യാത്രാലക്ഷ്യങ്ങൾ തേടി നടന്ന സെർചുകളുടെ 38 ശതമാനത്തോളം വരുമിത്. ഇന്ത്യ, സ്വിറ്റ്‌സർലൻഡ്, ആഫ്രിക്കൻ രാജ്യങ്ങൾ, ഇന്തോനേഷ്യ, ഫിജി, തുർക്മിനിസ്താൻ എന്നിവിടങ്ങളിലെല്ലാം ബുർജ് ഖലീഫയാണ് മുന്നിട്ടുനിൽക്കുന്നത്.



നേരത്തെ ഇന്ത്യയുടെ താജ്മഹലായിരുന്നു ആഗോള സഞ്ചാരികളെ ഏറ്റവും കൂടുതൽ മോഹിപ്പിച്ച നിർമിതി. പുതിയ പഠനത്തിൽ പക്ഷെ, താജ് മഹൽ നാലാം സ്ഥാനത്തേക്ക് മാറി. പട്ടികയിൽ രണ്ടാം സ്ഥാനത്ത് പാരീസിലെ ഈഫൽ ടവറാണ്. പെറുവിലെ മാച്ചുപിച്ചുവിനാണ് മൂന്നാം സ്ഥാനം. ബ്രിട്ടൻ, അയർലൻഡ്, കാനഡ, ആസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ സെർച് ചെയ്തത് ഈഫൽ ടവറാണ്. സ്‌പെയിൻ, ചിലി, മെക്‌സികോ എന്നിവിടങ്ങളിലാണ് മാച്ചുപിച്ചുവിനോട് ഇഷ്ടക്കാർ കൂടുതൽ. ബ്രിട്ടനിലെ ബിഗ് ബെൻ, ഇറ്റലിയിലെ പോംപി, സ്‌പെയിനിലെ അൽഹംബ്ര, ഫ്രാൻസിലെ നോത്രെ ഡേം, ബ്രിട്ടനിലെ സ്‌റ്റോൺഹെങെ, ജോർഡനിലെ പെട്ര, ചൈനയുടെ വൻ മതിൽ എന്നിവയും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളായി പട്ടികയിൽ ഇടംപിടിച്ചിരുന്നു.

Twelve years since the opening of the Burj Khalifa; The tallest building still

TAGS :

Next Story