Quantcast

ആരാണ് കേരളത്തിൽ അന്തരിച്ച മുൻ കെനിയൻ പ്രധാനമന്ത്രി റെയില ഒടിംഗ?

നേ​ത്രചികിത്സക്ക് കേരളത്തിലെത്തിയ മുൻ കെനിയൻ പ്രധാനമന്ത്രി റെയില ഒടിംഗ അന്തരിച്ചു

MediaOne Logo

Web Desk

  • Updated:

    2025-10-15 09:48:53.0

Published:

15 Oct 2025 3:12 PM IST

ആരാണ് കേരളത്തിൽ അന്തരിച്ച മുൻ കെനിയൻ പ്രധാനമന്ത്രി റെയില ഒടിംഗ?
X

എറണാകുളം: മുൻ കെനിയൻ പ്രധാനമന്ത്രി റെയില ഒടിംഗ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കൂത്താട്ടുകുളത്തെ ശ്രീധരീയം നേത്ര ചികിത്സ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞദിവസമാണ് റെയില ഒടിംഗയും സഹോദരിയും മകളും കൂത്താട്ടുകുളം ശ്രീധരിയം ആശുപത്രിയിൽ ചികിത്സക്കെത്തിയത്.

2017ൽ ഒപ്റ്റിക് നാഡിക്ക് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് കാഴ്ച പൂർണമായും നഷ്ടപ്പെട്ട മകൾ റോസ്മേരി ഒടിംഗ ഇതേ ആശുപത്രിയിൽ ചികിത്സക്ക് വിധേയയായതിനാൽ ഒടിംഗയ്ക്ക് ആശുപത്രിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. മാത്രമല്ല മകളുടെ കാഴ്ച വീണ്ടെടുക്കാൻ സഹായിച്ച ഡോക്ടർമാരോട് അദ്ദേഹം നന്ദി പ്രകടിപ്പിച്ചിരുന്നു.

ആരാണ് റെയില ഒടിംഗ?

1945 ജനുവരി 7ന് ന്യാൻസ പ്രവിശ്യയിലെ കിസുമു ജില്ലയിലെ മസെനോയിലെ ആംഗ്ലിക്കൻ ചർച്ച് മിഷനറി സൊസൈറ്റി ആശുപത്രിയിലാണ് ഒടിംഗയുടെ ജനനം. പിതാവ് പ്രസിഡന്റ് ജോമോ കെനിയാട്ടയുടെ കീഴിൽ കെനിയയുടെ ആദ്യ വൈസ് പ്രസിഡന്റായിരുന്നു. പ്രസിഡന്റ് ഡാനിയേൽ അരപ് മോയിയുടെ സ്വേച്ഛാധിപത്യ ഭരണകാലത്ത് ജനാധിപത്യത്തിനുവേണ്ടി പോരാടി രാഷ്ട്രീയത്തിലെ തന്റെ ആദ്യകാലങ്ങൾ മുഴുവൻ ജയിലിലും പ്രവാസത്തിലുമാണ് ഒടിംഗ ചെലവഴിച്ചത്. 'അസിമിയോ ലാ ഉമോജ വൺ കെനിയ കോളിഷൻ പാർട്ടിയുടെ' നേതാവായ ഒടിംഗ 2008 മുതൽ 2013 വരെ കെനിയയുടെ പ്രധാനമന്ത്രിയായിരുന്നു. അഞ്ച് തവണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഏറ്റവും ഒടുവിൽ മത്സരിച്ചത് 2022ലാണ്.

1992 മുതൽ 2013 വരെ ലങ്കാറ്റ നിയോജകമണ്ഡലത്തിലെ പാർലമെന്റ് അംഗവും 2013 മുതൽ കെനിയയിലെ പ്രതിപക്ഷ നേതാവുമാണ്. തീക്ഷ്ണമായ പ്രസംഗങ്ങൾക്ക് പേരുകേട്ട ഒഡിംഗ ആധുനിക കെനിയൻ ജനാധിപത്യത്തെ രൂപപ്പെടുത്തുന്നതിൽ ഒരു കേന്ദ്ര വ്യക്തിത്വമായിരുന്നു. കെനിയയിലെ ദീർഘകാല പ്രതിപക്ഷ നേതാവും കെനിയയിലെ മധ്യ-ഇടതുപക്ഷ രാഷ്ട്രീയ പാർട്ടിയായ ഓറഞ്ച് ഡെമോക്രാറ്റിക് മൂവ്‌മെന്റിന്റെ തലവനുമായിരുന്നു ഒഡിംഗ. കെനിയക്കാരിൽ പലരും സ്നേഹപൂർവ്വം 'ബാബ' (പിതാവ്) എന്ന് വിളിച്ചിരുന്ന ഒഡിംഗ കെനിയയിലെ ഉന്നത രാഷ്ട്രീയ രാജവംശങ്ങളിലൊന്നിൽ അംഗമായിരുന്നിട്ടും ഒരു വ്യവസ്ഥാ വിരുദ്ധനായി സ്വയം നിലകൊണ്ടു.


TAGS :

Next Story