Quantcast

ഒരാഴ്ചയ്ക്കിടെ സെലൻസ്‌കി മരണമുഖത്തുനിന്ന് രക്ഷപ്പെട്ടത് മൂന്നു തവണ; കൊല്ലാനെത്തിയത് സിറിയൻ, ചെചൻ യുദ്ധങ്ങളിൽ ഭാഗമായ വിദഗ്ധ സംഘങ്ങൾ

വിദഗ്ധ കൊലയാളി സംഘങ്ങളായ റഷ്യൻ പാരാമിലിട്ടറി വാഗ്നർ ഗ്രൂപ്പ്, ചെച്‌നിയൻ പാരാമിലിട്ടറി കദിറോവ്റ്റ്‌സി എന്നിവയുടെ നേതൃത്വത്തിലാണ് വധശ്രമം നടന്നത്

MediaOne Logo

Web Desk

  • Published:

    4 March 2022 11:25 AM GMT

ഒരാഴ്ചയ്ക്കിടെ സെലൻസ്‌കി മരണമുഖത്തുനിന്ന് രക്ഷപ്പെട്ടത് മൂന്നു തവണ; കൊല്ലാനെത്തിയത് സിറിയൻ, ചെചൻ യുദ്ധങ്ങളിൽ ഭാഗമായ വിദഗ്ധ സംഘങ്ങൾ
X

റഷ്യൻ ആക്രമണം തുടങ്ങിയതിനു പിന്നാലെ യുക്രൈൻ പ്രസിഡന്റ് വ്‌ളാദ്മിർ സെലൻസിയെ ലക്ഷ്യമിട്ട് നിരവധി തവണ വധശ്രമനീക്കം നടന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നു തവണയാണ് വധശ്രമങ്ങളിൽനിന്ന് സെലൻസ്‌കി രക്ഷപ്പെട്ടതെന്ന് 'ദ ടൈംസ്' റിപ്പോർട്ട് ചെയ്തു. നീക്കം മണത്തറിഞ്ഞ് യുക്രൈൻ സുരക്ഷാസേന മൂന്നു ശ്രമങ്ങളും പരാജയപ്പെടുത്തുകയായിരുന്നു.

തുണയായത് റഷ്യയിലെ യുദ്ധവിരുദ്ധർ

റഷ്യൻ പാരാമിലിട്ടറി വിഭാഗമായ വാഗ്നർ ഗ്രൂപ്പ്, ചെച്‌നിയൻ പാരാമിലിട്ടറി സംഘമായ കദിറോവ്റ്റ്‌സി എന്നിവയുടെ നേതൃത്വത്തിലാണ് വധശ്രമം നടന്നതെന്ന് ദ ടൈംസ് റിപ്പോർട്ടിൽ പറയുന്നു. സംഘത്തെ അയച്ച വിവരം റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസിൽ(എഫ്.എസ്.ബി) യുദ്ധവിരുദ്ധ നിലപാടുള്ള ഒരു വിഭാഗം യുക്രൈൻ വൃത്തങ്ങൾക്ക് രഹസ്യവിവരം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സുരക്ഷാവിഭാഗത്തിന്റെ കടുത്ത ജാഗ്രതയിലാണ് സെലൻസ്‌കിയെ രക്ഷിക്കാനായതെന്ന് യുക്രൈൻ നാഷനൽ സെക്യൂരിറ്റി ആൻഡ് ഡിഫൻസ് കൗൺസിൽ സെക്രട്ടറി ഒലെക്‌സി ദാനിലോവ് വെളിപ്പെടുത്തി.

സിറിയൻ ആഭ്യന്തര യുദ്ധമടക്കം വിവിധ സൈനിക നടപടികളുടെ ഭാഗമായ സംഘമാണ് വാഗ്നർ ഗ്രൂപ്പ്. 2014 മുതൽ 2015 വരെ സിറിയൻ ഭരണകൂടത്തിനു വേണ്ടിയായിരുന്നു വാഗ്നർ സംഘത്തിന്റെ ഓപറേഷൻ. ഡോൺബാസ് യുദ്ധത്തിലും വിമതവിഭാഗങ്ങൾക്കു വേണ്ടി സംഘം ആയുധമെടുത്തിരുന്നു. യുക്രൈനിലെ സ്വയം പ്രഖ്യാപിത ഡോണെസ്‌ക്, ലുഹാൻസ്‌ക് പീപ്പിൾസ് റിപബ്ലിക്കുകളിലെ വിമതസേനകളെ സഹായിക്കാനായിരുന്നു വാഗ്നർ ഗ്രൂപ്പ് എത്തിയത്.

മുൻ ചെചൻ നേതാവ് അഹ്മദ് കദിറോവിന്റെ നേതൃത്വത്തിലുള്ള വിമതസൈന്യത്തിന്റെ ഭാഗമായി രൂപീകരിക്കപ്പെട്ടതാണ് കദിറോവ്റ്റ്‌സി. ചെചൻ യുദ്ധത്തിലടക്കം ഭാഗമായ സംഘം ഇപ്പോൾ ചെചൻ റിപബ്ലിക് തലവന്റെ സുരക്ഷാ വിഭാഗമായാണ് പ്രധാനമായും പ്രവർത്തിക്കുന്നത്.

വധശ്രമം പൊളിച്ചത് ഇങ്ങനെ

സെലൻസ്‌കിയെ വധിക്കാനായി തലസ്ഥാനമായ കിയവ് വരെ ഇരുസംഘങ്ങളും എത്തിയിരുന്നുവെന്നാണ് ഒലെക്‌സി ദാനിലോവ് പറഞ്ഞത്. കഴിഞ്ഞ ശനിയാഴ്ച കദിറോവ്റ്റ്‌സി സം ഘത്തെ കിയവിൽ യുക്രൈൻ സൈന്യം വധിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. രഹസ്യനീക്കം യുക്രൈൻ അറിഞ്ഞതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഗ്നർ കൊലയാളി സംഘം പിന്മാറുകയായിരുന്നു.

യുദ്ധം ആരംഭിച്ചതിനു പിന്നാലെ രക്ഷപ്പെടാനുള്ള മാർഗം ഒരുക്കിത്തരാമെന്ന് അമേരിക്ക സെലൻസ്‌കിയോട് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, വാഗ്ദാനം അദ്ദേഹം നിരസിക്കുകയായിരുന്നു. യുദ്ധം നടക്കുന്നത് ഇവിടെയാണെന്നും ഇപ്പോൾ എങ്ങോട്ടും രക്ഷപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും സെലൻസ്‌കി യു.എസ് വൃത്തങ്ങളോട് പ്രതികരിച്ചു. ആയുധങ്ങൾ നൽകി തങ്ങളെ സഹായിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Summary: Ukraine's President Volodymyr Zelensky has survived three assassination attempts since the Russian invasion began last week

TAGS :

Next Story