'ഒരു കട്ടിലിൽ ഒരുമിച്ചാണ് ഞങ്ങള്‍ കിടന്നുറങ്ങിയിരുന്നത്'; 800 വര്‍ഷം പഴക്കമുള്ള മമ്മി വീട്ടില്‍ സൂക്ഷിച്ചയാള്‍ പിടിയില്‍
മമ്മി തന്റെ ആത്മീയ കാമുകിയാണെന്നാണ് ഇയാളുടെ അവകാശവാദം. കൈവശം വെച്ചിരിക്കുന്നത് മമ്മിയാണെന്ന് യുവാവിന് അംഗീകരിക്കാൻ കഴിയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്

പെറു: 800 വർഷത്തിലേറെ പഴക്കമുള്ള മമ്മി കൈവശം വെച്ചതിന് 26 കാരൻ പിടിയിലായി. പെറുവിലാണ് സംഭവം. ജൂലീയോ സീസർ ബെർമെജോയെന്നയാളാണ് പിടിയിലായത്. മമ്മി തന്റെ ആത്മീയ കാമുകിയാണെന്നാണ് ഇയാളുടെ അവകാശവാദം. കൈവശം വെച്ചിരിക്കുന്നത് മമ്മിയാണെന്ന് യുവാവിന് അംഗീകരിക്കാൻ കഴിയുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
ഇത് മമ്മിയാണെന്ന് പല തവണ പൊലീസ് ഇയാളെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും തന്റെ ആത്മീയ കാമുകിയാണെന്ന വാദത്തിൽ ഇയാൾ ഉറച്ചു നിൽക്കുകയാണ്. ജുവാനിറ്റ എന്നാണ് ഇയാള്‍ മമ്മിക്ക് പേരിട്ടിരിക്കുന്നത്.
കുറേയേറെ വർഷങ്ങളായി തന്റെ വീട്ടിലാണ് താമസിക്കുന്നതെന്നും ഒരു കട്ടിലിൽ ഒരുമിച്ചാണ് ഞങ്ങള്‍ കിടന്നുറങ്ങുന്നതെന്നുമാണ് ജൂലിയോ പറയുന്നത്. ഏകദേശം 30 വർഷം മുമ്പാണ് മമ്മി തന്റെ വീട്ടിലേക്കെത്തുന്നതെന്നും പിതാവാണ് മമ്മിയെ കൊണ്ടുവന്നതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. അന്നുമുതൽ മമ്മി തന്റെ കൂടെയാണെന്നും യുവാവ് വാദിക്കുന്നു.
വിശദമായ പഠനത്തിലാണ് മമ്മിക്ക് ഏകദേശം 800 വർഷത്തിലധികം പഴക്കമുണ്ടെന്ന് മനസ്സിലായത്. പ്യൂണോയുടെ തെക്കൻ പ്രദേശത്ത് ജീവിച്ചിരുന്ന 45 വയസ് പ്രായമുണ്ടായിരുന്ന ഒരു പുരുഷന്റേതാണ് മമ്മിയെന്നാണ് പെറുവിലെ സാംസ്‌കാരിക മന്ത്രാലയത്തിന്റെ കണ്ടെത്തൽ. യുവാവിനെ കസ്റ്റഡിയിലെടുത്ത ശേഷം മമ്മിയെ പെറു സാംസ്‌കാരിക മന്ത്രാലയം ഏറ്റെടുത്തു
Adjust Story Font
16




