അമേരിക്കയിൽ കുട്ടികളുടെ പാർക്കിൽ വെടിവെപ്പ്; എട്ടുവയസുകാരനടക്കം നിരവധി പേർക്ക് പരിക്ക്
ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ആക്രമണം നടന്നത്

വാഷിങ്ടൺ: യു.എസിൽ കുട്ടികളുടെ വാട്ടർപാർക്കിൽ നടന്ന വെടിവെപ്പിൽ എട്ടുവയസുകാരനുൾപ്പടെ നിരവധി പേർക്ക് പരിക്ക്.റോച്ചസ്റ്റർ ഹിൽസിലെ ബ്രൂക്ക്ലാൻഡ്സ് പ്ലാസ സ്പ്ലാഷ് പാഡിൽ നടന്ന വെടിവയ്പിൽ പത്തോളം പേർക്കാണ് പരിക്കേറ്റതെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെടിവെപ്പിന് ശേഷം സമീപത്തെ വീടിനുള്ളിൽ ഒളിച്ചിരുന്ന അക്രമിയെ പൊലീസ് വളഞ്ഞതായി ഓക്ലാൻഡ് കൗണ്ടി ഷെരീഫ് മൈക്കൽ ബൗച്ചാർഡ് പറഞ്ഞു. ആളുകളോട് പ്രദേശത്ത് നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ്അറിയിച്ചു.
ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ സ്പ്ലാഷ് പാഡിലെത്തിയ പ്രതി വാഹനത്തിൽ നിന്ന് ഇറങ്ങിയ ശേഷം വെടിയുതിർക്കുകയായിരുന്നുവെന്ന് ഓക്ലാൻഡ് കൗണ്ടി ഷെരീഫ് പറഞ്ഞു. 28 തവണയോളം പ്രതി പാർക്കിലേക്ക് വെടിയുതിർത്തിട്ടുണ്ട്.
വെടിവയ്പ്പിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.വെടിവെപ്പ് നടന്ന സ്ഥലം പൊലീസ് സുരക്ഷയിലാണ്. അമേരിക്കയിൽ ഈ വർഷം ഇതുവരെ 215-ലധികം കൂട്ട വെടിവയ്പ്പുകൾ നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Adjust Story Font
16

