Quantcast

'ആരും ഒരിക്കലും എന്റെ ശവകുടീരം കണ്ടെത്തില്ല'.. അറം പറ്റിയോ ക്ലിയോപാട്രയുടെ വാക്കുകൾ?

ക്ലിയോപാട്രയുടെ ശവകുടീരം കണ്ടെത്തിയാൽ മാർക്ക് ആന്റണിയുടെ ശവകുടീരവും അതിനൊപ്പം തന്നെ കണ്ടെത്താനായേക്കും എന്നതാണ് ചരിത്രകാരന്മാരെ ഭ്രമിപ്പിക്കുന്ന വസ്തുത...

MediaOne Logo

Web Desk

  • Updated:

    2025-02-14 08:51:07.0

Published:

13 Feb 2025 2:04 PM IST

Will they ever find cleopatras tomb? A story of Kathleen Martinez
X

'ലോകത്തിലെ ഒരു പുരുഷനും എന്റെ ശവകുടീരം കണ്ടെത്തില്ല... അതിന് മനുഷ്യകുലത്തിന് സാധിക്കില്ല'- ക്ലിയോപാട്രയുടെ വാക്കുകൾ...

ഈജിപ്തിന്റെ, ഒരു പക്ഷേ ലോകചരിത്രത്തിൽ തന്നെ ക്ലിയോപാട്രയോളം ആഘോഷിക്കപ്പെട്ട ഒരു സ്ത്രീയുണ്ടാകില്ല. ലോകത്തിലെ ഏറ്റവും പ്രശസ്തരായ ചരിത്രവനിതകളിൽ മുന്നിലുണ്ട് ക്ലിയോപാട്ര. ഈജിപ്തിന്റെ റാണിമാരിൽ ഏറ്റവും ധീരയായ വനിത.. അസാമാന്യ ബുദ്ധിസാമർഥ്യവും നേതൃത്വഗുണവും കൈമുതലാക്കിയ വ്യക്തിത്വം. സൗന്ദര്യത്തിന്റെ അവസാനവാക്ക്...

ലോകം തന്ത്രശാലിയായ ഭരണാധികാരിയെന്ന് വിളിച്ചിട്ടുണ്ട് ക്ലിയോപാട്രയെ. അത്രത്തോളമായിരുന്നു ടോളമി രാജവംശത്തിലെ അവസാന ഫറവോയുടെ ഭരണമികവ്. എന്നാൽ ക്ലിയോപാട്രയും ജൂലിയസ് സീസറും മാർക്ക് ആന്റണിയും ഉൾപ്പെട്ട ആ കുഴഞ്ഞു മറിഞ്ഞ പ്രണയബന്ധം, ഈജിപ്തിന്റെയും റോമിന്റെയും ചരിത്രം മാറ്റിമറിക്കുകയാണുണ്ടായത്.

പക്ഷേ ഇവിടെ പറഞ്ഞു വരുന്നത് ലോകം അതിന്റെ സദാചാര ഫ്രയിമിൽ ഫിക്‌സ് ചെയ്ത, ക്ലിയോപാട്രയുടെ പ്രണയതാല്പര്യങ്ങളെ പറ്റിയല്ല.. റോമാസാമ്രാജ്യത്തിന്റെയും ടോളമി രാജവംശത്തിന്റെയും തകർച്ചയെ കുറിച്ചല്ല... മറിച്ച്, ലോകം ഇന്നും തിരയുന്ന, ക്ലിയോപാട്രയുടെ ശവകുടീരത്തെ കുറിച്ചാണ്. കൈയെത്തും ദൂരത്തെത്തിയാലും പിടിതരാതെ മാഞ്ഞുപോകുന്ന ആ നിഗൂഢ നിലവറെ കുറിച്ചാണ്.

