Quantcast

''ആരാണ് അവരെ ഇനിയും വിശ്വസിക്കുക''; ചൈനക്കെതിരെ ആഞ്ഞടിച്ച് കമല ഹാരിസ്

അഫ്ഗാനിലെ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഉത്തരവാദി അമേരിക്കയും സഖ്യരാജ്യങ്ങളുമാണെന്നായിരുന്നു ചൈനയുടെ വിമർശനം

MediaOne Logo

Web Desk

  • Published:

    24 Aug 2021 1:06 PM GMT

ആരാണ് അവരെ ഇനിയും വിശ്വസിക്കുക; ചൈനക്കെതിരെ ആഞ്ഞടിച്ച് കമല ഹാരിസ്
X

അഫ്​ഗാനിസ്ഥാനിലെ അമേരിക്കയുടെ പിന്മാറ്റം സ്വാർത്ഥ വിദേശനയത്തിന്റെ ഉദാഹരണമാണെന്ന ചൈനയുടെ കുറ്റപ്പെടുത്തലിനെതിരെ ആഞ്ഞടിച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ്. ആരാണ് അവരെ ഇനിയും വിശ്വസിക്കുകയെന്നായിരുന്നു കമലയുടെ മറുപടി. അഫ്​ഗാൻ വിഷയത്തിൽ അമേരിക്കയെ കുറ്റപ്പെടുത്തുന്ന നിലപാടുകളായിരുന്നു ചൈനയുടേത്.

അഫ്ഗാനിലെ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഉത്തരവാദി അമേരിക്കയും സഖ്യരാജ്യങ്ങളുമാണെന്ന വിമർശനവുമായി ചൈന രംഗത്തെത്തിയിരുന്നു. അഫ്ഗാനില്‍ കുടുങ്ങിയ അമേരിക്കന്‍ പൗരന്മാരെയും സഖ്യകക്ഷി പൗരന്മാരെയും രക്ഷപ്പെടുത്തുക എന്നതാണ് തങ്ങളുടെ പ്രഥമലക്ഷ്യമെന്നും കമല ഹാരിസ് പറഞ്ഞു.

അമേരിക്കന്‍ പൗരന്മാരെ മാത്രമല്ല, കഴിഞ്ഞ 20 വര്‍ഷത്തിൽ അധികമായി അമേരിക്കന്‍ സൈന്യത്തിന് സഹായം നല്‍കിയ അഫ്ഗാന്‍ പൗരന്മാരെയും രക്ഷപ്പെടുത്തുക എന്നതും അമേരിക്കയുടെ ലക്ഷ്യമാണ്. അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള ഏതു നടപടിയും സ്വീകരിക്കുവാന്‍ മടിക്കില്ലെന്നും കമലഹാരിസ് വ്യക്തമാക്കി.

അതേസമയം അഫ്ഗാനിസ്താനിൽ വൻതോതിൽ നിക്ഷേപത്തിനൊരുങ്ങി ചൈന. ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള സംരംഭങ്ങളും സ്വകാര്യ കമ്പനികളും വ്യത്യസ്തമായ നിക്ഷേപ പദ്ധതികളാണ് അഫ്ഗാനിൽ ലക്ഷ്യമിടുന്നതെന്നും യുദ്ധം കാരണം താറുമാറായ രാജ്യത്തിനുള്ള 'ആത്മാർത്ഥമായ സഹായ'മാണിതെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി മുഖപത്രമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

താലിബാനുമായുള്ള വിജയകരമായ നയതന്ത്രത്തിന് അടിവരയിടുന്നതാണ് നിക്ഷേപങ്ങളെന്നും, രാഷ്ട്രീയ സുരക്ഷയും ചൈനയുടെ ദേശീയ നയവും പരിഗണിച്ച് ഏറെ കാത്തിരുന്നു കണ്ട ശേഷമാണ് ചൈനീസ് പൊതുമേഖലാ കമ്പനികൾ അഫ്ഗാനിൽ നിക്ഷേപിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വകാര്യ കമ്പനികൾ റിസ്‌കെടുത്തു കൊണ്ടുള്ള നീക്കമാണ് നടത്തുന്നത്. അഫ്ഗാനിൽ ചൈനയുടെ ബിസിനസ് അനായാസമാക്കാൻ താലിബാൻ വഴിയൊരുക്കും. താലിബാനെതിരെ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയാലും ചൈനീസ് സ്വകാര്യ കമ്പനികൾ അഫ്ഗാനിൽ പതറാതെ നിൽക്കും. - ഗ്ലോബൽ ടൈംസ് പറയുന്നു.

താലിബാന്റെ പെരുമാറ്റത്തിനനുസരിച്ചായിരിക്കും അവർക്കെതിരെ ഉപരോധം വേണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് യു.എസ് പ്രസിഡണ്ട് ജോ ബൈഡൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബ്രിട്ടൻ ജി 7 രാജ്യങ്ങളുടെ യോഗത്തിൽ താലിബാനെ ഉപരോധിക്കണമെന്ന നിലപാടെടുത്തേക്കും. എന്നാൽ, അമേരിക്കയുടെ പിന്മാറ്റത്തോടെ തങ്ങൾക്കു ലഭിച്ച ഭൗമ - രാഷ്ട്രീയ മേൽക്കൈ തകർക്കാനുദ്ദേശിച്ചുള്ളതാവും ഉപരോധനീക്കങ്ങളെന്നും ഇതിനെ മറികടക്കാനുള്ള വഴികൾ തേടുമെന്നും ചൈന പറയുന്നു.

അഫ്ഗാനിസ്താനിൽ ഹൈവേയടക്കം നിരവധി നിർമാണ പ്രവർത്തനങ്ങൾ ചൈന നടത്തിയിട്ടുണ്ട്. തലസ്ഥാനമായ കാബൂളിൽ 2019-ൽ സ്ഥാപിച്ച 'ചൈന ടൗണി'ൽ വസ്‌ത്രോൽപ്പന്നങ്ങളടക്കമുള്ളവയുടെ പത്തിലേറെ ഫാക്ടറികളാണുള്ളത്. സുരക്ഷാ കാരണങ്ങളാൽ ഇവയിൽ മിക്കതും ട്രയൽ റണ്ണിനു ശേഷം പ്രവർത്തിച്ചിട്ടില്ല. താലിബാൻ അധികാരം പിടിക്കുകയും അമേരിക്ക പിന്മാറുകയും ചെയ്തതോടെ ഇവ പ്രവർത്തനക്ഷമമാക്കാമെന്നാണ് ചൈന കണക്കുകൂട്ടുന്നത്.

TAGS :

Next Story