Quantcast

'യുക്രൈന്‍ വിമാനറാഞ്ചല്‍': അഫ്ഗാന്‍ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലാകും

ഓഗസ്റ്റ് 31നുമുന്‍പു തന്നെ വിദേശസൈന്യം മുഴുവന്‍ അഫ്ഗാന്‍ വിടണമെന്ന് താലിബാന്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-08-24 10:58:57.0

Published:

24 Aug 2021 10:34 AM GMT

യുക്രൈന്‍ വിമാനറാഞ്ചല്‍: അഫ്ഗാന്‍ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലാകും
X

അഫ്ഗാനിലുള്ള പൗരന്മാരെ നാട്ടിലെത്തിക്കാനായി കാബൂളിലെത്തിയ യുക്രൈന്‍ വിമാനം അജ്ഞാതസംഘം റാഞ്ചിയതായുള്ള വാര്‍ത്ത പുറത്തുവന്നതോടെ രക്ഷാദൗത്യം തന്നെ പ്രതിസന്ധിയിലാകുന്ന സൂചനയാണുള്ളത്. രക്ഷാപ്രവര്‍ത്തനങ്ങളുടെ സുരക്ഷയ്ക്കായി ആയിരക്കണക്കിന് യുഎസ് സൈനികര്‍ വിമാനത്താവളത്തിലുണ്ടായിരിക്കെയാണ് യുക്രൈന്‍ വിമാനം തട്ടിക്കൊണ്ടുപോയതെന്നാണ് ഏറെ ഞെട്ടിപ്പിക്കുന്നത്. വിമാനംറാഞ്ചലിനു പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമല്ല. അതുകൊണ്ടുതന്നെ വിമാനത്താവളത്തിനകത്തും താലിബാന്‍ സാന്നിധ്യമുറപ്പിക്കുന്നതായുള്ള ഭീതി ഉയര്‍ന്നിരിക്കുകയാണ്.

നേരത്തെ യുക്രൈന്‍ വിദേശകാര്യ സഹമന്ത്രി യെവ്ഗെനി യെനിന്‍ ആണ് തങ്ങളുടെ വിമാനം അജ്ഞാതസംഘം റാഞ്ചിയതായുള്ള വാര‍്ത്ത പുറത്തുവിട്ടത്. എന്നാല്‍, ഇപ്പോള്‍ യുക്രൈന്‍ സര്‍ക്കാര്‍ വൃത്തങ്ങളില്‍നിന്ന് നിഷേധക്കുറിപ്പ് വന്നതായാണ് വിവരം. വിമാനം എത്തിയതായി സംശയിക്കുന്ന ഇറാനും ഇക്കാര്യം തള്ളിക്കളഞ്ഞിട്ടുണ്ട്.

അതിനിടെ, ഓഗസ്റ്റ് 31നുമുന്‍പു തന്നെ വിദേശസൈന്യം മുഴുവന്‍ അഫ്ഗാന്‍ വിടണമെന്ന് താലിബാന്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞിട്ടുണ്ട്. 31നുമുന്‍പ് രക്ഷാപ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കി സേനാപിന്മാറ്റം സമ്പൂര്‍ണമാക്കാനായിരുന്നു യുഎസ് പദ്ധതിയും. എന്നാല്‍, നിലവിലെ സ്ഥിതിയില്‍ ഒരാഴ്ചയ്ക്കകം എല്ലാവരെയും രക്ഷിക്കാനാകുമെന്ന് ഇപ്പോള്‍ യുഎസ് വൃത്തങ്ങള്‍ പോലും കരുതുന്നില്ല

അടുത്തൊന്നും രക്ഷാദൗത്യം പൂര്‍ത്തിയാകില്ല

ഓഗസ്റ്റ് അവസാനത്തില്‍ എല്ലാവരെയും പുറത്തെത്തിക്കാനാകില്ലെന്നാണ് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് അറിയിച്ചത്. കൂടുതല്‍ ബ്രിട്ടീഷ് സൈനികരെ ഇറക്കി കാബൂള്‍ രാജ്യാന്തര വിമാനത്താവളത്തിന് സുരക്ഷയൊരുക്കാനാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഇനിയും ബ്രിട്ടീഷ് സൈനികര്‍ കാബൂളിലെത്തിയാല്‍ അത് താലിബാനെ കൂടുതല്‍ പ്രകോപിപ്പിക്കുമെന്നാണ് ബ്രിട്ടന്‍ ഭയക്കുന്നത്. താലിബാനുമായുള്ള ഏറ്റുമുട്ടലിലേക്ക് ഇതു നയിച്ചേക്കാമെന്നാണ് ഇവരുടെ ഭീതി.

