Quantcast

'മുസ്‌ലിംകളെ വ്യക്തമായി പുറത്തുനിർത്തുന്നു'; പൗരത്വ നിയമത്തിനെതിരെ യു.എസ് മതസ്വാതന്ത്ര്യ കമ്മീഷൻ

പീഡിപ്പിക്കപ്പെടുന്ന മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാണ് നിയമം യഥാർത്ഥത്തിൽ ലക്ഷ്യമിടുന്നതെങ്കിൽ, അതിൽ റോഹിങ്ക്യൻ മുസ്‌ലിംകളും അഹമ്മദിയ മുസ്‌ലിംകളും ഹസാര ഷിയയും ഉൾപ്പെടുമായിരുന്നുവെന്നും യു.എസ് മതസ്വാതന്ത്ര്യ കമ്മീഷണർ

MediaOne Logo

Web Desk

  • Updated:

    2024-03-26 10:35:57.0

Published:

26 March 2024 9:51 AM GMT

US Commission on International Religious Freedom (USCIRF) against the Indian governments Citizenship Amendment Act.
X

ഇന്ത്യൻ സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനായുള്ള യു.എസ് കമ്മീഷൻ(യു.എസ്.സി.ഐ.ആർ.എഫ്). മതത്തിന്റെയോ വിശ്വാസത്തിന്റെയേ അടിസ്ഥാനത്തിൽ ആർക്കും പൗരത്വം നിഷേധിക്കപ്പെടരുതെന്ന് ചൂണ്ടിക്കാട്ടിയാണ് യു.എസ് കമ്മീഷൻ വിമർശനമുന്നയിച്ചത്.

ഇന്ത്യയിൽ അഭയം തേടുന്നവർക്കിടയിൽ സി.എഎ മതം കൊണ്ടുവരുന്നുവെന്നും നിയമം മുസ്‌ലിംകളെ പുറത്തുനിർത്തുന്നുവെന്നും യു.എസ് മതസ്വാതന്ത്ര്യ കമ്മീഷണർ സ്റ്റീഫൻ ഷ്‌നെക്ക് തിങ്കളാഴ്ച പുറത്തുവിട്ട പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

പീഡിപ്പിക്കപ്പെടുന്ന മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാണ് നിയമം യഥാർത്ഥത്തിൽ ലക്ഷ്യമിടുന്നതെങ്കിൽ, അതിൽ ബർമ്മ(മ്യാന്മർ)യിൽ നിന്നുള്ള റോഹിങ്ക്യൻ മുസ്‌ലിംകളും പാകിസ്താനിൽ നിന്നുള്ള അഹമ്മദിയ മുസ്‌ലിംകളും അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഹസാര ഷിയയും ഉൾപ്പെടുമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ മതസ്വാതന്ത്ര്യ പ്രശ്നങ്ങൾ തുറന്നുകാട്ടുന്നത് തുടരാനും ഭരണകൂട പ്രതിനിധികളുമായുള്ള ചർച്ചകളിലും പ്രധാനമായി കോൺഗ്രസ് പ്രതിനിധികളുമായുള്ള ചർച്ചകളിലും മതസ്വാതന്ത്ര്യം ഉൾപ്പെടുത്താനും കോൺഗ്രസ് അംഗങ്ങളോട് യു.എസ്.സി.ഐ.ആർ.എഫ് അഭ്യർത്ഥിച്ചു.

ശ്രീലങ്കയിൽനിന്നുള്ള തമിഴ് അഭയാർത്ഥികളും ചൈനയിൽ നിന്നുള്ള ഉയ്ഗൂർ, തുർക്കിക് മുസ്‌ലിംകളും അടക്കം മുസ്‌ലിം ഇതര ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്ന് പലായനം ചെയ്യുന്നവർ പൗരത്വം നിയമത്തിൽ ഉൾപ്പെടുന്നില്ലെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

'സിഎഎ നിയമം പാസാക്കി വന്ന് നാല് വർഷത്തിലേറെയായി, ഉമർ ഖാലിദ്, ഷർജീൽ ഇമാം, മീരാൻ ഹൈദർ തുടങ്ങി നിരവധി വിദ്യാർഥി ആക്ടിവിസ്റ്റുകൾ സമാധാനപരമായി പ്രതിഷേധിച്ചതിന് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (യു.എ.പി.എ) നിയമപ്രകാരം ഇപ്പോഴും ജയിലിൽ കഴിയുന്നു'വെന്ന് യു.എസ്.സി.ഐ.ആർ.എഫ്. കമ്മീഷണർ ഡേവിഡ് കറി ചൂണ്ടിക്കാട്ടി. മതന്യൂനപക്ഷങ്ങൾക്കുവേണ്ടി വാദിച്ചതിന് ഏകപക്ഷീയമായി തടവിലാക്കിയ മനുഷ്യാവകാശ പ്രവർത്തകരെ മോചിപ്പിക്കാൻ ഇന്ത്യൻ അധികൃതരോട് ആവശ്യപ്പെടണമെന്നും യു.എസ്.സി.ഐ.ആർ.എഫ് യുഎസ് ഭരണകൂടത്തോട് അഭ്യർത്ഥിച്ചു.

