ലോകത്തിലെ ഏറ്റവും വലിയ മുതലയുടെ 120-ാം പിറന്നാള്‍ കളറാക്കി മൃഗശാല അധികൃതര്‍
ക്വീൻസ്‌ലാന്‍റിലെ ഗ്രീൻ ഐലൻഡിലെ മറൈൻലാൻഡ് ക്രോക്കോഡൈൽ പാർക്കിലെ മുതലയുടെ പിറന്നാള്‍ ആഘോഷിച്ചതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു

കാഷ്യസ്
സിഡ്നി: ലോകത്തിലെ ഏറ്റവും വലിയ മുതലയായ ആസ്ത്രേലിയയിലെ കാഷ്യസിന്‍റെ 120-ാം ജന്‍മദിനം ആഘോഷമാക്കി മൃഗശാല അധികൃതര്‍. ക്വീൻസ്‌ലാന്‍റിലെ ഗ്രീൻ ഐലൻഡിലെ മറൈൻലാൻഡ് ക്രോക്കോഡൈൽ പാർക്കിലെ മുതലയുടെ പിറന്നാള്‍ ആഘോഷിച്ചതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
ഏകദേശം 18 അടി നീളമുള്ള ഭീമൻ മുതല 1987 മുതൽ പാർക്കിലെ താമസക്കാരനാണ്. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ മുതല എന്ന ഗിന്നസ് വേൾഡ് റെക്കോഡുമുണ്ട്. ഇഷ്ടവിഭവങ്ങള്‍ നല്‍കിയാണ് കാഷ്യസിന്‍റെ പിറന്നാള്‍ ആഘോഷിച്ചത്. ചിക്കനും ട്യൂണയും ഉള്‍പ്പെടെയുള്ള ഭക്ഷണങ്ങളാണ് കാഷ്യസിനു നല്‍കിയത്. 1984 -ല്‍ ഡാര്‍വിന്റെ തെക്ക്- പടിഞ്ഞാറ് 81 കിലോമീറ്റര്‍ അകലെയുള്ള ലാ ബെല്ലെ സ്റ്റേഷനിലെ ഫിന്നിസ് നദിയില്‍ നിന്നാണ് ഈ മുതലയെ പിടികൂടിയത് എന്നാണ് മുതല ഗവേഷകനായ പ്രൊഫസര്‍ ഗ്രെയിം വെബ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. കയറുകൊണ്ട് കെണി ഒരുക്കി അതിസാഹസികമായാണ് മുതലയെ പിടികൂടിയത് എന്നും അദ്ദേഹം പറഞ്ഞു.
5 ഇഞ്ച് വലിപ്പത്തില്‍ ഇതിന്‍റെ വാലും മൂക്കിന്‍റെ ഭാഗങ്ങളും നഷ്ടപ്പെട്ടിട്ടുള്ളതായാണ് അദ്ദേഹം പറയുന്നത്. പിടിക്കപ്പെട്ട് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ജോര്‍ജ്ജ് ക്രെയ്ഗ് എന്ന വ്യക്തി കാഷ്യസിനെ വാങ്ങുകയും, 1987 -ല്‍ അതിനെ ഗ്രീന്‍ ഐലന്‍ഡിലേക്ക് മാറ്റുകയുമായിരുന്നു. വലിയ മുതലകളെ കുറിച്ചുള്ള അന്താരാഷ്ട്ര ഗവേഷണത്തെ അടിസ്ഥാനമാക്കിയാണ് ഇതിന് 120 വയസ് കണക്കാക്കിയതെന്നാണ് മൃഗശാല അധികൃതര്‍ പറയുന്നത്. വാര്‍ദ്ധക്യത്തില്‍ എത്തിയെങ്കിലും മൃഗശാലയിലെ ഇപ്പോഴും സജീവമായ മുതലയാണ് കാഷ്യസ് എന്നും മൃഗശാല അധികൃതര്‍ അഭിപ്രായപ്പെട്ടു.
അന്തരിച്ച എലിസബത്ത് രാജ്ഞി, ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗ്, തായ്‌ലൻഡ് രാജാവ്, ആസ്ത്രേലിയന്‍ മുൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ എന്നിവരുൾപ്പെടെയുള്ള പ്രമുഖര്‍ കാഷ്യസിനെ സന്ദര്‍ശിച്ചിട്ടുണ്ട്.
Adjust Story Font
16


