Quantcast

യുക്രൈനിലെ മൂന്ന് ജൂത 'ഒളിഗാര്‍ക്കു'കളുടെ പൗരത്വം റദ്ദാക്കി സെലൻസ്‌കി

യുക്രൈൻ രാഷ്ട്രീയത്തിൽ നിർണായക സ്വാധീനശക്തികളും പ്രമുഖ ജൂത സ്ഥാപനങ്ങളുടെ സാമ്പത്തിക സ്രോതസുകളുമായ മൂന്നുപേർക്കെതിരെയാണ് നടപടി

MediaOne Logo

Web Desk

  • Updated:

    2022-07-29 16:44:03.0

Published:

29 July 2022 4:39 PM GMT

യുക്രൈനിലെ മൂന്ന് ജൂത ഒളിഗാര്‍ക്കുകളുടെ പൗരത്വം റദ്ദാക്കി സെലൻസ്‌കി
X

കിയവ്: യുക്രൈൻ രാഷ്ട്രീയത്തിൽ പ്രബലരായ മൂന്ന് ജൂത പ്രഭുക്കന്മാരുടെ പൗരത്വം റദ്ദാക്കി പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി. റഷ്യൻ യുദ്ധത്തിനു പിന്നാലെ സെലൻസ്‌കിയുമായി ഉടലെടുത്ത പോരിനു പിന്നാലെയാണ് നടപടിയെന്നാണ് വിവരം.

ഒളിഗാർക്കുകൾ എന്ന പേരിൽ അറിയപ്പെടുന്ന യുക്രൈൻ രാഷ്ട്രീയത്തിൽ വൻ സ്വാധീനശക്തിയുള്ള ശതകോടീശ്വരന്മാരായ ഇഗോർ കൊലോമോയ്‌സ്‌കി, ഹെന്നഡി കോർബാൻ, മുൻ പാർലമെന്റ് അംഗവും വ്യവസായിയുമായ വാദിം റാബിനോവിച്ച് എന്നിവരുടെ യുക്രൈൻ പൗരത്വമാണ് എടുത്തുകളഞ്ഞിരിക്കുന്നത്. യുക്രൈനിലെ അതിസമ്പന്നരായ ജൂതന്മാരാണ് മൂവരും. ഇസ്രായേൽ അടക്കമുള്ള വിദേശരാജ്യങ്ങളുടെ പൗരത്വം എടുത്തതാണ് നടപടിക്ക് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. ഇരട്ട പൗരത്വം യുക്രൈനിൽ നിയമവിരുദ്ധമാണെങ്കിലും പ്രായോഗികതലത്തിൽ ഇക്കാര്യത്തിൽ നടപടികളൊന്നുമുണ്ടാകാറില്ല. ഇസ്രായേൽ പൗരത്വമുള്ള 8,000ത്തോളം യുക്രൈൻ പൗരന്മാർ രാജ്യത്ത് കഴിയുന്നുണ്ടെന്ന് യുദ്ധസമയത്ത് റിപ്പോർട്ട് പുറത്തുവന്നിരുന്നു.

എന്നാൽ, നടപടിയെക്കുറിച്ച് മറ്റ് വിശദീകരണങ്ങളും പുറത്തുവരുന്നുണ്ട്. റഷ്യയുമായി സഹകരിക്കുന്നവർക്കെതിരെയുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. അഴിമതിവിരുദ്ധ പോരാട്ടമെന്ന പേരിൽ മോശം പശ്ചാത്തലമുള്ള സമ്പന്നന്മാരെയെല്ലാം രാജ്യത്തുനിന്ന് പുറത്താക്കി യു.എസിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും പിന്തുണ ഉറപ്പാക്കുകയും സെലൻസ്‌കി ലക്ഷ്യമിടുന്നതായും വിലയിരുത്തലുണ്ട്.

രാജ്യത്തെ പ്രമുഖമായ ജൂത സ്ഥാപനങ്ങളുടെയും സംരംഭങ്ങളുടെയും സാമ്പത്തിക പിൻബലം കൂടിയാണ് ഇഗോറും കോർബാനും റാബിനോവിച്ചും. മുൻപ് അഴിമതി ആരോപണങ്ങൾ നേരിട്ടവരാണ് മൂന്നുപേരും. യുക്രൈൻ കോടതികളിൽ ഇവർക്കെതിരെ കേസുകളും നിലനിൽക്കുന്നുണ്ട്. അതേസമയം, ഇവർക്കെതിരായ നടപടിയിൽ പ്രതികരിക്കാൻ രാജ്യത്തെ ജൂതനേതാക്കൾ തയാറായിട്ടില്ല.

2019ൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതു മുതൽ ഒളിഗാർക്കുകൾക്കെതിരായ നിലപാട് സ്വീകരിച്ചയാളാണ് സെലൻസ്‌കി. എന്നാൽ, സെലൻസ്‌കിക്ക് തുടക്കം മുതൽ വലിയ പിന്തുണയായുണ്ടായിരുന്നയാളാണ് ഇഗോർ കൊലോമോയ്‌സ്‌കി. അദ്ദേഹം അധികാരത്തിലെത്തിയതിനു പിന്നാലെ ഇസ്രായേലിലെ വിദേശവാസം അവസാനിപ്പിച്ച് ഇഗോർ യുക്രൈനിൽ തിരിച്ചെത്തിയതായിരുന്നു.

Summary: Ukraine President Volodymyr Zelensky strips citizenship of three powerful and prominent Jewish oligarchs

TAGS :

Next Story