തന്റെ ശവകുടീരം കണ്ടെത്താൻ മനുഷ്യകുലത്തിന് കഴിയില്ലെന്ന ക്ലിയോപാട്രയുടെ വാക്കുകൾ ഈജിപ്തിലെങ്ങും മുഴങ്ങിക്കേൾക്കുന്നുണ്ട്. എണ്ണമറ്റ ചരിത്രകാരന്മാരും ഗവേഷകരുമാണ് ക്ലിയോപാട്രയുടെ ശവകുടീരം കണ്ടെത്താനായി വർഷങ്ങളോളം അലഞ്ഞത്. ഒരിക്കലും കണ്ടെത്തില്ല എന്ന് കരുതിയിരുന്ന പല ശവകുടീരങ്ങളും മമ്മികളും പുറംലോകം കണ്ടെങ്കിലും, ക്ലിയോപാട്ര അതേ പ്രതാപത്തോടെയും പ്രൗഢിയോടെയും ഈജിപ്തിലെവിടെയോ മറഞ്ഞിരിക്കുകയാണ്. അല്ലെങ്കിൽ ഒരു പക്ഷേ മെഡിറ്ററേനിയൻ കടലിന്റെ അടിത്തട്ടിലെവിടെയോ...

പുരാതന അലക്‌സാണ്ട്രിയയിലാണ് ക്ലിയോപാട്രയുടെ ശവകുടീരം എന്നാണ് ഏറ്റവും നിർണായകമായ കണ്ടെത്തൽ. ഈ കണ്ടെത്തൽ നടത്തിയതാകട്ടെ കാത്‌ലീൻ മാർട്ടിനസ് എന്ന പുരാവസ്തു ഗവേഷകയും. 2024 ഡിസംബറിലാണ് തന്റെ പത്ത് വർഷക്കാലത്തെ തെരച്ചിലിനൊടുവിൽ ചില തെളിവുകളിലേക്ക് കാത്‌ലീൻ എത്തുന്നത്. അലക്‌സാണ്ട്രിയയ്ക്ക് പുറത്ത് ഒരു പുരാതന നഗരത്തിൽ, താപൊസിരിസ് മാഗ്ന എന്ന ആരാധനാലയത്തിന് സമീപം ക്ലിയോപാട്രയുടെ ശവകുടീരം ഉണ്ടെന്നാണ് കാത്‌ലീന്റെ നിഗമനം. ഈ കണ്ടെത്തലിലെ കൗതുകമെന്തെന്നാൽ ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും മെഡിറ്ററേനിയൻ കടലിന് അടിയിലാണ് എന്നതാണ്.

താപൊസിരിസ് മാഗ്നയിൽ നിന്ന്, കിരീടമണിഞ്ഞ ഒരു രൂപം കണ്ടെത്തിയതാണ് ക്ലിയോപാട്രയുടെ ശവകുടീരം ഇവിടെ തന്നെ എന്ന നിഗമനത്തിലേക്ക് കാത്‌ലീനെ എത്തിച്ചത്. ഈ പ്രതിമയുടെ മുഖത്തിന് ക്ലിയോപാട്രയുടെ ഛായ ആയിരുന്നു. ഇവിടെ നിന്ന് കണ്ടെത്തിയ 337 നാണയങ്ങളിലും ക്ലിയോപാട്രയുടെ മുഖം ആലേഖനവും ചെയ്തിരുന്നു. പല ചരിത്രകാരന്മാരും ഈ വാദം നിഷേധിക്കുന്നുണ്ടെങ്കിലും ക്ലിയോപാട്രയുടെ ശവകുടീരം താപൊസിരിസ് മാഗ്നയിൽ തന്നെ എന്ന നിഗമനത്തിലുറച്ചാണ് കാത്‌ലീന്റെ ഗവേഷണം.

