Quantcast

ബോറിസിന് പകരക്കാരനാകാൻ ഇന്ത്യൻ വംശജൻ; ചരിത്രമെഴുതുമോ ഋഷി സുനാക്?

ഫാഷൻ ഡിസൈനറും ഇൻഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂർത്തിയുടെ മകളുമായ അക്ഷത മൂർത്തിയാണ് ഋഷിയുടെ പങ്കാളി

MediaOne Logo

Web Desk

  • Updated:

    2022-07-07 16:41:35.0

Published:

7 July 2022 4:37 PM GMT

ബോറിസിന് പകരക്കാരനാകാൻ ഇന്ത്യൻ വംശജൻ; ചരിത്രമെഴുതുമോ ഋഷി സുനാക്?
X

ലണ്ടൻ: രാഷ്ട്രീയ പ്രതിസന്ധിക്കൊടുവിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ രാജിവച്ചതിനു പിന്നാലെ പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾ സജീവമാണ്. ബോറിസ് സർക്കാരിനെ പുതിയ പ്രതിസന്ധിയിലേക്ക് നയിച്ച രാജിപരമ്പരകൾക്ക് തുടക്കമിട്ട മുൻ ധനകാര്യ മന്ത്രി ഋഷി സുനാക്കാണ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പ്രധാന പേരുകളിലൊന്ന്. മുൻ വ്യവസായ മന്ത്രി പെന്നി മോർഡന്റ്, വിദ്യാഭ്യാസ മന്ത്രി നദീം സഹാവി എന്നിവരുടെ പേരും ഉയർന്നുകൾക്കുന്നുണ്ട്.

ഇന്ത്യൻ വംശജൻ കൂടിയായ ഋഷിക്ക് നറുക്കുവീണാൽ അത് പുതിയൊരു ചരിത്രമാകും. ഇതാദ്യമായാകും ഒരു ഇന്ത്യൻ വംശജൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്നത്. 2020 ഫെബ്രുവരിയിലാണ് ഋഷിയെ ബോറിസ് ജോൺസൻ ധനകാര്യ വകുപ്പ് ഏൽപിക്കുന്നത്. എന്നാൽ, രണ്ടു വർഷത്തിനുശേഷം ഇതേ ബോറിന്റെ സ്ഥാനചലനത്തിലേക്ക് നയിച്ച രാഷ്ട്രീയനീക്കത്തിനു തുടക്കമിട്ടതും ഋഷി തന്നെയായി.

കൃഷ്ണമൂർത്തിയുടെ മരുമകൻ; കോവിഡ് കാലത്തെ ഹീറോ

1980 മേയ് 12ന് ഇന്ത്യൻ വംശജരായ യശ്‌വീർ-ഉഷാ സുനാക്ക് ദമ്പതികളുടെ മകനായി സതാംപ്ടണിലാണ് ഋഷിയുടെ ജനനം. ബ്രിട്ടനിൽ സർക്കാരിനു കീഴിലുള്ള ആരോഗ്യ പരിചരണസംവിധാനമായ നാഷനൽ ഹെൽത്ത് സർവീസി(എൻ.എച്ച്.എസ്)നു കീഴിൽ ജനറൽ പ്രാക്ടീഷനറായിരുന്നു പിതാവ് യശ്‌വീർ. ഓക്‌സ്ഫഡ് സർവകലാശാലയിൽനിന്ന് പൊളിറ്റിക്കൽ സയൻസ്, തത്വശാസ്ത്രം, എക്‌ണോമിക്‌സ് തുടങ്ങിയ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര ബിരുദങ്ങൾ സ്വന്തമാക്കിയിട്ടുണ്ട് ഋഷി സുനാക്. സ്റ്റാൻഫോഡ് സർവകലാശാലയിൽനിന്ന് ഫുൾബ്രൈറ്റ് സ്‌കോളറായി എം.ബി.എയും പൂർത്തിയാക്കി.

രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുൻപ് ഗോൾഡ്മാൻ സാച്ച്‌സ് അടക്കമുള്ള ബഹുരാഷ്ട്ര കമ്പനികളിൽ ജോലി ചെയ്യുകയും ബിസിനസ് രംഗത്ത് സജീവമാകുകയും ചെയ്തിട്ടുണ്ട് ഋഷി. പഠനകാലത്ത് സുഹൃത്തായിരുന്ന ഫാഷൻ ഡിസൈനർ അക്ഷത മൂർത്തിയെ പിന്നീട് വിവാഹം കഴിച്ചു. ഇൻഫോസിസ് സഹസ്ഥാപകൻ കൂടിയായ ഇന്ത്യൻ ശതകോടീശ്വരൻ എൻ.ആർ നാരായണ മൂർത്തിയുടെ മകളാണ് അക്ഷത. വിവാഹശേഷം നാരായണമൂർത്തിയുടെ കാറ്റമാരൻ വെഞ്ചേഴ്‌സിന്റെ ഡയരക്ടറായി.

2014ലാണ് റിച്ച്‌മോണ്ടിൽനിന്ന് കൺസർവേറ്റീവ് പാർട്ടി അംഗമായി പാർലമെന്റിലെത്തുന്നത്. കോവിഡ് ലോകം പിടിമുറുക്കുമ്പോഴായിരുന്നു ബ്രിട്ടീഷ് ധനകാര്യ മന്ത്രിയായി ചുമതലയേൽക്കുന്നത്. ബോറിസ് സർക്കാരിലെ രണ്ടാമനായി ഋഷി. കോവിഡ് കാലത്തെ ശ്രദ്ധേയമായ ഇടപെടലുകളിലൂടെ കൂടുതൽ ജനപ്രിയത കൈവരിച്ചു. കോവിഡ് രക്ഷാ പാക്കേജുകൾ, കൂട്ട തൊഴിലില്ലായ്മാ പ്രതിസന്ധി തടഞ്ഞുനിർത്തിയ തൊഴിൽ സുരക്ഷാ പദ്ധതികൾ, വ്യവസായ സംരംഭങ്ങൾക്കുള്ള സഹായം അടക്കമുള്ള നടപടികൾ വൻ കൈയടി നേടി.

എന്നാൽ, ഭാര്യയുടെ സ്വത്തുമായി ബന്ധപ്പെട്ട വിവാദങ്ങൾ കരിനിഴലാകുകയും ചെയ്തു. ഇതോടൊപ്പം കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നടത്തിയ മദ്യപ്പാർട്ടി വിവാദവും പ്രതിച്ഛായയെ ബാധിച്ചു. എന്നാൽ, ബോറിസ് ജോൺസന്റെ പ്രധാനമന്ത്രിയെന്ന നിലയിലുള്ള മോശം പ്രകടനം ചൂണ്ടിക്കാട്ടിയായിരുന്നു കഴിഞ്ഞ ദിവസം മന്ത്രിസ്ഥാനം രാജിവച്ചത്. ഒപ്പം പാകിസ്താൻ വംശജനായ ആരോഗ്യമന്ത്രി സാജിദ് ജാവീദും രാജിവച്ചിരുന്നു. ഡെപ്യൂട്ടി ചീഫ് വിപ്പ് ആയിരുന്ന ക്രിസ് പിഞ്ചറുമായി ബന്ധപ്പെട്ട ലൈംഗികാരോപണം കൂടി വന്നതോടെയായിരുന്നു രാജി. ലൈംഗിക അപവാദം നേരിടുന്ന ക്രിസ് പിഞ്ചറെ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചതിൽ പ്രതിഷേധിച്ചായിരുന്നു നടപടി. ഋഷിയെയും സാജിദിനെയും പിന്തുടർന്ന് പത്തോളം മന്ത്രിമാർ രാജിവച്ചതോടെയാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ സ്ഥാനമൊഴിയാൻ നിർബന്ധിതനായത്.

Summary: Who is Rishi Sunak, the Indian-origin leader who could replace Boris Johnson as UK PM?

TAGS :

Next Story