Quantcast

ട്രോളി ബാഗുകളുമായി ഇങ്ങോട്ട് വരരുത്, ലംഘിച്ചാൽ കനത്ത പിഴ...!; നിയമം പാസാക്കി യൂറോപ്പിലെ പ്രമുഖ വിനോദ സഞ്ചാരകേന്ദ്രം

വർഷം തോറും ലക്ഷക്കണക്കിന് സന്ദർശകരാണ് ഇവിടേക്കെത്തുന്നത്

MediaOne Logo

Web Desk

  • Updated:

    2023-07-03 09:09:07.0

Published:

2 July 2023 12:33 PM IST

Air India Express restores free baggage limit to 30 kg from UAE to India.
X

ക്രൊയേഷ്യ: അതിമനോഹരമായ ബീച്ചുകൾ, ദ്വീപുകൾ, വൈവിധ്യമാർന്ന ഭക്ഷണം... യൂറോപ്പിൽ സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ക്രൊയേഷ്യയിലെ ഡുബ്രോവ്‌നിക് നഗരം. ഡുബ്രോവ്നിക് നഗരത്തിന്റെ പ്രകൃതി സൗന്ദര്യവും വാസ്തുവിദ്യയുമെല്ലാം യൂറോപ്പിലെ ഏറ്റവും തിരക്കുള്ള ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റി. വർഷം തോറും ലക്ഷക്കണക്കിന് സന്ദർശകരാണ് ഇവിടേക്കെത്തുന്നത്. എന്നാൽ ഡുബ്രോവ്നിക് നഗരത്തിൽ നടപ്പാക്കിയ പുതിയ പരിഷ്‌കാരം വിനോദ സഞ്ചാരികളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്.

അത് വേറൊന്നുമല്ല, നഗരത്തിലെത്തുന്നവർ ആരും ട്രോളി ബാഗുകൾ കൊണ്ടുവരരുത്...! ട്രോളി ബാഗുമായി നഗരവീഥികളിലൂടെ നടക്കുന്നവർക്ക് കനത്ത പിഴയാണ് പ്രദേശിക ഭരണകൂടം ചുമത്തുക. ഇത്തരമൊരു നിയമം കൊണ്ടുവന്നതിന് പിന്നിൽ ഒരു കാരണവുമുണ്ട്. ഡുബ്രോവ്നിക് നഗരവീഥികളിലുടനീളം കല്ലുപാകിയിട്ടുണ്ട്. വിനോദസഞ്ചാരികൾ തങ്ങളുടെ ട്രോളി ബാഗുകൾ വലിച്ചിഴച്ച് നടക്കുന്നത് ശബ്ദമലിനീകരണത്തിന് കാരണമാകുന്നെന്നും രാത്രിയിൽ പോലും സ്വസ്ഥമായി ഉറങ്ങാൻ സാധിക്കുന്നില്ലെന്നുമാണ് നഗരവാസികളുടെ പരാതിയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. തുടർന്നാണ് മേയർ മാറ്റോ ഫ്രാങ്കോവിക് പുതിയ നിയമം കൊണ്ടുവന്നത്. ഡുബ്രോവ്നിക്കിലെ ഓൾഡ് ടൗണിലെ തെരുവിലൂടെ സഞ്ചാരികൾ ചക്രങ്ങളുള്ള സ്യൂട്ട്‌കേസുകൾ വലിച്ചുനടക്കുന്നത് വിലക്കും. ആരെങ്കിലും നിയമം തെറ്റിച്ചാൽ അവർക്ക് 288 ഡോളർ (ഏകദേശം 23630 രൂപ) പിഴയും ചുമത്തും.

ഡുബ്രോവ്നിക് ടൂറിസ്റ്റ് ഓഫീസിന്റെ 'റെസ്‌പെക്റ്റ് ദി സിറ്റി' പദ്ധതിയുടെ ഭാഗമായാണ് നടപടി. നവംബർ മുതൽ നഗരത്തിന് പുറത്ത് യാത്രക്കാർക്ക് ട്രോളി ബാഗുകൾ സൂക്ഷിക്കാനുള്ള ഒരു സംവിധാനം സ്ഥാപിക്കാനും പ്രാദേശിക സർക്കാർ ഉദ്ദേശിക്കുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം ഇതുവരെ ഏകദേശം 289,000 പേരാണ് ഡുബ്രോവ്നിക് നഗരം സന്ദർശിക്കാനെത്തിയത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തിൽ 32 ശതമാനം വർധനവുണ്ടായിട്ടുണ്ടെന്നും ഡുബ്രോവ്‌നിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഏതായാലും ഡുബ്രോവ്‌നിക് ഭരണകൂടത്തിന്റെ പുതിയ നിയമം സഞ്ചാരികൾ ഏത് രീതിയിൽ സ്വീകരിക്കുമെന്ന് വരും ദിവസങ്ങളിൽ അറിയാം..

TAGS :

Next Story