അമേരിക്കയുടെ ഇറാൻ ആക്രമണം; ഇറാന്റെ തിരിച്ചടി കനക്കുമോ?
പശ്ചിമേഷ്യയിൽ ഇസ്രായേൽ ഏകപക്ഷീയമായി തുടങ്ങിവച്ച സംഘർഷത്തിലേക്ക് ഒടുവിൽ അമേരിക്കയും. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച അറിയിച്ചിരിക്കുന്നത്

പശ്ചിമേഷ്യയിൽ ഇസ്രായേൽ ഏകപക്ഷീയമായി തുടങ്ങിവച്ച സംഘർഷത്തിലേക്ക് ഒടുവിൽ അമേരിക്കയും. ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയതായാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച അറിയിച്ചിരിക്കുന്നത്. ഇസ്രയേലിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ ഫോർദോ ആണവനിലയത്തിന് നേരെ ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചതാണ് റിപ്പോർട്ടുകളുണ്ട്.
ഇസ്രായേലിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു ഒന്നാണ് ഫോർദോ ആണവനിലയത്തിന്റെ സമ്പൂർണ തകർച്ച. പക്ഷെ ഇസ്രായേലിന്റെ കൈവശമുള്ള മിസൈലുകളും ബോംബുകളും കൊണ്ട് ഇത് തകർക്കാനാവില്ല എന്ന വസ്തുത അവർക്കുമുന്നിലുണ്ടായിരുന്നു. അതുകൊണ്ടാണ് പലതരത്തിൽ അമേരിക്കയെ ഈ സംഘർഷത്തിലേക്ക് വലിച്ചിടാനുള്ള ശ്രമവും ഇസ്രായേൽ നടത്തിയിരുന്നത്. കാരണം അമേരിക്കയുടെ ബങ്കർ ബസ്റ്റർ ബോംബുകൾക്ക് മാത്രമാകും മലകൾക്കടിയിൽ അതീവസുരക്ഷയിൽ നിർമിച്ചിരിക്കുന്ന ഫോർദോ നിലയത്തെ ആക്രമിക്കാനാകുക.
എന്നാൽ ഇസ്രായേലിന്റെ കണക്കുകൂട്ടലിനെ തെറ്റിച്ച്, ഇറാനെതിരായ ആക്രമണത്തിൽ പങ്കുചേരണോ എന്നതിൽ തീരുമാനമെടുക്കാൻ രണ്ടാഴ്ചത്തെ സമയം ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഒടുവിൽ ഇപ്പോഴിതാ അപ്രതീക്ഷിതമായി അമേരിക്ക ഇറാനെ ആക്രമിച്ചിരിക്കുന്നു. അമേരിക്കയുടെ പക്കലുള്ള മാസീവ് ഓർഡിനൻസ് പെനട്രേറ്റർ അഥവാ ജിബിയു 57എ/ബി എന്ന ബങ്കർ ബസ്റ്റർ ബോംബാണ് ഫോർദോ ആണവനിലയത്തിൽ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് വിവരം. ഇവ വഹിക്കാൻ ശേഷിയുള്ള ബി-2 വിമാനങ്ങൾ യുഎസിൽ നിന്ന് പുറപ്പെട്ടു എന്ന വാർത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പിന്നാലെയാണ് ആക്രമണവും ഉണ്ടാകുന്നത്.
