മീമുകളിലൂടെ ചിരിപ്പിക്കാൻ 'ചീംസ്' ഇനിയില്ല; വൈറൽ മീം നായ കാൻസറിന് കീഴടങ്ങി
ചീംസിന്റെ വിയോഗ വാർത്ത ഉടമസ്ഥർ തന്നെയാണ് പുറത്ത് വിട്ടത്

ഹോങ്കോങ്: സോഷ്യൽമീഡിയകളിലെ മീമുകളിലൂടെ പ്രശസ്തനാണ് ചീംസ് എന്ന നായക്കുട്ടി. മീമുകളിലൂടെ ചിരിപ്പിക്കാൻ ഇനി 'ചീംസ്' എന്ന നായക്കുട്ടി ഉണ്ടാകില്ലെന്ന വാർത്തയാണ് കഴിഞ്ഞദിവസം പുറത്ത് വന്നത്. 12 ാം വയസിൽ രക്താർബുദം ബാധിച്ചാണ് ചീംസ് മരിച്ചത്. ചികിത്സയിലായിരുന്ന ചീംസ് വെള്ളിയാഴ്ച ശസ്ത്രക്രിയക്കിടെയാണ് മരിച്ചത്. ഷിബ ഇനു വിഭാഗത്തിൽപ്പെട്ട ചീംസിന്റെ യഥാർഥ പേര് ബോൾട്ട്‌സെ എന്നാണ്.
ചീംസിന്റെ ഇസ്റ്റഗ്രാം പോസ്റ്റുകളും ഫോട്ടോകളും വൈറലായിരുന്നു. ചീംസിന്റെ വിയോഗ വാർത്ത ഉടമസ്ഥർ തന്നെയാണ് പുറത്ത് വിട്ടത്. ആറുവർഷം മുമ്പ് വെറുതെ ഒരു രസത്തിന് വേണ്ടി സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഇടം കണ്ണിട്ട് കള്ളച്ചിരിയുമായി നിൽക്കുന്ന ചീംസിന്റെ ഫോട്ടോ ഏറെ വൈറലായി.2010ലാണ് ചീംസ് മീം ലോകത്തെ പ്രിയപ്പെട്ടവനായി മാറിയത്.
തുടർന്ന് ഉടമസ്ഥർ ചീംസിന് വേണ്ടി സോഷ്യൽമീഡിയ അക്കൗണ്ട് തുടങ്ങി. ഏഴര ലക്ഷത്തോളം ഫോളോവേഴ്‌സാണ് ചീംസിന് ഇൻസ്റ്റഗ്രാമിലുള്ളത്. 2022 ഡിസംബറിലാണ് ചീംസിന് അർബുദം സ്ഥിരീകരിച്ചത്. രക്താർബുദം ബാധിച്ച ചീംസിന് കീമോ തെറാപ്പിയടക്കം നൽകിയിരുന്നു. ശസ്ത്രക്രിയക്കിടെയാണ് ചീംസ് മരിക്കുന്നത്. ചീംസിന് ആദരാഞ്ജലികൾ അർപ്പിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. പ്രയാസ സമയങ്ങളിൽ ചിരിപ്പിച്ചതിന് ഒരുപാട് നന്ദിയെന്നാണ് ചിലർ വിയോഗവാർത്തക്ക് കീഴെ കമന്റ് ചെയ്തത്.
Adjust Story Font
16

