തായ്‌ലാൻഡിനെയും കംബോഡിയയെയും തമ്മിലടിപ്പിക്കുന്ന ആ 817 കിലോമീറ്റർ.. അറിയാം അല്പം ചരിത്രം !
അങ്ങോട്ടുമിങ്ങോട്ടും പഴിചാരിയും സംഘർഷത്തിൽ ഏർപ്പെട്ടും ഇതാദ്യമായല്ല തായ്‌ലാൻഡും കംബോഡിയയും ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്..

തായ്‌ലാൻഡ്-കംബോഡിയ അതിർത്തി തർക്കത്തിൽ 33 പേർ കൊല്ലപ്പെട്ടു.. മാറ്റിപ്പാർപ്പിച്ചത് ലക്ഷക്കണക്കിന് മനുഷ്യരെ.. തർക്കഭൂമിയായി ആ 800 കിലോമീറ്റർ.. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ വാർത്തയിൽ നിറഞ്ഞ വാചകങ്ങളാണിത്.. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറയുന്നത് അനുസരിച്ച്, അദ്ദേഹത്തിന്റെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും രമ്യതയിലും എത്തിയിരിക്കുന്നു..
അങ്ങോട്ടുമിങ്ങോട്ടും പഴിചാരിയും സംഘർഷത്തിൽ ഏർപ്പെട്ടും ഇതാദ്യമായല്ല തായ്‌ലാൻഡും കംബോഡിയയും ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്. കാലങ്ങളായി അതിർത്തി തർക്കം രൂക്ഷമാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ.. എന്നാൽ എന്താണ് ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ നടന്ന സംഘർഷത്തിന് പിന്നിൽ? സ്വന്തം രാജ്യത്തെയും തൊട്ടയൽപ്പക്കത്തെയും മനുഷ്യരെ കൊലയ്ക്ക് കൊടുക്കാൻ മാത്രം ഇരുരാജ്യങ്ങൾക്കുമിടയിൽ പുകയുന്നത് എന്താണ്?
പ്രിയ വിഹ്യാർ എന്നാണ് അതിനുത്തരം- ഏകദേശം 900 വർഷം പഴക്കമുള്ള ഒരു ശിവക്ഷേത്രം.. തായ്‌ലൻഡിനും കംബോഡിയയ്ക്കും ഇടയിലുള്ള ഡാംഗ്‌റെക് മലനിരകളിൽ 512 മീറ്റർ ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്. കംബോഡിയയുടെ പ്രിയ വിഹ്യാർ പ്രവിശ്യയ്ക്കും തായ്‌ലാൻഡിന്റെ സിസാകെറ്റ് പ്രവിശ്യയ്ക്കും ഒത്ത നടുക്കുള്ള ഈ ക്ഷേത്രസമുച്ചയമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്.. 11 നൂറ്റാണ്ടിൽ നിർമിച്ചു എന്ന് കരുതപ്പെടുന്ന ഈ ക്ഷേത്രം തായ്‌ലൻഡിന്റെയും കംബോഡിയയുടെയും ചരിത്രവും പാരമ്പര്യവുമൊക്കെ പേറുന്ന പ്രധാന സാംസ്‌കാരിക കേന്ദ്രം കൂടിയാണ്.
1907ലാണ് ഈ ക്ഷേത്രത്തെ ചൊല്ലി ആദ്യമായി തായ്‌ലാൻഡിനും കംബോഡിയയ്ക്കുമിടയിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നത്. കംബോഡിയ ഫ്രഞ്ച് കോളനിയായിരുന്ന കാലത്ത് നിർമിച്ച ഒരു മാപ്പ് ആയിരുന്നു ഈ തർക്കത്തിന് കാരണം. ഈ മാപ്പ് പ്രകാരം കംബോഡിയയ്ക്കാണ് ക്ഷേത്രത്തിന്റെ പൂർണ അവകാശം. ക്ഷേത്രസമുച്ചയവും ഇതിരിക്കുന്ന വലിയൊരു ഏരിയയും മാപ്പ് പ്രകാരം കംബോഡിയയുടെ അധികാരപരിധിയിൽ വരും. എന്നാൽ ഈ മാപ്പ് ഔദ്യോഗിക രേഖയായി കണക്കാക്കാനാവില്ല എന്നാണ് തായ്‌ലാൻഡിന്റെ വാദം. മാപ്പ് അപൂർണമാണെന്നും ഇതുവരെ ഔദ്യോഗിക രേഖയായി ഇത് അംഗീകരിക്കപ്പെട്ടിട്ടില്ലെന്നുമാണ് തായ്‌ലാൻഡ് പറയുന്നത്.
