Quantcast

വംശഹത്യയ്ക്ക് പ്രേരണ നൽകിയവർ ഫലസ്തീനെ അംഗീകരിക്കുമ്പോൾ

യുകെയും പിന്നാലെ കാനഡയും ഫലസ്തീനെ അംഗീകരിക്കുമെന്ന അറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നു. അതിൽ യുകെയുടെ പ്രഖ്യാപനത്തിന് ചില പ്രത്യേകതകളുണ്ട്. ഫലസ്തീനിൽ ജൂത രാഷ്ട്രം സ്ഥാപിക്കാൻ ആദ്യമായി പിന്തുണ വാഗ്ദാനം ചെയ്തത് ബ്രിട്ടനായിരുന്നു

MediaOne Logo

Web Desk

  • Published:

    31 July 2025 8:45 PM IST

വംശഹത്യയ്ക്ക് പ്രേരണ നൽകിയവർ ഫലസ്തീനെ അംഗീകരിക്കുമ്പോൾ
X



ഇസ്രായേലിന്റെ മനുഷ്യത്വവിരുദ്ധതയ്‌ക്കെതിരെയുള്ള ലോകരാജ്യങ്ങളുടെ നിലപാടിൽ വലിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. അടുപ്പക്കാർ സയണിസ്റ്റ് ഭരണകൂടത്തിന്റെ അടുപ്പക്കാർ പോലും തുറന്ന വിയോജിപ്പ് രേഖപ്പെടുകുകയും നടപടികൾക്ക് തുടക്കമിടും ചെയുന്നു. ഫലസ്തീനെ അംഗീകരിക്കുമെന്ന ഫ്രാൻസിന്റെ പ്രഖ്യാപനം അതിന്റെ ഭാഗമായിരുന്നു. ഇപ്പോഴിതാ യുകെയും പിന്നാലെ കാനഡയും ഫലസ്തീനെ അംഗീകരിക്കുമെന്ന അറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നു. അതിൽ യുകെയുടെ പ്രഖ്യാപനത്തിന് ചില പ്രത്യേകതകളുമുണ്ട്.

ഈ വരുന്ന സെപ്റ്റംബറിനുള്ളിൽ വെടിനിർത്തൽ കരാർ ഉൾപ്പെടെയുള്ള ഉപാധികളോട് അനുകൂല സമീപനം സ്വീകരിച്ചില്ലെങ്കിൽ ഫലസ്തീനെ അംഗീകരിക്കുമെന്നാണ് യുകെ പ്രധാനമന്ത്രി കീർ സ്റ്റാമർ പ്രഖ്യാപിച്ചത്. സമാധാന പ്രക്രിയയുടെ ഭാഗമായുള്ള ചൊവ്വാഴ്ചത്തെ ഈ പ്രഖ്യാപനം, വിഷയത്തിൽ ദശാബ്ദങ്ങളായി യുകെ സ്വീകരിച്ചുപോന്ന നിലപാടിനിന്നുള്ള മാറ്റത്തെ കൂടിയാണ് അടയാളപ്പെടുത്തുന്നത്. ഫലസ്തീനെ അംഗീകരിക്കുന്നതിന് ആദ്യമായാണ് ഒരു രാജ്യം ഉപാധികൾ മുന്നോട്ടുവയ്ക്കുന്നത് എന്ന പ്രത്യേകതയും യുകെയുടെ കാര്യത്തിലുണ്ട്.

ഇസ്രായേൽ ഒരു വെടിനിർത്തലിന് സമ്മതിക്കുകയും വെസ്റ്റ് ബാങ്കിൽ അധിനിവേശം നടത്തില്ലെന്ന് ഉറപ്പുനൽകുകയും ഗസ്സയിലെ മാനുഷിക പ്രതിസന്ധി അവസാനിപ്പിക്കാനുള്ള കൃത്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നാണ് യുകെ ഇസ്രായേലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലെങ്കിൽ സെപ്റ്റംബറിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയിൽ ഫലസ്തീനെ അംഗീകരിക്കുമെന്നാണ് സ്റ്റാമർ വ്യക്തമാക്കിയത്.

യൂറോപ്പ്യൻ ശക്തികളായ ഫ്രാൻസും യുകെയും ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത് വലിയ പ്രതിഫലനങ്ങൾ ഉണ്ടാക്കാൻ ഉതകുന്നവയാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലലോ. ഫലസ്തീനെ അംഗീകരിക്കുക എന്നത് പ്രതീകാത്മക ചുവടുവയ്‌പ്പാണെങ്കിൽ പോലും ഇസ്രായേലി ഭരണകൂടം അതിലൂടെ ആശങ്കയിലാകുമെന്നത് ഉറപ്പാണ്. ആ ആശങ്കയും ഞെട്ടലും സയണിസ്റ്റ് ഭരണകൂടത്തിന്റെ പ്രതികരണങ്ങൾ പ്രകടവുമാണ്.

ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുക എന്നാൽ ഫലസ്തീനികളുടെ സ്വയം നിർണ്ണയാവകാശത്തിനുള്ള ഔപചാരികവും രാഷ്ട്രീയവുമായ അംഗീകാരം കൂടിയാണ്. നിലവിൽ യുകെയിൽ ഒരു ഫലസ്തീൻ അംബാസഡർ അല്ലെങ്കിൽ ദൗത്യ മേധാവി മാത്രമാണുള്ളത്. എന്നാൽ ഇനിമുതൽ ഫലസ്തീനിലും ബ്രിട്ടീഷ് അംബാസഡറെ നിയമിക്കുന്നത് ഉൾപ്പെടെ സമ്പൂർണ നയതന്ത്ര ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്ന നീക്കം അനുവദിക്കും. കൂടാതെ, ദ്വിരാഷ്ട്ര പരിഹാരത്തിലേക്കുള്ള രാഷ്ട്രീയ പ്രക്രിയയ്ക്ക് തുടക്കം കുറിക്കാനും ഇത് കാരണമാകുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

യുഎന്നിൽ അംഗങ്ങളായ 193 രാജ്യങ്ങളിൽ 140 പേർ ഫലസ്തീനെ അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇസ്രായേലുമായി അടുത്തുനിൽക്കുന്ന G7 രാജ്യങ്ങൾ ആരും അതിന് തയാറായിരുന്നില്ല. ഇക്കഴിഞ്ഞ ആഴ്ച ഫ്രാൻസാണ് അതിലൊരു മാറ്റം കൊണ്ടുവന്നത്. പിന്നാലെ യുകെയും. ഇരുരാജ്യങ്ങളും അംഗീകരിച്ചിട്ടില്ല എങ്കിൽ പോലും പ്രഖ്യാപനം തന്നെ വലിയൊരു രാഷ്ട്രീയ ചലനം സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇസ്രയേലിനുമേലുള്ള സമ്മർദ്ദം കൂട്ടാനും ഈ പ്രഖ്യാപനങ്ങൾക്ക് സാധിച്ചേക്കുമെന്ന വിലയിരുത്തലുമുണ്ട്.

ഫ്രാൻസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, ഗസ്സയിലേക്കുള്ള സഹായവിതരണങ്ങൾ വർധിപ്പിക്കുമെന്ന പ്രഖ്യാപനം ഇസ്രായേൽ നടത്തിയിരുന്നു. ദിനേന പത്തുമണിക്കൂർ നേരം അതിനായി വെടിനിർത്തലും ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം ഫ്രാൻസ് ഉൾപ്പെടെ ഉയർത്തുന്ന സമ്മർദ്ദത്തിന്റെ ഫലമാണെന്നായിരുന്നു വിലയിരുത്തൽ. .

യുകെയുടെ കാര്യത്തിൽ മറ്റൊരു സവിശേഷത കൂടിയുണ്ട്. ഫലസ്തീനിൽ ജൂത രാഷ്ട്രം സ്ഥാപിക്കാൻ ആദ്യമായി പിന്തുണ വാഗ്ദാനം ചെയ്തത് ബ്രിട്ടനായിരുന്നു എന്നതാണ് അത്. ഫലസ്തീനികളുടെ വംശീയ ഉന്മൂലനത്തിന് പ്രധാന ഉത്തേജകങ്ങളിലൊന്നായാണ് 1917 നവംബർ രണ്ടിലെ ബാൽഫർ ഡിക്ലറേഷൻ കരുതപ്പെടുന്നത്. അതുകൊണ്ടുതന്നെയാണ് യുകെയുടെ ഈ ചുവടുമാറ്റത്തെ അതിനിർണായകമായ കരുതപ്പെടുന്നത്.

അതേസമയം, ഫലസ്തീൻ രാഷ്ട്രം ഫലസ്തീൻ ജനതയുടെ നിഷേധിക്കാനാവാത്ത അവകാശമാണെന്നും അതൊരു വിലപേശൽ ചിപ്പല്ല എന്നുമാണ് യുകെ എംപിയും ഇടതുപക്ഷ സോഷ്യലിസ്റ്റ് നേതാവുമായ ജെറമി കോർബിൻ വ്യക്തമാക്കുന്നത്. ഇസ്രായേലിനുള്ള എല്ലാ ആയുധ വിൽപ്പനയും അവസാനിപ്പിക്കുക, വ്യാപകമായ ഉപരോധങ്ങൾ ഏർപ്പെടുത്തുകയുമാണ് യുകെ ചെയ്യേണ്ടതെന്നും അദ്ദേഹം ഓര്മിപ്പിക്കുന്നുണ്ട്.

TAGS :

Next Story