2019 ഡിസംബർ 11-നാണ് ഇന്ത്യൻ പാർലമെന്റ് പൗരത്വനിയമം പാസാക്കിയത്. 2024 മാർച്ച് 11ന് പൗരത്വഭേദഗതി നിയമം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ചെയ്യുകയും ചെയ്തു. 2014 ഡിസംബർ 31ന് മുമ്പ് രാജ്യത്തെത്തിയ പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ള ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതക്കാർക്കാണ് പൗരത്വ നിയമപ്രകാരം ഇന്ത്യൻ പൗരത്വം നൽകുക. 2021ലെ പട്ടാള അട്ടിമറിയെത്തുടർന്ന് മ്യാന്മറിൽ നിന്നെത്തിയ അഭയാർഥികളെ നാടുകടത്താൻ ഇന്ത്യൻ സർക്കാർ നീക്കം നടത്തുകയാണ്. ഈ സാഹചര്യത്തിൽ കൂടിയാണ് 2014 ഡിസംബർ 31-ന് മുമ്പ് പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നെത്തിയവർക്ക് മാത്രം പൗരത്വം കൊടുക്കുന്നത്.

എന്നാൽ സി.എ.എയിലൂടെ പൗരത്വമില്ലായ്മയെന്ന പ്രശ്നത്തെ പരിഹരിക്കുകയും മനുഷ്യാവകാശങ്ങളെ പിന്തുണയ്ക്കുകയുമാണ് തങ്ങൾ ചെയ്യുന്നതെന്നാണ് ഇന്ത്യൻ സർക്കാർ അവകാശപ്പെടുന്നത്. സി.എ.എ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ഇന്ത്യയിലെ മനുഷ്യാവകാശ രേഖയെക്കുറിച്ച് പ്രതികരിക്കാൻ യുഎസ്സിഐആർഎഫിന്റെ അവകാശമില്ലെന്ന് ഇന്ത്യ നേരത്തെ പറഞ്ഞിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രാധീർ ജയ്സ്വാൾ പറഞ്ഞു.

വിദേശത്തെ മതസ്വാതന്ത്ര്യം നിരീക്ഷിക്കാനും വിശകലനം ചെയ്യാനും റിപ്പോർട്ടുചെയ്യാനും യുഎസ് കോൺഗ്രസ് സ്ഥാപിച്ച ഒരു സ്വതന്ത്ര, ഉഭയകക്ഷി ഫെഡറൽ ഗവൺമെന്റ് സ്ഥാപനമാണ് യു.എസ്.സി.ഐ.ആർ.എഫ്. മതസ്വാതന്ത്ര്യത്തിലെ അതിരുകടന്ന ലംഘനങ്ങൾ മൂലം പ്രത്യേക ഉത്കണ്ഠയുള്ള രാജ്യമായി ഇന്ത്യയെ കണക്കാക്കണമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റിനോട് 2023ലെ വാർഷിക റിപ്പോർട്ടിൽ യു.എസ്.സി.ഐ.ആർ.എഫ് ശിപാർശ ചെയ്തിരുന്നു. ഇന്ത്യയിലെ മതസ്വാതന്ത്ര്യലംഘനങ്ങൾ അറിയാനും ഇന്ത്യൻ സർക്കാരുമായി ചേർന്ന് യു.എസ് ഭരണകൂടത്തിന് അവ എങ്ങനെ പരിഹരിക്കാമെന്ന് ആലോചിക്കാനും 2023 സെപ്തംബറിൽ യു.എസ്.സി.ഐ.ആർ.എഫ് ഹിയറിങും നടത്തിയിരുന്നു. സിഎഎയെയും അതിന്റെ പ്രത്യാഘാതങ്ങളെയും കുറിച്ച് യു.എസ്.സി.ഐ.ആർ.എഫ് ഫാക്ട്ഷീറ്റ് പ്രസിദ്ധീകരിച്ചിരുന്നു.

അതേസമയം, രാജ്യത്തിന്റെ മതേതര നിലപാടിന് വിരുദ്ധമായി മതം നോക്കി പൗരത്വം നൽകുന്ന നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടന്നുവരികയാണ്. സി.എ.എ പാസാക്കിയതിന് ശേഷം രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം ശക്തമായിരിക്കുകയുമാണ്.

US Commission on International Religious Freedom (USCIRF) against the Indian government's Citizenship Amendment Act.

TAGS :

Next Story