Quantcast

ഗൾഫ്​ മേഖലയിൽ സംഘർഷം വ്യാപിക്കുന്നത്​ തടയാൻ ഗൾഫ്​ രാജ്യങ്ങളുടെ പിന്തുണ തേടി ആന്‍റണി ബ്ലിങ്കന്‍

ഗസ്സയിലെ ജനതക്ക്​ കൂടുതൽ സഹായം ഉറപ്പു വരുത്താൻ സാധ്യമായ എല്ലാ നടപടിയും തുടരുമെന്നും ഗൾഫ്​ രാജ്യങ്ങൾക്ക്​ അമേരിക്ക ഉറപ്പ്നൽകി

MediaOne Logo

Web Desk

  • Published:

    6 Feb 2024 1:23 AM GMT

antony blinken
X

ആന്‍റണി ബ്ലിങ്കന്‍

തെല്‍ അവിവ്: ഗൾഫ്​ മേഖലയിൽ സംഘർഷം വ്യാപിക്കുന്നത്​ തടയാൻ സൗദി അറേബ്യ ഉൾപ്പെടെ ഗൾഫ്​ രാജ്യങ്ങളുടെ പിന്തുണ തേടി യു.എസ്​ സ്റ്റേറ്റ്​ സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍. ഗസ്സയിലെ ജനതക്ക്​ കൂടുതൽ സഹായം ഉറപ്പു വരുത്താൻ സാധ്യമായ എല്ലാ നടപടിയും തുടരുമെന്നും ഗൾഫ്​ രാജ്യങ്ങൾക്ക്​ അമേരിക്ക ഉറപ്പ്നൽകി​. ഗസ്സയിൽ ഹമാസിനെതിരായ യുദ്ധം നിർണായക ഘട്ടത്തിലെന്ന്​ ഇസ്രായേൽ സൈന്യം അറിയിച്ചു. അതേസമയം സിറിയയിലെ യു.എസ്​ സൈനിക കേന്ദ്രത്തിനു നേർക്ക്​ വീണ്ടും ആക്രമണമുണ്ടായി. യുനർവ ജീവനക്കാർക്കു നേരെയുള്ള ഇസ്രായേൽ ആരോപണം അന്വേഷിക്കാൻ യു.എൻ സെക്രട്ടറി ജനറൽ സ്വതന്ത്ര ആഗോള സമിതിക്ക്​ രൂപം നൽകി.

ഗസ്സ യുദ്ധം ഗൾഫ്​ മേഖലയിലേക്ക്​ പടരുന്നത്​ തടയാൻ എല്ലാവിധ പിന്തുണയും വേണമെന്ന്​ ബ്ലിങ്കന്‍ ആവശ്യപ്പെട്ടു. പശ്​ചിമേഷ്യൻ സന്ദർശനഭാഗമായി സൗദി അറേബ്യയിലെത്തിയ ബ്ലിൻകൻ യെമനിൽ ഹൂതികൾക്കെതിരെ അമേരിക്ക നടത്തിയ ആക്രമണം ആഗോള സമുദ്ര വാണിജ്യം സംരക്ഷിക്കാനുള്ള നീക്കത്തിന്‍റെ മാത്രം ഭാഗമാണെന്ന്​ വിശദീകരിച്ചു. സിറിയ, ഇറാഖ്​, യെമൻ എന്നിവിടങ്ങളിൽ ഇറാൻ അനുകൂല സായുധവിഭാഗങ്ങൾ നടത്തുന്ന വിധ്വംസക നടപടികൾ മേഖലയുടെ സുരക്ഷക്ക്​ കൂടി വെല്ലുവിളിയാണെന്നും ബ്ലിൻകൻ പ്രതികരിച്ചു. അതേ സമയം ഗസ്സയിൽ തുടരുന്ന യുദ്ധത്തിന്​ അറുതി വേണമെന്നും ഫലസ്​തീൻ ജനതക്ക്​ കൂടുതൽ സഹായം ഉറപ്പു വരുത്താൻ അടിയന്തര നീക്കം ഉണ്ടാകണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു. ഖത്തർ നേതാക്കളുമായി വെടിനിർത്തൽ പുരോഗതി സംബന്​ധിച്ച്​ ഇന്ന്​ ബ്ലിൻകൻ ചർച്ച നടത്തും.

