Quantcast

അമേരിക്കയും യുറോപ്യന്‍ യൂണിയനും തമ്മില്‍ പുതിയ വ്യാപാര കരാര്‍; കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 15 ശതമാനം തീരുവ

യൂറോപ്യന്‍ യൂണിയന്‍ അധ്യക്ഷയും ട്രംപും തമ്മില്‍ സ്‌കോട്ട്ലന്‍ഡില്‍ വെച്ചുനടന്ന കൂടിക്കാഴ്ചയിലാണ് കരാറില്‍ ധാരണയായത്

MediaOne Logo

Web Desk

  • Updated:

    2025-07-28 05:46:42.0

Published:

28 July 2025 9:12 AM IST

അമേരിക്കയും യുറോപ്യന്‍ യൂണിയനും തമ്മില്‍ പുതിയ വ്യാപാര കരാര്‍; കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 15 ശതമാനം തീരുവ
X

വാഷിംഗ്ടണ്‍: അമേരിക്കയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള പുതിയ വ്യാപാരകരാറുമായി ബന്ധപ്പെട്ട് ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. യൂറോപ്യന്‍ യൂണിയന്‍ അധ്യക്ഷ ഉര്‍സുല വോന്‍ ഡെര്‍ ലെയനും ട്രംപും തമ്മില്‍ സ്‌കോട്ട്ലന്‍ഡില്‍ വെച്ചുനടന്ന കൂടിക്കാഴ്ചയിലാണ് കരാറിനെ സംബന്ധിച്ച് ധാരണയായത്. കരാര്‍ പ്രകാരം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളില്‍ 15 ശതമാനം തീരുവയാണ് അമേരിക്ക ചുമത്തുക.

പടിഞ്ഞാറന്‍ സ്‌കോട്ട്ലന്‍ഡില്‍ സ്ഥിതി ചെയ്യുന്ന ട്രംപിന്റെ ഗോള്‍ഫ് കോഴ്‌സില്‍ വെച്ചായിരുന്നു ചര്‍ച്ചകള്‍ നടന്നത്. നേരത്തെ 50 ശതമാനവും പിന്നെ അത് കുറച്ച് 30 ശതമാനവും തീരുവ ഇടാക്കുമെന്നായിരുന്നു ട്രംപ് ഭീഷണി മുഴക്കിയത്. ഈ തീരുമാനത്തില്‍ മാറ്റമുണ്ടായില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നായിരുന്നു യുറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കിയത്. പിന്നാലെയാണ് സമവായത്തിലെത്തിയത്.

'യൂറോപ്യന്‍ യൂണിയന്‍ അമേരിക്കയില്‍ നിന്നും 750 ബില്യണ്‍ മൂല്യമുള്ള ഊര്‍ജം വാങ്ങും. ഇതിനകം നിക്ഷേപിക്കുന്നതിനേക്കാള്‍ 600 ബില്യണ്‍ ഡോളര്‍ കൂടുതല്‍ അമേരിക്കയിലേക്ക് നിക്ഷേപിക്കാമെന്ന് അവര്‍ ഉറപ്പുനല്‍കി,' ട്രംപ് പറഞ്ഞു. ഓഗസ്റ്റ് ഒന്നുമുതല്‍ യുറോപ്യന്‍ ഇറക്കുമതിക്ക് 30% തീരുവ ചുമത്താനുള്ള യുഎസ് സമയപരിധിക്ക് തൊട്ടുമുമ്പാണ് കരാര്‍. ഈ മാസം ആദ്യം യുറോപ്യന്‍ യൂണിയന്‍ ഉദ്യോഗസ്ഥര്‍ക്ക് അയച്ച കത്തില്‍ ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

താരിഫ് 10% ആക്കണം എന്നതായിരുന്നു യൂറോപ്യന്‍ യൂണിയന്റെ ആവശ്യം. എന്നാല്‍ ഇത് ട്രംപ് അംഗീകരിച്ചില്ല. കരാറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.യൂറോപ്യന്‍ യൂണിയനുമായുള്ള ഈ വ്യാപാരകരാറിനെ 'ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ ഡീല്‍' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

അമേരിക്കയുമായി താരിഫ് ഇല്ലാതെ തന്നെ വ്യാപാരം ചെയ്യാന്‍ എല്ലാ രാജ്യങ്ങള്‍ക്കും സാധിക്കുമെന്നും, യൂറോപ്യന്‍ യൂണിയന് കീഴിലുള്ള രാജ്യങ്ങള്‍ അമേരിക്കയില്‍ നിന്ന് ആയുധങ്ങള്‍ അടക്കമുള്ള സൈനിക ഉപകരണങ്ങള്‍ വാങ്ങാന്‍ സമ്മതിച്ചതായും ട്രംപ് അവകാശപ്പെട്ടു.മാസങ്ങള്‍ നീണ്ട തര്‍ക്കത്തിനൊടുവിലാണ് അമേരിക്കയും യൂറോപ്യന്‍ യൂണിയനും കരാറിലേര്‍പ്പെടാന്‍ ധാരണയായത്.

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാരപങ്കാളിയാണ് അമേരിക്ക. ഇരു ഭാഗത്തിനും ഉപകാരപ്രദമായ ഒരു തീരുമാനത്തിലെത്തി എന്നാണ് വ്യാപാരകരാറിനെക്കുറിച്ച് ഉര്‍സുല വോന്‍ ഡെര്‍ ലെയന്‍ പ്രതികരിച്ചത്.

TAGS :

Next Story