Quantcast

'ഈ അവസ്ഥ ഭീകരം; ആ ചർച്ചിനെയെങ്കിലും വെറുതെവിടണം'; ഗസ്സയിലെ കുടുംബത്തിന്റെ ദുരിതജീവിതം വിവരിച്ച് ബ്രിട്ടീഷ് എം.പി

ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനു ശേഷം 300ഓളം ക്രിസ്ത്യാനികളാണ് ഗസ്സ സിറ്റിയിലെ കത്തോലിക്കാ പള്ളിയിൽ അഭയാർഥികളായി കഴിയുന്നത്

MediaOne Logo

Web Desk

  • Published:

    19 March 2024 6:17 AM GMT

‘I would say to Israel, leave that church alone’: UK MP Layla Moran explains plight of her family in Gazas Holy Family Church, Layla Moran, Israel attack on Gaza
X

ലണ്ടൻ: ഗസ്സയിലെ ക്രിസ്ത്യൻ ദേവാലയത്തിലെ അഭയാർഥികളുടെ ദുരിതജീവിതം വിവരിച്ച് ബ്രിട്ടീഷ് എം.പി. മാസങ്ങളായി പള്ളിക്കകത്ത് കഴിയുന്ന തന്റെ ബന്ധുക്കൾ ഉൾപ്പെടെ കടുത്ത ഭീതിയിലും ആശങ്കയിലുമാണെന്ന് ഓക്‌സ്ഫഡ് വെസ്റ്റിൽനിന്നുള്ള ലിബറൽ ഡെമോക്രാറ്റ് എം.പി ലെയ്‌ല മിഷേൽ മോറൻ അൽജസീറയോട് പറഞ്ഞു. പള്ളിയിൽ കഴിയുന്ന അഭയാർഥികൾ അടുത്തയാഴ്ചയ്ക്കപ്പുറം ബാക്കിയുണ്ടാകുമെന്നു തോന്നുന്നില്ലെന്നും അവർ പറഞ്ഞു.

ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനു ശേഷം 300ഓളം ക്രിസ്ത്യാനികളാണ് ഗസ്സ സിറ്റിയിലെ കത്തോലിക്കാ പള്ളിയായ ഹോളി ഫാമിലി ചർച്ചിൽ അഭയാർഥികളായി കഴിയുന്നത്. പള്ളിക്കുനേരെ കഴിഞ്ഞ ദിവസവും ഇസ്രായേൽ മിസൈൽ ആക്രമണം നടന്നിരുന്നു. സംഭവത്തിൽ പ്രായമായ സ്ത്രീയും മകളും കൊല്ലപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ബ്രിട്ടീഷ് എം.പിയുടെ പ്രതികരണം.

''ഈ അവസ്ഥ ഭീകരമാണ്. 60 ദിവസമായി അവർ അതിനകത്താണ്. 300ഓളം മനുഷ്യരാണ് പള്ളിക്കകത്തുള്ളത്. ഭീതിയോടെയാണ് അവർ കഴിയുന്നത്. മാലിന്യങ്ങൾ ശേഖരിക്കാനെത്തിയയാൾ പുറത്തുവച്ച് കൊല്ലപ്പെട്ടു. കാവൽക്കാരനും കൊല്ലപ്പെട്ടു. ദിവസങ്ങളായി അവിടെത്തന്നെ കിടക്കുകയാണ് ആ മൃതദേഹങ്ങൾ''-ലെയ്‌ല വെളിപ്പെടുത്തി.

''പുറത്തിറങ്ങി കക്കൂസിൽ പോകാൻ പോലും ഭയപ്പെടുകയാണ് അവർ. ഇസ്രായേൽ സൈന്യം സാധാരണക്കാരെ സംരക്ഷിക്കുന്നുണ്ടെന്ന വാദത്തെ പരിഹസിക്കുന്നതാണ് ഇതെല്ലാം. എങ്ങനെയാണ് ഇതെല്ലാം സംഭവിക്കുന്നതെന്നു മനസിലാകുന്നില്ല. ആ പള്ളിയെയെങ്കിലും വെറുതെവിടണമെന്നാണ് ഇസ്രായേലിനോട് പറയാനുള്ളത്. എന്റെ കുടുംബത്തെയെങ്കിലും വെറുതെവിടൂ.''

ഗസ്സയിലെ ഇസ്രായേൽ നരനായാട്ടിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലും അവർ ആവശ്യപ്പെട്ടു. വെടിനിർത്തലിനു വേണ്ടി അന്താരാഷ്ട്ര സമൂഹം ശക്തമായി വാദിക്കണം. ഈ വിനാശം അവസാനിപ്പിക്കണമെന്നും ലെയ്‌ല മിഷേൽ മോറൻ ആഹ്വാനം ചെയ്തു.

ഈജിപ്തിലെ യൂറോപ്യൻ യൂനിയൻ മുൻ അംബാസഡറായ ജെയിംസ് മോറനും ജറൂസലമിൽനിന്നുള്ള ക്രിസ്ത്യൻ ഫലസ്തീനിയായ റണ്ട മോറനുമാണ് ലെയ്‌ലയുടെ മാതാപിതാക്കൾ. ലെയ്‌ലയുടെ മുത്തശ്ശിയും മകനും ഭാര്യയും ഇവരുടെ 11 വയസുള്ള ഇരട്ടകളുമെല്ലാം രണ്ടു മാസത്തിലേറെയായി ഗസ്സയിലെ ഹോളി ഫാമിലി പള്ളിയിൽ അഭയാർഥികളായി കഴിയുകയാണ്.

Summary: ‘I would say to Israel, leave that church alone’: UK MP Layla Moran on explains plight of her family in Gaza's Holy Family Church

TAGS :

Next Story