നാലു മാസത്തേക്ക്​ വെടിനിർത്തൽ ഉറപ്പാക്കാൻ ഇസ്രായേൽ നേതാക്കൾക്കു മേൽ അമേരിക്ക സമ്മർദം തുടരുന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. വെടിനിർത്തൽ തഴന്നയാണ്​ ബ്ലിങ്കന്‍റെ പശ്​ചിമേഷ്യൻ സന്ദർശനത്തി​ന്‍റെ പ്രധാന ലക്ഷ്യമെന്നും യു.എസ്​ സ്​റ്റേറ്റ്​ വകുപ്പ്​ വ്യക്​തമാക്കിയിരുന്നു. നാളെയാണ്​ ബ്ലിൻകൻ ഇസ്രായേൽ നേതാക്കളുമായി ചർച്ച നടത്തുന്നത്​. ഹമാസി​ന്‍റെ വെടിനിർത്തൽ ഉപാധികൾ ഒട്ടും സ്വീകാര്യമല്ലെന്ന്​ നെതന്യാഹു ഇന്നലെ അറിയിച്ചിരുന്നു. ഗസ്സയിൽ ഹമാസിനു മേൽ കടുത്ത സമ്മർദം രൂപപ്പെടുത്തുന്നതിൽ സൈന്യം വിജയിക്കുന്നതായി ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ്​ ഗാലന്‍റും പ്രതികരിച്ചു. എന്നാൽ പ്രതിരോധം അജയ്യമാണെന്നും ഇസ്രായേൽ പരാജയ​പ്പെടുകയാണെന്നും ഹമാസ്​ നേതൃത്വം വ്യക്​തമാക്കി.

യു.എൻ അഭയാർഥി ഏജൻസിയായ യുനർവക്കു നേരെയുള്ള ഇസ്രായേൽ ആരോപണം അന്വേഷിക്കാൻ സ്വതന്ത്ര ആഗോള സമിതിക്ക്​ രൂപം നൽകി. യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസാണ്​ പ്രഖ്യാപനം നടത്തിയത്​. ഒക്​ടോബർ ഏഴി​ന്‍റെ ആ​ക്രമണത്തിൽ ചില യുനർവ ജീവനക്കാരും ഹമാസിനൊപ്പം പങ്കുചേർന്നു എന്ന ആരോപണത്തെ തുടർന്ന്​ ഏജൻസിക്കുള്ള ഫണ്ട്​ നിർത്തി വെക്കാൻ അമേരിക്ക ഉൾപ്പെടെ ഇസ്രായേൽ അനുകൂല രാജ്യങ്ങൾ തീരുമാനിച്ചത്​ വലിയ പ്രതിസന്​ധിക്കിടയാക്കിയ സാഹചര്യത്തിലാണ്​ യു.എൻ ഇടപെടൽ. കഴിഞ്ഞ ദിവസം 36 ഹുതി കേന്ദ്രങ്ങളിൽ ​​ആക്രമണം നടത്തിയതായി പെന്‍റഗണ്‍ അറിയിച്ചു. മേഖലയെ അസ്​ഥിരപ്പെടുത്താനുള്ള നീക്കം അനുവദിക്കില്ലെന്നും ഹൂതികൾക്ക്​ അമേരിക്കയുടെ മുന്നറിയിപ്പ്​. സി​റി​യ​യി​ലെ യു.​എ​സ് സൈ​നി​ക ക്യാ​മ്പി​ലു​ണ്ടാ​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ആ​റ് കു​ർ​ദ് പോ​രാ​ളി​ക​ൾ കൊ​ല്ല​പ്പെ​ട്ട സംഭവം ഗൗരവത്തിലാണ്​ കാണുന്നതെന്നും പെന്‍റഗണ്‍. പുതുതായി 113 പേർ കൂടി കൊല്ലപ്പെട്ട ഗസ്സയിൽ ആകെ മരണം 27, 478 ആയി.

TAGS :

Next Story