ഏഴ് മണിക്കൂർ കാറിലിരുത്തി; ചൂട് സഹിക്കാനാകാതെ രണ്ട് വയസുകാരന് ദാരുണാന്ത്യം
കുട്ടിയുടെ മുത്തച്ഛനെ പൊലീസ് അറസ്റ്റ് ചെയ്യുകയും നരഹത്യക്ക് കേസെടുക്കുകയും ചെയ്തു

കാറിനുള്ളിലിരുത്തിയ രണ്ടു വയസുകാരൻ ചൂടേറ്റ് മരിച്ചു. അമേരിക്കയിലെ അലബാമയിലാണ് സംഭവം. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ചൂടേറ്റ് മരിച്ചനിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കുട്ടിയുടെ മുത്തച്ഛനെ പൊലീസ് അറസ്റ്റ്‌ചെയ്യുകയും നരഹത്യക്ക് കേസെടുക്കുകയും ചെയ്തു. 90ഡിഗ്രി താപനിലയുള്ള സമയത്താണ് ഇദ്ദേഹം കുട്ടിയെ കാറിലിരിത്തി പോയത്. എന്നാൽ കുട്ടിയെ ഡേകെയറിൽ ഇറക്കി വിട്ടെന്നാണ് കരുതിയതെന്നും സീറ്റ് ബെൽറ്റ് ധരിപ്പിച്ചത് ശ്രദ്ധയിൽ പെട്ടില്ലെന്നും മുത്തച്ഛൻ പൊലീസിനോട് പറഞ്ഞു.
റോഡ് സൈഡിലുള്ള ഒരു ഡേകെയറിന് മുന്നിലായിരുന്നു വാഹനം പാർക്ക് ചെയ്തത്. എന്നാൽ ഡേകെയർ അധികൃതരുടെ സംരക്ഷണത്തിലായിരുന്നില്ല കുട്ടി എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പിന്നീട് വിശദമായ അന്വേഷണത്തിലാണ് ഏഴ്മണിക്കൂറോളം കുട്ടിയെ കാറിലിരുത്തി മുത്തച്ഛൻ പോയതാണ് എന്ന് കണ്ടെത്തുന്നത്.
കുറച്ച് ദിവസം മുൻപ് ഫ്‌ളോറിഡയിൽ എട്ട്മാസം പ്രായമുള്ള കുഞ്ഞിനെ വീടിനു മുന്നിലെ നിർത്തിയിട്ട വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജൂണിലും സമാന സംഭവമുണ്ടായിരുന്നു. പിതാവ് ജോലിക്ക് പോയപ്പോൾ തന്റെ പിഞ്ചുകുഞ്ഞിനെ കാറിന്റെ പിൻസീറ്റിൽ ഇരുത്തിപ്പോകുകയും തിരിച്ചു വന്നപ്പോഴേക്കും കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തികയും ചെയ്തിരുന്നു.
ഇതോടെ അമേരിക്കയിൽ ഈ വർഷം കാറിലിരുന്ന് ചൂടേറ്റ് മരിച്ച കുട്ടികളുടെ എണ്ണം 27 ആയി. 2021ൽ 23 കുട്ടികളാണ് ചൂടേറ്റ് മരിച്ചത്. അലബാമയിലെ ആദ്യമരണമാണ് ഈ രണ്ടുവയസുകാരന്റേത്. അതേസമയം കുട്ടികളെ കാറിൽ കൊണ്ടുപോകുമ്പോൾ പുറത്തിറങ്ങുന്ന സമയം പിൻസീറ്റ് പരിശോധിക്കണമെന്നും കുട്ടികളോ വളർത്തുമൃഗങ്ങളോ ഇല്ലായെന്ന് ഉറപ്പാക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
Adjust Story Font
16