Quantcast

വാഷിങ്ടൺ ജൂത മ്യൂസിയത്തിന് സമീപത്തെ വെടിവെപ്പ്; ആരാണ് അറസ്റ്റിലായ ഏലിയാസ് റോഡ്രിഗസ്?

റിപ്പോർട്ടുകൾ പ്രകാരം പാർട്ടി ഫോർ സോഷ്യലിസം ആൻഡ് ലിബറേഷൻ എന്ന അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളിലൂടെയും ബ്ലാക്ക് ലിവ്സ് മാറ്റർ പ്രസ്ഥാനത്തിലെ പങ്കാളിത്തത്തിലൂടെയുമാണ് ഏലിയാസ് അറിയപ്പെടുന്നത്

MediaOne Logo

Web Desk

  • Published:

    22 May 2025 4:47 PM IST

വാഷിങ്ടൺ ജൂത മ്യൂസിയത്തിന് സമീപത്തെ വെടിവെപ്പ്; ആരാണ് അറസ്റ്റിലായ ഏലിയാസ് റോഡ്രിഗസ്?
X

വാഷിങ്ടൺ: വാഷിംഗ്ടൺ ഡിസിയിലെ ക്യാപിറ്റൽ ജൂത മ്യൂസിയത്തിന് പുറത്ത് ഇന്നലെ വൈകുന്നേരം നടന്ന വെടിവെപ്പിൽ രണ്ട് ഇസ്രായേലി എംബസി ജീവനക്കാർ കൊല്ലപ്പെട്ടിരുന്നു. ഇല്ലിനോയിസിലെ ചിക്കാഗോയിൽ നിന്നുള്ള 30 വയസ്സുള്ള ഏലിയാസ് റോഡ്രിഗസ് എന്ന യുവാവാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്തപ്പോൾ അയാൾ 'സ്വതന്ത്ര ഫലസ്തീൻ' മുദ്രാവാക്യം വിളിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പ്രതി അധികാരികളുടെ നോട്ടപുള്ളിയായിരുന്നിലെന്ന് പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

മറ്റ് റിപ്പോർട്ടുകൾ പ്രകാരം പിഎസ്എൽ (പാർട്ടി ഫോർ സോഷ്യലിസം ആൻഡ് ലിബറേഷൻ) എന്ന അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളിലൂടെയും ബ്ലാക്ക് ലിവ്സ് മാറ്റർ (ബിഎൽഎം) പ്രസ്ഥാനത്തിലെ പങ്കാളിത്തത്തിലൂടെയുമാണ് ഏലിയാസ് അറിയപ്പെടുന്നത്. എന്നാൽ എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ റോഡ്രിഗസ് പിഎസ്എൽ അംഗമല്ലെന്ന് പാർട്ടി നിഷേധിച്ചു. 'പിഎസ്എല്ലിനെ ഡിസി ഷൂട്ടിംഗുമായി ബന്ധപ്പെടുത്താനുള്ള ഏതൊരു ശ്രമവും ഞങ്ങൾ നിരസിക്കുന്നു.' പാർട്ടി എക്‌സിൽ കുറിച്ചു.

2017ൽ അന്നത്തെ ചിക്കാഗോ മേയറായിരുന്ന റഹം ഇമ്മാനുവലിന്റെ വസതിക്ക് പുറത്ത് പീപ്പിൾസ് കോൺഗ്രസ് ഓഫ് റെസിസ്റ്റൻസ്, ആൻസ്വർ ചിക്കാഗോ, ബ്ലാക്ക് ലിവ്സ് മാറ്റർ, വിമൻ ഓഫ് ഫെയ്ത്ത് എന്നിവയുൾപ്പെടെയുള്ള ഗ്രൂപ്പുകൾ സംഘടിപ്പിച്ച ഒരു പ്രതിഷേധത്തിൽ റോഡ്രിഗസ് പങ്കെടുത്തിരുന്നു. 17കാരനായ ലക്വാൻ മക്ഡൊണാൾഡിനെ ചിക്കാഗോ പൊലീസ് കൊലപ്പെടുത്തിയതിന്റെ വാർഷികത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തിലും ഇയാൾ പങ്കെടുത്തു. ആമസോൺ ആസ്ഥാനം സ്ഥാപിക്കാനുള്ള നഗരത്തിന്റെ ശ്രമവും കൊലപാതകവും പരസ്പരബന്ധിതമായ പ്രശ്നങ്ങളാണെന്ന് പ്രതിഷേധത്തിൽ റോഡ്രിഗസ് വാദിച്ചു.

2014 ഒക്ടോബർ 20ന് ജേസൺ വാൻ ഡൈക്ക് എന്ന ചിക്കാഗോ പൊലീസ് ഓഫീസറുടെ വെടിയേറ്റ് കൊല്ലപ്പെട്ട കറുത്ത വർഗക്കാരനായ ലക്വാൻ മക്ഡൊണാൾഡ് എന്ന പതിനേഴു വയസ്സുകാരൻ കൊല്ലപ്പെട്ടിരുന്നു. 16 തവണയാണ് ലക്വാൻ മക്ഡൊണാൾഡിന് വെടിയേറ്റത്. ഈ സംഭവം യുഎസിലെ പോലീസ് ക്രൂരതയുടെ ഏറ്റവും ഉയർന്ന കേസുകളിൽ ഒന്നായി മാറുകയും രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ചെയ്തു.

TAGS :

Next Story