'ഓരോ അഞ്ച് മിനുറ്റിലും സൈനികരെ നഷ്ടമാകുന്നു': തോറ വിദ്യാർഥികളോട് യുദ്ധത്തിന്റെ ഭാഗമാകാന്‍ അഭ്യർഥിച്ച് ഇസ്രായേലി ഉദ്യോഗസ്ഥൻ
''കടുത്ത പ്രതിസന്ധിയിലൂടെയാണ് ഇസ്രായേൽ ജനത കടന്നുപോകുന്നത്. ഇങ്ങനെയൊന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല''

ജറുസലേം: ഗസ്സയ്ക്കുമേൽ ഇസ്രായേൽ നടത്തുന്ന യുദ്ധത്തില്‍ തോറ വിദ്യാര്‍ഥികളോട് പിന്തുണ തേടി ഇസ്രായേലി സൈനിക ഉദ്യോഗസ്ഥന്‍ എറെസ് എഷെൽ.
ഓരോ അഞ്ച് മിനുറ്റിലും സൈനികനെ നമുക്ക് നഷ്ടപ്പെടുകയാണെന്നും യുദ്ധത്തില്‍ പങ്കുചേരണമെന്നുമാണ് അദ്ദേഹം പറയുന്നത്. തോറ വിദ്യാര്‍ഥികളുടെ പാഠശാലയില്‍ എത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഓരോ അഞ്ച് മിനുറ്റിലും ഇസ്രായേലിന് ഒരു സൈനികനെ നഷ്ടപ്പെടുന്നുണ്ട്. 1,300 സൈനികരാണ് കൊല്ലപ്പെട്ടത്. യുദ്ധത്തിലോ ശവസംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തോ അല്ലെങ്കില്‍ പരിക്കേറ്റവരെ ആശ്വസിപ്പിച്ചോ നിങ്ങള്‍ ഭാഗമാകണമെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം ഈ പ്രസംഗത്തെ വിദ്യാർഥികൾ തന്നെ തടസപ്പെടുത്തുന്നുണ്ട്.
''ഹോളോകോസ്റ്റിന് ശേഷമുള്ള കടുത്ത പ്രതിസന്ധിയിലൂടെയാണ് ഇസ്രായേൽ ജനത കടന്നുപോകുന്നത്. ഇങ്ങനെയൊന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കുട്ടികളെയും സ്ത്രീകളെയും കൊലപ്പെടുത്തിയിരിക്കുകയാണ്. യുദ്ധം നമ്മളിൽ അടിച്ചേൽപിച്ചതാണ്. എന്റെ രണ്ട് വിദ്യാർഥികളാണ് കൊല്ലപ്പെട്ടത്. അവരെ ഞാനാണ് സംസ്‌കരിച്ചത്. ഞാനും എന്റെ സഹപ്രവർത്തകരും(സൈനികർ) യുദ്ധം ചെയ്യുകയാണ്''-അദ്ദേഹം പറയുന്നു.
''ഇവിടുന്ന് ഞാൻ ഗസ്സയിലേക്കാണ് തിരിക്കുന്നത്. ഇന്ന് ഞാൻ കൊല്ലപ്പെടാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ നിങ്ങൾ എന്റെ ശവസംസ്‌കാരത്തിൽ പങ്കെടുക്കണം. എനിക്ക് നിങ്ങളിൽ അഭിമാനമുണ്ട്. നിങ്ങൾ ഇപ്പോൾ പുറത്ത് വരണം. ഇതൊരു തുടക്കം മാത്രമാണ്. ഇസ്രായേൽ ജനതയുമായി നിങ്ങൾ കൈക്കോർക്കണം- എറെസ് എഷെൽ പറയുന്നു.
പ്രസംഗത്തിനൊടുവിൽ അദ്ദേഹത്തെ വിദ്യാർഥികളിലൊരാൾ സ്റ്റേജിൽ നിന്ന് ഇറക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. പ്രസംഗത്തിനിടയ്ക്കാണ് നിര്‍ത്താന്‍ ആവശ്യപ്പെടുന്നതും. രണ്ട് മിനിറ്റിനുള്ളിൽ ഞാൻ അവസാനിപ്പിക്കാം എന്ന് ഇയാൾ പറയുന്നുമുണ്ട്.
ഫലസ്തീൻ ജനതയെ പരസ്യമായി പിന്തുണക്കുന്ന യഹൂദ വിഭാഗമാണ് 'തോറ ജൂതന്മാർ'. ഇസ്രായേലില്‍ നിന്നുകൊണ്ടാണ് അവരുടെ ക്രൂരതകളെ തോറ ജൂതന്മാര്‍ എതിര്‍ക്കാറ്. യഹൂദ മതത്തിന്റെ വിശുദ്ധ ഗ്രന്ഥമായ തോറയുടെ സന്ദേശം ഉൾക്കൊണ്ട് ജീവിക്കുകയും ആ സന്ദേശം ലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തിലാണ് തോറ ജൂതന്മാർ പ്രവർത്തിക്കുന്നത്.
Summary-‘We Lose A Soldier Every 5 Minutes’ – Israeli Officer Beg Students To Enlist
Adjust Story Font
16