ഈജിപ്തിലെ പ്രമുഖ ദേവതയായ ഒസൈരിസിന്റെ ആരാധനാലയമാണ് താപോസിരിസ് മാഗ്നയിലേത്. ഓസൈരിസിന്റെ അവതാരമായാണ് ക്ലിയോപാട്ര കണക്കാക്കപ്പെട്ടിരുന്നത്.. ഈ ആരാധനാലയത്തിൽ ഒന്നരക്കിലോമീറ്റർ ദൂരമുള്ള ഒരു തുരങ്കം ഇടക്കാലത്ത് കണ്ടെത്തിയിരുന്നു. തുരങ്കത്തിന്റെ ഒരു ഭാഗം കടലിനുള്ളിൽ മുങ്ങിയ നിലയിലായിരുന്നു. സി.ഈ 365 കാലഘട്ടത്തിൽ ഇവിടെ സംഭവിച്ച, ഒരു മഹാപ്രളയത്തിന്റെ ബാക്കിപത്രമാണിതെന്നാണ് ചരിത്രകാരന്മാരുടെ വിലയിരുത്തൽ. ഈ പ്രളയം കണക്കിലെടുത്ത് തന്നെയാണ്, അലക്‌സാണ്ട്രിയയ്ക്ക് 25 മൈൽ മാറിയാണ് ക്ലിയോപാട്ര ഉള്ളത് എന്നും അത് താപോസിരിസ് മാഗ്നയിലാണ് എന്നും കാത്‌ലീന്റെ നിഗമനം. ഈ തുരങ്കം കണക്ട് ചെയ്യുന്നത് പുരാതന അലക്‌സാണ്ട്രിയയുടെ അവശിഷ്ടങ്ങളിലേക്കാണ് എന്നതും ശുഭസൂചനയായി കാത്‌ലീൻ കണക്കാക്കുന്നു.

ക്ലിയോപാട്രയുടെ ശവകുടീരം കണ്ടെത്തിയാൽ മാർക്ക് ആന്റണിയുടെ ശവകുടീരവും അതിനൊപ്പം തന്നെ കണ്ടെത്താനായേക്കും എന്നതാണ് ചരിത്രകാരന്മാരെ ഭ്രമിപ്പിക്കുന്ന മറ്റൊരു വസ്തുത. കാരണം ക്ലിയോപാട്രയ്‌ക്കൊപ്പം തന്നെ മാർക്ക് ആന്റണിയെയും അടക്കം ചെയ്തിരിക്കുന്നു എന്നാണ് വിശ്വാസം. സർപ്പദംശനമേറ്റ് സ്വയം മരിക്കുന്നതിന് മുമ്പ് തനിക്കും ആന്റണിക്കും മരണശേഷം വേണ്ടതെല്ലാം ക്ലിയോപാട്ര പറഞ്ഞ് ഏർപ്പാട് ചെയ്തിരുന്നു. തങ്ങളെ ഒരുമിച്ച് ഒരു ശവകുടീരത്തിൽ അടക്കണം എന്നതായിരുന്നു ക്ലിയോപാട്രയുടെ ആഗ്രഹം. അത് ഒരിക്കലും മനുഷ്യകുലത്തിന് കണ്ടെത്താനാവരുത് എന്ന നിർബന്ധവും ക്ലിയോപാട്രയ്ക്കുണ്ടായിരുന്നു.

ഭാവിയിൽ കടലിനടിയിലായേക്കാം എന്ന് മുൻകൂട്ടി കണ്ടാണോ താപോസിരിസ് മാഗ്നയിൽ ക്ലിയോപാട്രയുടെ ശവകുടീരം ഒരുക്കിയത് എന്ന് ചിന്തിച്ചാലും അതിൽ അതിശയോക്തിയില്ല. കാരണം തുത്തൻ ഖാമന്റേതും ഖുഫുവിന്റേതുമടക്കം അതിപ്രശസ്തരായ പല ഫറവോമാരുടെയും ശവകുടീരങ്ങൾ കണ്ടെത്തിയപ്പോഴും മറഞ്ഞ് കിടക്കുകയാണ് ഈജിപ്തിന്റെ ലോകപ്രശസ്തയായ രാജ്ഞിയുടെ ശവകുടീരം...

