Quantcast

'ഇറാഖിലെ തെറ്റ് ഇറാനിൽ ആവർത്തിക്കുന്നു'; അമേരിക്കക്കെതിരെ ലോകരാജ്യങ്ങൾ

യുഎസ് സൈന്യത്തിന്റെ സുപ്രധാന നേട്ടമാണിതെന്നും ആണവായുധമുണ്ടാക്കാനുള്ള ഇറാന്റെ ശേഷി തകര്‍ക്കുക എന്ന ലക്ഷ്യം വിജയം കണ്ടുവെന്നും ട്രംപ് അവകാശപ്പെടുന്നു.

MediaOne Logo

Web Desk

  • Published:

    22 Jun 2025 6:13 PM IST

ഇറാഖിലെ തെറ്റ് ഇറാനിൽ ആവർത്തിക്കുന്നു; അമേരിക്കക്കെതിരെ ലോകരാജ്യങ്ങൾ
X

'40 വർഷമായി ഇറാൻ 'അമേരിക്കക്ക് മരണം, ഇസ്രായേലിന് മരണം' എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു... അവർ നമ്മുടെ ആളുകളെ കൊന്നു... റോഡരികിൽ ബോംബുകൾ വെച്ച് അവരുടെ കൈകാലുകൾ തകർത്തു... ഞാൻ വളരെ മുൻപേ തീരുമാനിച്ചിരുന്നു, ഇത് തുടരാൻ ഞാൻ അനുവദിക്കില്ല, ഇനി അത് തുടരില്ല...' ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട്‌ ട്രംപ് പറഞ്ഞ വാക്കുകളാണിത്... യുഎസ് സൈന്യത്തിന്റെ സുപ്രധാന നേട്ടമാണിതെന്നും ആണവായുധമുണ്ടാക്കാനുള്ള ഇറാന്റെ ശേഷി തകര്‍ക്കുക എന്ന ലക്ഷ്യം വിജയം കണ്ടുവെന്നും ട്രംപ് അവകാശപ്പെട്ടു... ഇറാന് ഒന്നുകിൽ സമാധാനം അല്ലെങ്കിൽ നാശം എന്ന അന്ത്യശാസനവും നൽകി ട്രംപ്... അമേരിക്കകൂടി പങ്കാളിയായതോടെ യുദ്ധം വലിയൊരു വഴിത്തിരിവിലേക്കാണ് നീങ്ങുന്നത്.

ലോകത്തെ ഞെട്ടിച്ച അപ്രതീക്ഷിത നീക്കത്തിലൂടെ അമേരിക്ക ആക്രമിച്ചത് ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളാണ്. ശനിയാഴ്‌ച വൈകിട്ട് പ്രഖ്യാപിച്ചതനുസരിച്ച് ഫോർദോ, ഇസ്‌ഫഹാൻ, നതാൻസ് എന്നീ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ വിജയകരമായ ആക്രമണം പൂര്‍ത്തിയാക്കി എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിലെ ആദ്യ പോസ്റ്റില്‍ അവകാശപ്പെട്ടത്. ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ യു.എസ് ആക്രമിക്കുമോ എന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ദിവസങ്ങളോളം നിലനിന്നിരുന്നു. പിന്നാലെയാണ് ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ യുഎസിന്റെ നേരിട്ടുള്ള ഇടപെടല്‍ വരുന്നത്.

വ്യോമാക്രമണം യു.എസിന്റെ ഭാഗത്തുനിന്നുള്ള അപകടകരമായ നീക്കമാണെന്നാണ് വിലയിരുത്തൽ. സംഭവം അന്താരാഷ്ട്ര തലത്തിലും വൻ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. യു.​എൻ സുരക്ഷാസമിതി അംഗമായ യു.എസ് യു.എൻ ചാർട്ടറിന്റേയും അന്താരാഷ്ട്ര നിയമങ്ങളുടേയും ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി പ്രതികരിച്ചു. ആക്രമണം വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും ഇറാന്റെ പരമാധികാരവും ജനങ്ങളുടെ താൽപ്പര്യവും സംരക്ഷിക്കാൻ എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇറാന്റെ ഉന്നത സൈനിക നേതാക്കളെ ഇല്ലാതാക്കി കൊണ്ട് ഇസ്രയേല്‍ തുടക്കമിട്ട യുദ്ധത്തിന് നാടകീയ നീക്കത്തിലൂടെയാണ് അമേരിക്ക ഇടപെടൽ നടത്തിയിരിക്കുന്നത്. പശ്ചിമേഷ്യയിൽ ഇനി എന്ത് സംഭവിക്കുമെന്ന് ലോകരാജ്യങ്ങളും ഉറ്റുനോക്കുകയാണ്. യുഎസ് ആക്രമണത്തെ അങ്ങേയറ്റം അപകടകരമെന്നാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വിശേഷിപ്പിച്ചത്. ഇതിനകം പ്രതിസന്ധിയിലായ പശ്ചിമേഷ്യയിൽ ഇത് കൂടുതൽ അപകടമുണ്ടാക്കുമെന്നും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും ഭീഷണിയാണെന്നും ഗുട്ടറസ് പറഞ്ഞു. നയതന്ത്രം മാത്രമാണ് ഈ പ്രതിസന്ധിക്ക് പരിഹാരം. എല്ലാ രാജ്യങ്ങളും യുഎൻ ചാർട്ടർ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അമേരിക്കയുടെ ധാർഷ്ട്യം ആണ് വ്യക്തമായതെന്ന് ഹമാസ് പ്രതികരിച്ചു. ഇറാന്റെ പരമാധികാരത്തിനെതിരായ ഈ ആക്രമണം ഇസ്രായേലിന്റെ അജണ്ടയ്ക്ക് അമേരിക്ക കീഴടങ്ങിയതിന്റെ തെളിവാണ് എന്ന് ഹമാസ് പ്രസ്‌താവനയിൽ പറഞ്ഞു.