1962ൽ ഈ പ്രശ്‌നം ചൂണ്ടിക്കാട്ടി കംബോഡിയ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരുന്നു. അന്ന് അവർക്കനുകൂലമായി കോടതി വിധി പ്രഖ്യാപിക്കുകയും ചെയ്തു. ക്ഷേത്രത്തിന്മേൽ പൂർണ അധികാരം കംബോഡിയയ്ക്കാണ് എന്നാണ് അന്ന് കോടതി തീർപ്പ് കല്പിച്ചത്. പക്ഷേ, ക്ഷേത്രത്തെ ചുറ്റുന്ന ഏകദേശം 4.6 ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിലുള്ള പ്രദേശത്തെ പറ്റി കോടതി ഒന്നും പറഞ്ഞില്ല എന്ന വാദവുമായി തായ്‌ലാൻഡ് എത്തി. ആ തർക്കം അങ്ങനെ വർഷങ്ങളോളം നീണ്ടു.
ഇതിനിടെ ആണ് 2008ൽ ക്ഷേത്രത്തെ യുനെസ്‌കോ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ക്ഷേത്രം കംബോഡിയയുടെ അധികാരപരിധിയിൽ കണക്കാക്കി ആയിരുന്നു ആ പ്രഖ്യാപനം. ഇത് തായ്‌ലൻഡിനെ ചൊടിപ്പിച്ചു. അന്ന് തൊട്ടിങ്ങോട്ട് ഇരുകൂട്ടർക്കുമിടയിൽ അതിർത്തി തർക്കം രൂക്ഷമായി. ഈ സംഘർഷം മൂർച്ഛിച്ച് 2011ൽ 15 ഓളം പേർ കൊല്ലപ്പെട്ട ഒരു ദാരുണസംഭവവുമുണ്ടായി.
ഇതേ തുടർന്ന് പ്രശ്‌നം വീണ്ടും കോടതിയിലെത്തി. ഒടുവിൽ 2013ൽ ക്ഷേത്രവും അതിനോട് അനുബന്ധിച്ചുള്ള പ്രദേശവും കംബോഡിയയുടെ അധികാരപരിധിയിൽ ഉൾപ്പെടുന്നതാണെന്ന് കോടതി വീണ്ടും വിധിച്ചു. തുടർ സംഘർഷങ്ങൾ ഒഴിവാക്കാൻ ക്ഷേത്രത്തിന് ചുറ്റുമുള്ള കുറച്ച് സ്ഥലം പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ച് കോടതി ഉത്തരവുമിറക്കി. എന്നാൽ ഈ വിധി നടപ്പായതേയില്ല. പിന്നീട് തായ്‌ലാൻഡ് ഈ വിധിക്കെതിരെ അപ്പീൽ പോവുകയും വിധി മരവിപ്പിക്കുകയും ചെയ്തു. അന്ന് തൊട്ടിന്നുവരെ ഈ പ്രശ്‌നത്തിനൊരു ശാശ്വത പരിഹാരമായിട്ടില്ല.
കംബോഡിയയ്ക്ക് അവരുടെ സമ്പന്നമായ ചരിത്രത്തിന്റെയും ഖിമേർ സംസ്‌കാരത്തിന്റെയും പ്രതീകമാണ് പ്രിയാ വിഹ്യാർ. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആത്മീയ കേന്ദ്രങ്ങളിലൊന്നാണിത്.