അത്യാഢംപരപൂർണവും നിഗൂഢവുമായ ശവകുടീരങ്ങളാണ് ഈജിപ്ഷ്യൻ ഫറവോമാർക്ക് അവരുടെ പ്രജകൾ വാഗ്ദാനം ചെയ്യുന്നത്. ലോകചരിത്രത്തിൽ ഇന്നോളം കണ്ടെത്തിയിട്ടുള്ള പിരമിഡുകളും മമ്മികളുമൊക്കെ തന്നെ വർഷങ്ങൾ നീണ്ട, കടുത്ത വെല്ലുവിളികൾ ഏറെയുണ്ടായിരുന്ന ഗവേഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുള്ളവയാണ്. മരണശേഷമുള്ള തങ്ങളുടെ വിശ്രമജീവിതം ആരും ഒരുകാലത്തും തടസ്സപ്പെടുത്തരുത് എന്ന് നിർബന്ധമുണ്ടായിരുന്നു ഫറവോമാർക്ക്. ആ പ്രതിജ്ഞ നിറവേറ്റാൻ നിയോഗിക്കപ്പെട്ടവരായിരുന്നു ഈജിപ്തിലെ ഓരോ പൗരനും.

രാജാക്കന്മാർ ദൈവങ്ങളാണെന്നും അവരുടെ ആത്മാവിന് മരണമില്ലെന്നും, മരണാനന്തര ജീവിതത്തിന് ഭൗതിക സുഖഭോഗങ്ങൾ ആവശ്യമാണെന്നും അന്ധമായ വിശ്വസിച്ചിരുന്നു ഈജിപ്ഷ്യൻ ജനത... അതിനായവർ, തങ്ങളുടെ രാജാക്കന്മാരുടെ മരണശേഷം അവരുടെ നിത്യോപയോഗ സാധനങ്ങളും, പരലോകത്ത് അവർക്ക് ആവശ്യമായി വന്നേക്കാം എന്നവർ കരുതിയിരുന്ന വസ്തുക്കളും അമൂല്യങ്ങളായ നിധികളും കൊണ്ട് അവരുടെ കല്ലറകൾ നിറച്ചു വെച്ചു. ജീർണിക്കാതിരിക്കാൻ വൈവിധ്യമാർന്ന വസ്തുക്കൾ പുരട്ടി മമ്മിയെന്ന് വിളിച്ച ശരീരങ്ങൾക്ക് മുന്നിൽ പിരമിഡുകൾ തലയുയർത്തി നിന്നു. അവയ്ക്ക് പിന്നിൽ നൂറ്റാണ്ടുകളുടെ ചരിത്രം അതിന്റെ എല്ലാ പ്രൗഢിയിലും ശാന്തമായുറങ്ങി.

ക്ലിയോപാട്രയുടെ മമ്മിയോ ശവകുടീരമോ ഇതുവരെ കണ്ടെത്താനാവാത്തതിന് പിന്നിൽ അന്ധവിശ്വാസവും മിത്തുമൊക്കെ കൂട്ടിക്കലർത്തി കഥ മെനയുന്നവർ ഏറെയുണ്ട്. ശാഠ്യക്കാരിയായ ഭരണാധികാരിയായിരുന്നു ക്ലിയോപാട്ര. തനിക്ക് വേണ്ടതെന്തും ഞൊടിയിടയിൽ കൺമുന്നിലെത്തിക്കാൻ കെല്പുള്ള രാജ്ഞി. അത്തരമൊരു രാജ്ഞിക്ക് തന്റെ ശവകുടീരം ആരും കാണരുതെന്ന ശാഠ്യമുണ്ടായിരുന്നെങ്കിൽ അത് നടക്കുക തന്നെ ചെയ്യും എന്ന് വാദിക്കുന്നവരാണ് ഭൂരിഭാഗവും.

TAGS :

Next Story