ഇറാഖിലെ തെറ്റ് ഇറാനിൽ ആവർത്തിക്കുകയാണോ അമേരിക്ക എന്ന ചോദ്യം ചൈനയുടെ സർക്കാർ മാധ്യമമായ CGTN ഉന്നയിച്ചു. മിഡിൽ ഈസ്റ്റിലെ സൈനിക ഇടപെടലുകൾ നീണ്ടുനിൽക്കുന്ന സംഘർഷങ്ങളും അസ്ഥിരതയും ഉണ്ടാക്കിയിട്ടുണ്ടെന്നും സിജിടിഎൻ ചൂണ്ടിക്കാട്ടുന്നുണ്ട്. നയതന്ത്രമാണ് പരിഹാരമെന്നാണ് ഓസ്‌ട്രേലിയയും ന്യൂസിലാൻഡും ആവർത്തിക്കുന്നത്. മെക്‌സിക്കോയും നയതന്ത്ര പരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

ട്രംപ് രാജ്യത്തെ യുദ്ധത്തിലേക്ക് നയിക്കുകയാണ് എന്ന് യു.എസ്. ഹൗസ് ഓഫ് റെപ്രസന്റേറ്റിവ്‌സിലെ ഡെമോക്രാറ്റ് നേതാവ് ഹക്കീം ജെഫ്രീസ് കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ അനുമതി തേടാതെ നടത്തിയ ഈ ഏകപക്ഷീയ നടപടിയുടെ പ്രത്യാഘാതങ്ങൾ ട്രംപിന്റെ മാത്രം ഉത്തരവാദിത്തം ആയിരിക്കുമെന്നും ഹക്കീം പറയുന്നു.

ഒമ്പത് ദിവസത്തെ യുദ്ധത്തില്‍ ഇറാന്റെ സൈനിക ശേഷിക്ക് കാര്യമായ കോട്ടമുണ്ടാക്കാന്‍ സാധിച്ചുവെന്ന തിരിച്ചറിവിലാണ് അമേരിക്ക രംഗപ്രവേശം നടത്തിയിരിക്കുന്നതെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങൾ വിലയിരുത്തുന്നത്.

അതേസമയം, ഇറാനെതിരായ അമേരിക്കൻ നീക്കങ്ങൾക്ക് പിന്നാലെ ശക്തമായ തിരിച്ചടികളുണ്ടാകുമെന്ന മുന്നറിയിപ്പ് ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനിലൂടെ നൽകിയിട്ടുണ്ട്. മിഡിൽ ഈസ്റ്റിലെ ഓരോ അമേരിക്കൻ പൗരനും സൈനിക ഉദ്യോഗസ്ഥരും ഇറാന്റെ പ്രതികാര ലക്ഷ്യത്തിലുൾപ്പെടുന്നതായി ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ മുന്നറിയിപ്പ് നൽകിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഹോര്‍മുസ് കടലിടുക്ക് അടക്കാനും യുഎസ് നാവികസേനാ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്താനും ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയുടെ ഒരു പ്രധാന ഉപദേഷ്‌ടാവ് നിർദേശം നൽകിയതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അമേരിക്കയുടെ ആക്രമണത്തിന് ശേഷം ഇപ്പോള്‍ നമ്മുടെ ഊഴമാണ്' എന്നുപറഞ്ഞുള്ള ഖാംനഇയുടെ ഉപദേഷ്‌ടാവിന്റെ സന്ദേശം പുറത്തുവന്നതായും റിപ്പോർട്ടുകളുണ്ട്.

TAGS :

Next Story