ഇസ്രായേൽ പാർലമെന്റ് പിരിച്ചുവിടാനുള്ള പ്രതിപക്ഷത്തിന്റെ ആവശ്യത്തിൽ വോട്ടെടുപ്പ്
120 അംഗ നെസറ്റിൽ 68 പേരുടെ പിന്തുണയോടെയാണ് നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി ഭരണം നടത്തുന്നത്. ഇതിൽ ഏഴ് അംഗങ്ങളുള്ള യുണൈറ്റഡ് തോറ ജൂതമത ബ്ലോക്കിന്റെ പിന്തുണ നേടാൻ പ്രതിപക്ഷം ശ്രമിക്കുകയാണ്

ജറുസലേം: നിർബന്ധിത സൈനികസേവനത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഇസ്രായേൽ പാർലമെന്റ് പിരിച്ചുവിടുന്നതിനുള്ള പ്രാഥമിക വോട്ടെടുപ്പ് ഇന്ന് നടക്കും. ഇത് വിജയിച്ചാൽ പെട്ടെന്നുള്ള തെരഞ്ഞെടുപ്പിന് വഴിയൊരുക്കും. പ്രതിപക്ഷം പ്രധാനമായും മധ്യപക്ഷ, ഇടതുപക്ഷ ഗ്രൂപ്പുകളാണ് ഉൾക്കൊള്ളുന്നതെങ്കിലും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാകാരിനെ പിന്തുണയ്ക്കുന്ന ഓർത്തഡോക്സ് പാർട്ടികളും പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് കരുതപ്പെടുന്നു. ജൂതരുടെ വിശുദ്ധ ഗ്രന്ഥമായ തോറ പഠിക്കുന്ന യഷിവ വിദ്യാർഥികളെ സൈനിക സേവനത്തിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഭരണകൂടം പരിഗണിക്കാതിരുന്നതോടെയാണ് തീവ്ര യാഥാസ്ഥിതിക 'ഹരേദി' പാർട്ടിയായ യുനൈറ്റഡ് തോറ ജൂദായിസം പാർട്ടി (യുടിജെ) ഭരണമുന്നണി വിടാൻ തീരുമാനിച്ചത്. ഇതോടെ, നെതന്യാഹു ഗവൺമെൻ്റ് നിലംപൊത്താനുള്ള സാധ്യത ശക്തമായി.
ഇന്ന് നടക്കുന്ന പ്ലീനത്തിൽ ബിൽ ഭൂരിപക്ഷം നേടിയാൽ നെസെറ്റ് പിരിച്ചുവിടാൻ മൂന്ന് റൗണ്ട് വോട്ടെടുപ്പ് കൂടി ആവശ്യമായി വരും. ഇസ്രായേലി പാർലമെൻ്റായ നെസറ്റ് പിരിച്ചുവിടാൻ ആവശ്യപ്പെടുന്ന ബിൽ അവതരിപ്പിക്കാൻ യുടിജെയിലെ ഒരു വിഭാഗത്തിൻ്റെ നേതൃത്വം തങ്ങളുടെ പ്രതിനിധികൾക്ക് നിർദേശം നൽകി. ഇതേത്തുടർന്ന് ഇന്ന് നെസറ്റ് പിരിച്ചുവിടാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള ബിൽ സമർപ്പിക്കുമെന്ന് പ്രതിപക്ഷത്തെ യെഷ് അതിദ്, യിസ്രയേൽ ബെയ്‌നു പാർട്ടികളും വ്യക്തമാക്കി.
120 അംഗ നെസറ്റിൽ 68 പേരുടെ പിന്തുണയോടെയാണ് നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി ഭരണം നടത്തുന്നത്. ഇതിൽ ഏഴ് അംഗങ്ങളുള്ള യുണൈറ്റഡ് തോറ ജൂതമത ബ്ലോക്കിന്റെ പിന്തുണ നേടാൻ പ്രതിപക്ഷം ശ്രമിക്കുകയാണ്. മതവിദ്യാർഥികളെ നിർബന്ധിത സേവനത്തിൽ നിന്ന് ഒഴിവാക്കണമെന്ന നിലപാടുള്ള മറ്റൊരു ഹരേദി യാഥാസ്ഥിതികരായ ഷാസ് പാർട്ടിയും ഭരണകക്ഷിയുടെ ഭാഗമാണ്. 11 സീറ്റുകളുള്ള ഇവർ കൂടി പിന്തുണ പിൻവലിച്ചാൽ നെതന്യാഹു ഭരണകൂടം വീഴുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഷാസ് പാർട്ടി ബില്ലിനെ പിന്തുണയ്ക്കുമോ എന്ന് വ്യക്തമല്ല. ഇസ്രായേലിലെ 10 ദശലക്ഷം പൗരന്മാരിൽ ഏകദേശം 13% ഹാരെദിമുകളാണ്. മതപരമായ കാരണങ്ങളാൽ സൈനിക സേവനത്തെ അവർ എതിർക്കുന്നു. തോറ പഠിക്കുന്നത് അവരുടെ പ്രാഥമിക കടമയാണെന്നും മതേതര സമൂഹത്തിലേക്കുള്ള സംയോജനം അവരുടെ മതപരമായ സ്വത്വത്തിനും സമൂഹ ഐക്യത്തിനും ഭീഷണിയാണെന്നും അവർ വാദിക്കുന്നു.
Adjust Story Font
16

