ആദ്യ ഭാര്യ അറിഞ്ഞാൽ കഥ മാറും!; ഗർഭിണിയായ രണ്ടാം ഭാര്യയെ കാണാൻ പാസ്പോർട്ടില്ലാതെ യാത്ര ചെയ്ത യുവാവ് പിടിയിൽ
ആരും ഈ മാർഗം പിന്തുടരുതെന്ന മുന്നറിയിപ്പും പൊലീസ് നൽകുന്നുണ്ട്

ക്വാലാലംപൂർ: ഗർഭിണിയായ ഭാര്യയെ കാണാൻ ഒരു യുവാവ് നടത്തിയ സാഹസിക യാത്രയാണ് മലേഷ്യയിൽ ഇപ്പോൾ ചൂടുള്ള വാർത്ത. എന്തിനാണ് ഈ വളഞ്ഞ വഴിയെന്ന് ചോദിച്ച പൊലീസുകാർ മറുപടി കേട്ട് ശരിക്കും ഞെട്ടി. പേരാക്ക് സ്വദേശിയായ ലോറി ഡ്രൈവറാണ് മലേഷ്യൻ പൊലീസിൻ്റെ പിടിയിലായത്. ആരും ഈ മാർഗം പിന്തുടരുതെന്ന മുന്നറിയിപ്പും പൊലീസ് നൽകുന്നുണ്ട്.
സിനിമക്കഥയെ വെല്ലുന്ന സംഭവങ്ങളാണ് നടന്നത്. ഇന്തോനേഷ്യയിൽ നിന്ന് നിയമവിരുദ്ധമായ കടൽമാർഗം മലേഷ്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. തൻ്റെ രണ്ടാം വിവാഹത്തെക്കുറിച്ച് ആദ്യ ഭാര്യ അറിയാതിരിക്കാനാണ് ഇയാൾ ഈ സാഹസത്തിന് മുതിർന്നത്. നാല് കുട്ടികളുടെ പിതാവായ ഇയാൾ ഒരു വർഷം മുൻപാണ് രഹസ്യമായി രണ്ടാത്തെ വിവാഹം കഴിച്ചത്. അഞ്ച് മാസം ഗർഭിണിയായ രണ്ടാം ഭാര്യ ഇന്തോനേഷ്യയിൽ ഗുരുതരാവസ്ഥയിലാണെന്ന വിവരം അറിഞ്ഞതോടെയാണ് ഇയാൾ അവിടേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, പാസ്പോർട്ട് ആദ്യ ഭാര്യയുടെ കൈവശമായിരുന്നു. സത്യം പറഞ്ഞാൽ കുടുംബകലഹം ഉണ്ടാകുമെന്ന് ഭയന്ന ഇയാൾ, മനുഷ്യക്കടത്ത് സംഘത്തെ സമീപിച്ച് കള്ളത്തോണിയിൽ ഇന്തോനേഷ്യയിലെ മെഡാനിലേക്ക് കടക്കുകയായിരുന്നു.
ഇന്തോനേഷ്യയിൽ അഞ്ച് ദിവസം ചിലവഴിച്ച ശേഷം തിരികെ മലേഷ്യയിലേക്ക് വരുന്നതിനിടെ സെലങ്കൂർ തീരത്ത് വെച്ചാണ് മാരിടൈം പൊലീസ് ഇയാളെ പിടികൂടിയത്. പുലർച്ചെ 12:30-ഓടെ രജിസ്‌ട്രേഷൻ ഇല്ലാത്ത ഒരു ഫൈബർ ബോട്ടിൽ മറ്റ് 26 ഇന്തോനേഷ്യൻ കുടിയേറ്റക്കാർക്കൊപ്പമാണ് ഇയാൾ യാത്ര ചെയ്തിരുന്നത്. മ്യാൻമർ സ്വദേശിയായിരുന്നു ബോട്ട് ഓടിച്ചിരുന്നത്. തൊട്ടുപിന്നാലെ രണ്ട് മണിയോടെ മറ്റൊരു ബോട്ട് കൂടി പൊലീസ് പിടികൂടി. ഇതിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 24 പേരുണ്ടായിരുന്നു.
ഒരാളിൽ നിന്ന് ഏകദേശം 35,000 രൂപ മുതൽ 58,000 രൂപ വരെ ഈടാക്കിയാണ് ഇത്തരം മനുഷ്യക്കടത്ത് സംഘങ്ങൾ പ്രവർത്തിക്കുന്നത്. പിടിയിലായ മലേഷ്യൻ സ്വദേശിയേയും കുടിയേറ്റക്കാരെയും ബോട്ട് ജീവനക്കാരെയും കൂടുതൽ നടപടികൾക്കായി പുലാവു ഇന്ദയിലെ മാരിടൈം പൊലീസ് ജെട്ടിയിലേക്ക് മാറ്റി. അതിർത്തി കടന്നുള്ള ഇത്തരം കുറ്റകൃത്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മാരിടൈം ഡയറക്ടർ അറിയിച്ചു.
Adjust Story Font
16

