കാറിൽ കയറിയത് രണ്ടാളുകൾ; ഇറങ്ങിയത് മൂന്നു പേർ; അനുഭവം പറഞ്ഞ് ഇന്ത്യൻ വംശജനായ കാർ ഡ്രൈവർ
ഇന്ത്യൻ വംശജനായ ഹർദീപ് സിങ്ങാണ് വ്യത്യസ്തമായ അനുഭവം പങ്കുവെച്ചത്

- Updated:
2026-01-03 02:20:02.0

ടൊറൻ്റോ: കഴിഞ്ഞ ശനിയാഴ്ച കാനഡയിലെ കാൽഗറിയിലാണ് സംഭവം. ഇന്ത്യൻ വംശജനായ കാർ ഡ്രൈവർ ഹർദീപ് സിങിന് ഒരു കോൾ വരുന്നു. എത്രയും പെട്ടെന്ന് എത്തണം, ആശുപത്രിയിൽ പോവണമെന്നാണ് വിളിച്ചയാൾ പറഞ്ഞത്. ആശുപത്രിയിലേക്കുള്ള വിളിയാണെന്ന് അറിഞ്ഞതോടെ മോശം കാലാവസ്ഥ പരിഗണിക്കാതെ ഹർദീപ് പാഞ്ഞെത്തി.
ഒരു യുവാവിനേയും ഗർഭിണിയായ ജീവിത പങ്കാളിയേയുമാണ് ഹർദീപ് കണ്ടത്. ഇരുവരേയും വാഹനത്തിൽ കയറ്റി യാത്ര ആരംഭിച്ചപ്പോൾ മുതൽ കാറിൽ കയറിയ സ്ത്രീയുടെ കരച്ചിൽ മാത്രമാണ് ഹർദീപ് കേട്ടിരുന്നത്. അരമണിക്കൂറിലേറെയുള്ള ആശുപത്രി യാത്ര പൂർത്തിയാവുന്നതിന് തൊട്ടു മുമ്പ് പുറകിൽ നിന്നും കുഞ്ഞിൻ്റെ കരച്ചിൽ കേട്ടു. കാറിൽ കയറിയ സ്ത്രീ പ്രസവിച്ചു എന്ന് അറിഞ്ഞതോടെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചു. കാറിൽ പ്രസവിച്ച സ്ത്രീയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചതിൻ്റെ സന്തോഷത്തിലാണ് ഹർദീപ് സിങ്. കാറിൻ്റെ പുറകിലെ സീറ്റിൽ നിന്ന് പെൺകുഞ്ഞിൻ്റെ കരച്ചിൽ കേട്ടപ്പോൾ താൻ അനുഭവിച്ച ആശ്വാസം പറഞ്ഞറിയിക്കാനാവാത്തതാണെന്നും ഹർദീപ് പറഞ്ഞു.
മൈനസ് 21 ഡിഗ്രിയായിരുന്നു ശനിയാഴ്ചയിലെ തണുപ്പ്. മഞ്ഞു വീണ് വഴുക്കുന്ന അവസ്ഥയിലായിരുന്നു റോഡ്. പ്രസവ വേദന കൊണ്ട് പുളഞ്ഞ സ്ത്രീയെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുക എന്ന ലക്ഷ്യം മാത്രമേ തനിക്ക് ഉണ്ടായിരുന്നുള്ളു എന്നും ഡ്രൈവർ കാനഡ മാധ്യമമായ ഗ്ലോബൽ ന്യൂസിനോട് പറഞ്ഞു. തൻ്റെ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവമാണ് ഇതെന്നും ഹർദീപ് സിങ് പറഞ്ഞു.
Adjust Story Font
16