എന്നാല്‍, അമേരിക്കയുടെ പൂര്‍ണ പിന്തുണയില്ലെങ്കില്‍ ഇനിമുതല്‍ രക്ഷാപ്രവര്‍ത്തനം എളുപ്പമാകില്ലെന്നാണ് 2013 മുതല്‍ 2016 വരെ അഫ്ഗാനിലെ സംയുക്ത സേനാ കമാന്‍ഡറായിരുന്ന ജനറല്‍ സര്‍ റിച്ചാര്‍ഡ് ബാരണ്‍സ് പ്രതികരിച്ചത്. അഫ്ഗാനില്‍ മുന്‍പ് സൈനികനായി സേവനം ചെയ്ത ബ്രിട്ടീഷ് എംപി ടോം ട്യൂഗെന്‍ഡ്ഹാറ്റും ഇതേ അഭിപ്രായം പങ്കുവച്ചിട്ടുണ്ട്. എന്നാല്‍, രക്ഷാപ്രവര്‍ത്തന കാലാവധി നീട്ടാന്‍ യുഎസ് മാത്രം വിചാരിച്ചിട്ടു കാര്യമില്ലെന്നും താലിബാന്‍ കൂടി അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനകം എത്രപേര്‍ രക്ഷപ്പെട്ടു?

താലിബാന്‍ അഫ്ഗാന്റെ നിയന്ത്രണം പിടിച്ചടക്കിയതിനുശേഷം 48,000ത്തോളം പേരെ രക്ഷിച്ചതായാണ് അമേരിക്ക അവകാശപ്പെടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 16,000ത്തോളം പേരെ വിമാനങ്ങളില്‍ പുറത്തെത്തിച്ചതായി യുഎസ് ജോയിന്റ് റീജ്യനല്‍ ഓപറേഷന്‍സ് ഡെപ്യൂട്ടി ഡയരക്ടര്‍ ജനറല്‍ ഹാങ്ക് ടൈലര്‍ പറയുന്നു.

എന്നാല്‍, കഴിഞ്ഞ ദിവസം അല്‍ജസീറ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് പുറത്തുവിട്ട കണക്കുപ്രകാരം 28,000 പേരെയാണ് ഇതിനകം രക്ഷാദൗത്യങ്ങളിലൂടെ പുറത്തെത്തിച്ചത്. ഇതില്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ 552 ആണ്. ഇന്ന് മലയാളികളെയടക്കം കൂടുതല്‍പേരെ നാട്ടിലെത്തിച്ചിട്ടുണ്ട്.

2,500 യുഎസ് പൗരന്മാരെയടക്കം 17,000 പേരെയാണ് അമേരിക്ക പുറത്തെത്തിച്ചത്. ബ്രിട്ടന്‍-3,821, ജര്‍മനി-2,000, പാകിസ്താന്‍-1,100, ഇറ്റലി-1,000, തുര്‍ക്കി-583, ഫ്രാന്‍സ്-570, ഡെന്മാര്‍ക്ക്-404, നെതര്‍ലന്‍ഡ്‌സ്-300, ആസ്‌ട്രേലിയ-300, കാനഡ-294, സ്‌പെയിന്‍-273, പോളണ്ട്-260, ചെക്ക് റിപബ്ലിക്ക്-170, ഉക്രൈന്‍-83, ഹങ്കറി-26, ഇന്തോനേഷ്യ-26, റൊമാനിയ-14, ജപ്പാന്‍-12 എന്നിങ്ങനെയാണ് രക്ഷാദൗത്യത്തിലൂടെ അഫ്ഗാനില്‍നിന്ന് പുറത്തെത്തിച്ചവരുടെ കണക്ക്.

ഇനിയും പതിനായിരക്കണക്കിനുപേരെയാണ് പുറത്തെത്തിക്കാനുള്ളത്. 15,000ത്തോളം അമേരിക്കക്കാരെയും 60,000ത്തോളം അഫ്ഗാനികളെയും ഇനിയും രക്ഷിക്കാനുള്ളതാണ്.

TAGS :

Next Story