ഇഷ്ഫഹാൻ, നതാൻസ്, ഫോർദോ എന്നിങ്ങനെ ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളാണ് അമേരിക്ക ലക്ഷ്യമാക്കിയത്. ആറ് ബി-2 ബോംബറുകൾ ഉപയോഗിച്ച് 12 ബങ്കർ ബസ്റ്റർ ബോംബുകളാണ് ഫോർദോയിൽ വർഷിച്ചത് എന്നാണ് സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നത്. ഒപ്പം മുങ്ങിക്കപ്പലുകളിൽനിന്ന് 30 TLAM ക്രൂയിസ് മിസൈലുകളും നതാൻസിനും ഇഷ്ഫഹാനും നേരെ പ്രയോഗിച്ചിട്ടുണ്ട്. ഇതിൽ എന്ത് നാശനഷ്ടം ഉണ്ടായി എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ആണവകേന്ദ്രങ്ങളിൽനിന്ന് റേഡിയേഷനുകൾ ഒന്നും സമീപ രാജ്യങ്ങളിലേക്ക് പടർന്നിട്ടില്ല എന്നാണ് ഗൾഫ് രാജ്യങ്ങൾ പ്രതികരിക്കുന്നത്. അധികം കേടുപാടുകൾ സംഭവിച്ചിട്ടില്ല എന്നാണ് ഇറാനും പറയുന്നത്.
അതേസമയം, സംഘർഷത്തിന്റെ ഭാഗമാകാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ കടുത്ത അമർഷമാണ് അമേരിക്കയിലും പുറത്തും ഉയരുന്നത്. നിരവധി ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ അമേരിക്കൻ നടപടിയെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. അമേരിക്ക ഇറാനെതിരെ നടത്തിയത് സൈനിക കൈയ്യേറ്റമാണെന്നാണ് വെനസ്വേലയുടെ പ്രതികരണം. ക്യൂബയും ചിലിയുമെല്ലാം അമേരിക്കയുടെ നടപടിയെ തള്ളിപറഞ്ഞിട്ടുണ്ട്. ഒപ്പം അമേരിക്കയ്ക്കുള്ളിലും ഡെമോക്രാറ്റ് നേതാക്കളടക്കം ട്രംപിനെതിരെ വിമർശനം ഉന്നയിക്കുന്നുണ്ട്.
അമേരിക്കൻ ജനതയോടും കോൺഗ്രസിനോടും ട്രംപ് മറുപടി പറയണമെന്നാണ് ഡെമോക്രാറ്റ് നേതാവ് ചക്ക് ഷൂമർ ആവശ്യപ്പെടുന്നത്. അമേരിക്കൻ ഭരണഘടനയെ ട്രംപ് അവഗണിച്ചിരിക്കുന്നു എന്നാണ് മുൻ സ്പീക്കർ നാൻസി പെലോസി എക്‌സിൽ കുറിച്ചത്. കോൺഗ്രസിന്റെ അനുമതി ഉണ്ടായിരുന്നില്ലെന്നും നാൻസി പെലോസി ചൂണ്ടിക്കാട്ടുന്നുണ്ട്.
പശ്ചിമേഷ്യയിലെ സംഘർഷത്തിൽ അമേരിക്ക ഭാഗമാകുന്നതിന് എതിരെ നേരത്തെ തന്നെ അമേരിക്കയിൽ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു. ട്രംപിന്റെ make അമേരിക്ക ഗ്രേറ്റ് എഗൈൻ മുന്നേറ്റത്തിൽ അംഗങ്ങളായവർ പോലും അതിനെ എതിർത്തിരുന്നു. ഇനി അറിയേണ്ടത് ഇറാന്റെ പ്രത്യാക്രമണത്തെ കുറിച്ചാണ്.
ഇതുവരെ ഇസ്രായേലി -ഇറാൻ സംഘർഷമായിരുന്നുവെങ്കിൽ അതിലേക്ക് അമേരിക്ക കൂടി നേരിട്ട് പങ്കാളികൾ ആയിരിക്കുകയാണ്. അമേരിക്ക ഇറാനെ ആക്രമിച്ചാൽ മേഖലയിലെ യു എസ് താവളങ്ങൾ ആക്രമിക്കുമെന്ന് നേരത്തെ തന്നെ ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. അതുകൊണ്ടുതന്നെ ഇറാൻ തിരിച്ചടിച്ചേക്കാനുള്ള സാധ്യതകളാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.
Adjust Story Font
16

