Quantcast

സഹോദരിയെ ചികിത്സിക്കണം; സ്വന്തം അക്കൗണ്ടിലെ പണം പിൻവലിക്കാൻ കളിത്തോക്കുമായി ബാങ്ക് 'കവർച്ച' നടത്തി യുവതി

മേശയുടെ മുകളിൽ തോക്കുമായി യുവതി നിൽക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു

MediaOne Logo

Web Desk

  • Published:

    18 Sep 2022 2:36 AM GMT

സഹോദരിയെ ചികിത്സിക്കണം; സ്വന്തം അക്കൗണ്ടിലെ പണം പിൻവലിക്കാൻ കളിത്തോക്കുമായി ബാങ്ക് കവർച്ച നടത്തി യുവതി
X

ബെയ്റൂട്ട്: കളിത്തോക്ക് കാണിച്ച് സ്വന്തം അക്കൗണ്ടിൽ നിന്ന് 10 ലക്ഷം പണം പിൻവലിച്ച് യുവതി. ലെബനിലാണ് ഈ 'കവർച്ച' നടന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് ലെബനിപ്പോൾ. മൂന്ന് വർഷം മുമ്പുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം രാജ്യത്തെ മിക്ക ബാങ്കുകളും അവരുടെ നിക്ഷേപകരുടെ സമ്പാദ്യം തിരിച്ചുനൽകുന്നില്ല. ആളുകൾക്ക് അവരുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും പണം കിട്ടാൻ പാടുപെടുന്ന അവസ്ഥയാണ്.

ഇത്തരത്തിലുള്ള അവസ്ഥയിലൂടെ കടന്നുപോകുന്ന സാലി ഹഫീസ് എന്ന യുവതിയാണ് ഈ സാഹസത്തിന് മുതിർന്നത്. ഇവരുടെ സഹോദരി അർബുദ രോഗിയാണ്. സഹോദരിയുടെ ചികിത്സക്ക് വേണ്ടി ലക്ഷങ്ങൾ ആവശ്യമായി വന്നു. എന്നാൽ ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ അവർ കൈമലർത്തി. ഒടുവിൽ ഗത്യന്തരം ഇല്ലാതെയാണ് ബാങ്ക് കവർച്ച ചെയ്യാൻ തീരുമാനിച്ചത്. 28 കാരിയായ സാലി ആക്ടിവിസ്റ്റും ഇന്‍റീരിയര്‍ ഡിസൈനറുമാണ്. ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുമ്പോൾ സ്വന്തം ഫേസ്ബുക്ക് പേജില്‍ ലൈവ് വീഡിയോയും സാലി പങ്കുവെച്ചു. സുരക്ഷാസേന എത്തുന്നതിന് മുമ്പ് യുവതി ജനല്‍ വഴി രക്ഷപ്പെട്ടതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.

''ഞങ്ങൾ ഇത് ചെയ്തില്ലെങ്കിൽ, എന്റെ മകൾ മരിക്കുമായിരുന്നു,' എന്നാണ് യുവതിയുടെ അമ്മ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്.'ഞങ്ങൾക്ക് ആകെയുള്ളത് ബാങ്കിലെ ഈ പണം മാത്രമാണ്. ഈ പണം എടുക്കാൻ മകൾ നിർബന്ധിച്ചു. അവളുടെ അക്കൗണ്ടിലെ പണം ആവശ്യത്തിന് എടുക്കുന്നത് അവളുടെ അവകാശമാണെന്നും അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് ബെയ്‌റൂട്ടിലെ ബാങ്കിലെത്തി യുവതി കളിത്തോക്ക് കാണിച്ച് ജീവനക്കാരെ മുൾമുനയിൽ നിർത്തിയത്. പണം നൽകിയില്ലെങ്കിൽ ആത്മഹത്യചെയ്യുമെന്നും ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് ഒരുമണിക്കൂറിനുള്ളിൽ പത്ത് ലക്ഷം രൂപയുമായി യുവതി പോയത്. 16 ലക്ഷം രൂപ ഇവരുടെ അക്കൗണ്ടിൽ നിക്ഷേപമുണ്ടായിരുന്നു. മേശയുടെ മുകളിൽ തോക്കുമായി യുവതി നിൽക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു. നിരവധി പേർ യുവതിയെ അഭിനന്ദിച്ച് രംഗത്തെത്തി. യുവതിയെ അറസ്റ്റ് ചെയ്‌തെങ്കിലും ബാങ്കിന് പരാതിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് വെറുതെ വിട്ടയക്കുകയായിരുന്നു.

ഒരു മാസത്തിനിടെ ലെബനനിൽ ഇത്തരത്തിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. രോഗിയായ പിതാവിനെ ചികിത്സിക്കുന്നതിനായി സ്വന്തം അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ ഒരാൾ ഇതുപോലെ ബാങ്ക് കൊള്ളയടിച്ചിരുന്നു.

TAGS :

Next Story