തായ്‌ലാൻഡിനാകട്ടെ ഇത് വെറുമൊരു ഭൂമിത്തർക്കമല്ല. തീവ്രദേശീയ വിഭാഗങ്ങളിൽ ഭൂരിഭാഗവും ക്ഷേത്രത്തിന് ചുറ്റുമുള്ള സ്ഥലം തായ്‌ലാൻഡിന്റേത് തന്നെയാണെന്ന് കരുതുന്നവരാണ്. ഇത് വിട്ടുകളയുന്നത്, തായ് അതിർത്തിയും തായ് ജനതയുടെ ആത്മാഭിമാനവും വിട്ടുകൊടുക്കുന്നതിന് തുല്യമായാണ് ഇവർ കണക്കാക്കുന്നതും.
പ്രിയ വിഹ്യാർ കൂടാതെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഒട്ടനേകം ക്ഷേത്രങ്ങളാൽ സമ്പന്നമാണ് തായ്ലാൻഡും കംബോഡിയയും.. ഇവയിലൊക്കെയുമുള്ള അവകാശവാദങ്ങളാണ് സത്യത്തിൽ ഇരുരാജ്യങ്ങൾക്കുമിടയിലെ പ്രശ്നങ്ങൾക്ക് ആധാരം.
ഈ സംഘർഷങ്ങൾക്കൊക്കെയും ആക്കം കൂട്ടുന്നത് ശരിക്കും കൃത്യമായി രേഖപ്പെടുത്താത്ത അതിർത്തി തന്നെയാണ്. 817 കിലോമീറ്റർ അതിർത്തിയാണ് ഇരുരാജ്യങ്ങളും പങ്കിടുന്നത്. ഇതിനോടകം തന്നെ നിരവധി രേഖകളിൽ രണ്ട് രാജ്യങ്ങളും ഒപ്പുവച്ചിട്ടുണ്ടെങ്കിലും സത്യത്തിൽ അതിർത്തി എവിടെയാണ് എന്നതിൽ ഇവർ തമ്മിൽ രമ്യതയിലെത്തിയിട്ടില്ല. പ്രത്യേകിച്ചും ക്ഷേത്രമിരിക്കുന്ന സ്ഥലത്തെ സംബന്ധിച്ച്... ഈ പ്രദേശത്തെ ചൊല്ലി തർക്കങ്ങൾ രൂക്ഷമാവുമ്പോഴൊക്കെ ചർച്ചകളും തകൃതിയായി നടക്കാറുണ്ട്. പക്ഷേ ചർച്ച പരിഹാരം കാണുന്നതിന് മുമ്പ് തന്നെ സ്ഥലത്ത് രണ്ട് കൂട്ടരും സൈനികരെ വിന്യസിക്കും.. പിന്നെ സംഘർഷം രൂക്ഷമാവുകയും ചെയ്യും.
കഴിഞ്ഞ ആഴ്ച ഇതേപോലെ തന്നെ, തർക്ക പ്രദേശത്തുള്ള താ മോൻ തോം ക്ഷേത്രത്തിന് സമീപം സൈനികർക്ക് നേരെ നടന്ന ഒരു ആക്രമണമാണ് പുതിയ സംഘർഷങ്ങൾക്ക് തുടക്കം കുറിച്ചത്. ഇവിടെ ഒരു ഖനിയിൽ നടന്ന പൊട്ടിത്തെറിയിൽ അഞ്ച് തായ് സൈനികർക്ക് പരിക്കേല്ക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് പഴിചാരിയും തോക്കെടുത്തും സംഘർഷങ്ങൾക്ക് തുടക്കം കുറിച്ചു ഇരുരാജ്യങ്ങളും.. രണ്ട് രാജ്യങ്ങളും തങ്ങളുടെ അംബാസഡർമാരെ തിരിച്ചു വിളിച്ചത് കൂടാതെ കംബോഡിയയിലേക്കുള്ള അതിർത്തി തായ്ലാൻഡ് അടയ്ക്കുക കൂടി ചെയ്തതോടെ സംഘർഷം മറ്റൊരു തലത്തിലേക്ക് വ്യാപിച്ചു.
ട്രംപിന്റെ ഇടപെടലിൽ സംഘർഷത്തിന് അയവ് വന്നെങ്കിലും അതിർത്തി പ്രശ്നത്തിന് ഇതൊരു പരിഹാരമല്ല എന്നതാണ് വസ്തുത.
Adjust Story Font
16

