Quantcast

'യുക്രൈനിൽ അനാവശ്യ യാത്ര ഒഴിവാക്കണം'; ഇന്ത്യക്കാർക്ക് എംബസിയുടെ നിർദേശം

വിവിധ യുക്രൈൻ നഗരങ്ങളിൽ റഷ്യ ഇന്ന് നടത്തിയ മിസൈൽ ആക്രമണത്തിൽ മരണം 11 ആയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-10-10 16:25:11.0

Published:

10 Oct 2022 4:24 PM GMT

യുക്രൈനിൽ അനാവശ്യ യാത്ര ഒഴിവാക്കണം; ഇന്ത്യക്കാർക്ക് എംബസിയുടെ നിർദേശം
X

കിയവ്: യുക്രൈനിൽ ഇടവേളയ്ക്കുശേഷം റഷ്യ ആക്രമണം ശക്തമാക്കിയതോടെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം. അനാവശ്യ യാത്രകൾ ഒഴിവാക്കാൻ യുക്രൈനിലുള്ള ഇന്ത്യക്കാരോട് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. യുക്രൈൻ ഭരണകൂടം പുറത്തിറക്കിയ സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാനും നിർദേശമുണ്ട്.

കിയവിലെ ഇന്ത്യൻ എംബസിയാണ് നിർദേശങ്ങൾ പുറത്തിറക്കിയത്. യുക്രൈനിൽ താമസിക്കുന്ന സ്ഥലങ്ങളെക്കുറിച്ച് എംബസിക്ക് വിവരം നൽകാനും ഉത്തരവുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ എംബസിക്ക് ഇവരെ രക്ഷിക്കാനുള്ള സന്നാഹമൊരുക്കാനാണിത്.

യുക്രൈനിലെ പുതിയ ആക്രമണങ്ങളിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയ ആക്രമണങ്ങൾ ആശങ്കപ്പെടുത്തുന്നതാണെന്നും സംഘർഷാവസ്ഥ ലഘൂകരിക്കാനുള്ള ശ്രമങ്ങൾക്ക് രാജ്യത്തിന്റെ പിന്തുണയുണ്ടാകുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ച്ചി വ്യക്തമാക്കി.

ഇന്നു രാവിലെയാണ് തലസ്ഥാനമായ കിയവ് അടക്കം വിവിധ യുക്രൈൻ നഗരങ്ങളിൽ റഷ്യ മിസൈൽ ആക്രമണം നടത്തിയത്. 80ലേറെ മിസൈലുകൾ റഷ്യയുടെ ഭാഗത്തുനിന്ന് എത്തിയതായി യുക്രൈൻ ആരോപിച്ചു. വിവിധ സംഭവങ്ങളിൽ മരിച്ചവരുടെ എണ്ണം 11 ആയിട്ടുണ്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

തങ്ങളെ നശിപ്പിക്കാനും ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാനുമാണ് റഷ്യ ശ്രമിക്കുന്നതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്‌കി ടെലഗ്രാം സന്ദേശത്തിൽ പറഞ്ഞു. സാപൊറീഷ്യയിൽ വീട്ടിൽ ഉറങ്ങുകയായിരുന്ന ആളുകളെ റഷ്യ നശിപ്പിച്ചെന്നും ഡിനിപ്രോയിലും കിയവിലും ജോലിക്ക് പോകുന്നവരെ അവർ കൊല്ലുകയാണെന്നും സെലൻസ്‌കി സന്ദേശത്തിൽ കൂട്ടിച്ചേർത്തു.

പൗരന്മാരോട് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറാൻ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. യുദ്ധത്തിനുശേഷം യുക്രൈനിൽ തിരിച്ചെത്തിയ മലയാളി വിദ്യാർഥികൾ ബങ്കറുകളിൽ തങ്ങുകയാണെന്നാണ് അറിയുന്നത്. കോളജുകൾ സാധാരണ നിലയിലായതിനെ തുടർന്നാണ് മലയാളി വിദ്യാർഥികൾ യുക്രൈനിലേക്ക് മടങ്ങിയത്. കിയവിലടക്കം ഓൺലൈൻ പഠനം അവസാനിപ്പിച്ചിരുന്നു.

Summary: Avoid non-essential travel to and within Ukraine: India advises citizens

TAGS :

Next Story