Quantcast

വിമാനയാത്രയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ചു; യുവതിക്ക് മൂന്നു മണിക്കൂർ ബാത്‌റൂം ക്വാറന്റൈൻ

രണ്ട് പിസിആർ ടെസ്റ്റും അഞ്ച് റാപിഡ് ടെസ്റ്റും നടത്തിയാണ് മരീസ വിമാനത്തിൽ കയറിയത്. ബൂസ്റ്റർ ഡോസടക്കം കോവിഡ് വാക്‌സിനെടുക്കുകയും ചെയ്തിരുന്നു ഇവർ

MediaOne Logo

Web Desk

  • Published:

    1 Jan 2022 11:08 AM GMT

വിമാനയാത്രയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ചു; യുവതിക്ക് മൂന്നു മണിക്കൂർ ബാത്‌റൂം ക്വാറന്റൈൻ
X

വിമാനയാത്രയ്ക്കിടെ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് മൂന്നു മണിക്കൂറോളം ബാത്‌റൂമിൽ ക്വാറന്റൈനിൽ കഴിഞ്ഞ് യുവതി. ഷിക്കാഗോയിൽനിന്ന് ഐസ്‌ലൻഡിലേക്കുള്ള യാത്രാമധ്യേയാണ് മിഷിഗണിൽനിന്നുള്ള അധ്യാപികയായ മരീസ ഫോഷിയോക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. തുടർന്ന് ഇവരെ ബാത്‌റൂമിലേക്ക് മാറ്റുകയായിരുന്നു.

വിമാനയാത്രയ്ക്കിടെ കടുത്ത തൊണ്ടവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് വിമാനത്തിന്റെ ബാത്‌റൂമിലെത്തി റാപിഡ് ടെസ്റ്റ് നടത്തിയത്. പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ബാത്‌റൂമിൽ തന്നെ ഇരിക്കാനുള്ള സൗകര്യം സജ്ജീകരിച്ച് ക്വാറന്റൈൻ ഒരുക്കി.

രണ്ട് പിസിആർ ടെസ്റ്റും അഞ്ച് റാപിഡ് ടെസ്റ്റും നടത്തിയാണ് മരീസ വിമാനത്തിൽ കയറിയതെന്നതാണ് കൗതുകകരമായ കാര്യം. ഇതോടൊപ്പം മുഴുവൻ ഡോസ് വാക്‌സിൻ സ്വീകരിക്കുകയും ബൂസ്റ്റർ ഡോസടക്കം എടുക്കുകയും ചെയ്തിരുന്നു. ഇതിനുമുൻപും നിരന്തരം കോവിഡ് പരിശോധന നടത്തിയിരുന്നയാളാണ് ഇവർ. അപ്പോഴൊന്നും രോഗം സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ, ഐസ്‌ലൻഡിലേക്ക് വിമാനം പറന്നുയർന്ന് അരമണിക്കൂറിനിടെയാണ് തൊണ്ടവേദന മൂലം വീണ്ടും ടെസ്റ്റ് നടത്തിനോക്കിയതും കോവിഡ് സ്ഥിരീകരിക്കുന്നതും.

''തൊണ്ടവേദന അനുഭവപ്പെട്ടപ്പോൾ ഒന്നു ടെസ്റ്റ് നടത്തിനോക്കാമെന്ന് ചിന്തിച്ചു. റാപിഡ് ടെസ്റ്റ് എടുത്തപ്പോൾ ഫലം പോസിറ്റീവായിരുന്നു. ഇതോടെ ആശങ്കയായി. ആകെ പരിഭ്രാന്തയായി. കരയാനും തുടങ്ങി. കുടുംബം കൂടെയുണ്ട്. തൊട്ടുമുൻപാണ് അവർക്കൊപ്പം ഭക്ഷണം കഴിച്ചത്. അവരെക്കുറിച്ച് ആലോചിച്ചു. വിമാനത്തിലെ മറ്റു യാത്രക്കാരുടെ കാര്യവും മനസിൽ വന്നു. എന്റെ തന്നെ കാര്യത്തിലും ഉത്കണ്ഠയായി..'' ആ നിമിഷത്തെക്കുറിച്ച് മരീസ ഫോഷിയോ മാധ്യമങ്ങളോട് പ്രതികരിച്ചു.

പോസിറ്റീവാണെന്ന് സ്ഥിരീകരിച്ച കാര്യം വിമാന ജീവനക്കാരോട് പറഞ്ഞു. എന്നാൽ, വിമാനത്തിൽ ഒഴിഞ്ഞ സീറ്റുണ്ടായിരുന്നില്ല. ഇതോടെ താൻ തന്നെയാണ് ബാത്‌റൂമിലിരിക്കാൻ തീരുമാനിച്ചതെന്ന് അവർ വെളിപ്പെടുത്തി. മറ്റു യാത്രക്കാർക്കിടയിൽ ഇരിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും മരീസ പറഞ്ഞു.

സഹോദരനും അച്ഛനുമായിരുന്നു മരീസയ്‌ക്കൊപ്പം വിമാനത്തിലുണ്ടായിരുന്നത്. ഇരുവർക്കും രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഐസ്‌ലൻഡിൽ വിമാനമിറങ്ങിയ ശേഷം ടെസ്റ്റ് നടത്തുകയും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്ന് തൊട്ടടുത്തുതന്നെ ഹോട്ടലിൽ മുറിയെടുത്ത് ഇവർ ക്വാറന്റൈനിലേക്ക് മാറുകയായിരുന്നു.

Summary: A US woman was quarantined in an aeroplane bathroom for three hours after testing positive for COVID-19 halfway through a flight from Chicago to Iceland

TAGS :

Next Story