Quantcast

അടച്ചും തുറന്നും തിയറ്ററുകൾ; മരുഭൂമിയിലെ മരുപ്പച്ചയായി ഒടിടി

മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചിത്രം ഒ.ടി.ടിയിലൂടെ റിലീസ് ചെയ്തത് 2021 ൽ ആയിരുന്നു. ഒടിടിയുടെ വരവോടെ നല്ല സിനിമകൾ കൂടുതൽ പ്രേക്ഷകരിലേക്കെത്തി.

MediaOne Logo

അലി കൂട്ടായി

  • Updated:

    2022-01-04 01:13:49.0

Published:

3 Jan 2022 1:19 PM GMT

അടച്ചും തുറന്നും തിയറ്ററുകൾ; മരുഭൂമിയിലെ മരുപ്പച്ചയായി ഒടിടി
X

2020ലെ മഹാമാരിക്കാലത്തിൻറെ തുടർച്ചയായിരുന്നു 2021ഉം. കോവിഡിൻറെ രണ്ട് തരംഗത്തിനുമിടയിൽ ഏതൊരു മേഖലയെയും പോലെ പകുതിയിലധികം മാസവും സ്തംഭിച്ചുപോയ ആഘോഷങ്ങളും ആൾക്കൂട്ടങ്ങളും ഉത്സവങ്ങളുമെല്ലാം കവർന്നെടുത്ത വർഷം. കോവിഡ് എന്ന മഹാമാരി ഏതൊരു മേഖലയെയും പോലെ വെള്ളിത്തിരയെയും അപ്പാടെ തകർത്തു. ഷൂട്ടിംഗില്ല, സിനിമയില്ല.. ഒരു കാലത്ത് ഉത്സവപ്പറമ്പുകളായിരുന്ന തിയറ്ററുകൾ ആളും ആരവവുമില്ലാതെ അടഞ്ഞു കിടന്നു.

ലോക്ഡൗണിന് ശേഷം 2021ൻറെ തുടക്കത്തിൽ കേരളത്തിൽ തിയറ്ററുകൾ തുറന്നത് റിലീസിന് വേണ്ടി കാത്തിരുന്ന ചിത്രങ്ങൾക്ക് വലിയ ആശ്വാസമായി. മമ്മൂട്ടി നായകനായ പ്രീസ്റ്റ്, വൺ എന്നീ ചിത്രങ്ങൾ തമിഴിൽ നിന്ന് മാസ്റ്റർ തരുൺ മൂർത്തിയുടെ ഓപ്പറേഷൻ ജാവ, ലാൽ ജൂനിയറിൻറെ സുനാമി ടൊവിനോയുടെ കള എന്നീ ചിത്രങ്ങൾ വലിയ ഇടവേളക്ക് ശേഷം വെളിച്ചം കണ്ടു. പല സിനിമകളെയും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. കോവിഡ് വീണ്ടും രൂക്ഷമായതോടെ തിയറ്റർ പിന്നെയും അടച്ചു.

അവിടെയായിരുന്നു മരുഭൂമിയിലെ മരുപ്പച്ചയായി ഒടിടി, സിനിമ പ്രേമികൾക്ക് ആശ്വാസമാവുന്നത്. മലയാളത്തിൽ നിരവധി ചിത്രങ്ങൾ ഒടിടി പ്ലാറ്റ്ഫോമുകൾ വഴി വീടുകളിലേക്കെത്തി. ഒടിടി എന്ന വലിയ സാധ്യത മലയാളസിനിമയ്ക്ക് ആഗോളമുഖം നൽകിയ വർഷവും 2021 തന്നെ.

വർഷാവസാനം തിയറ്ററുകൾ തുറക്കുകയും പ്രേക്ഷകർ പഴയ പോലെ തിയറ്ററിലേക്ക് ഒഴിയെത്തിയതും അതിജീവനത്തിൻറെയും പ്രതീക്ഷയുടെയും സൂചനകൾ നൽകുന്നതായിരുന്നു. പ്രമേയപരവും ആഖ്യാനപരവുമായ വൈവിധ്യമുള്ള ചിത്രങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധ നേടിയ വർഷമായിരുന്നു 2021. പ്രാദേശികമായിരിക്കുമ്പോൾ തന്നെ സാർവലൗകികമായ പ്രമേയങ്ങൾ ഈ വർഷത്തെ സിനിമകളിൽ സമന്വയിക്കുന്നത് തുടർച്ചയായി നമ്മൾ കണ്ടു. 2021 ൽ നമ്മെ വിസ്മയിപ്പിച്ച പത്ത് ചിത്രങ്ങൾ.


10. ഓപ്പറേഷൻ ജാവ


നവാഗതനായ തരുൺ മൂർത്തിയുടെ സംവിധാനത്തിലെത്തിയ ചിത്രമായിരുന്നു ഓപ്പറേഷൻ ജാവ. 2021 ഫെബ്രുവരി 12 ന് തിയറ്ററുകളിലെത്തിയ ചിത്രം സൈബർ കേസുകളുമായി ബന്ധപ്പെ' കഥ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന രീതിയിലാണ് പറഞ്ഞത്. ചിത്രത്തിൽ ബാലു വർഗീസ്, ലുക്മാൻ അവറാൻ, ബിനു പപ്പു, ഷൈൻ ടോം ചാക്കോ എിവരായിരുന്നു പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത്.


9. ദൃശ്യം 2


ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ മലയാള ചിത്രം. ഐഎംഡിബിയുടെ 2021 ലെ ഇന്ത്യയിലെ മികച്ച പത്ത് സിനിമകളുടെ പട്ടികയിൽ സ്ഥാനം പിടിച്ച സിനിമ, ആമസോൺ പ്രൈമിന് കേരളത്തിന് സബ്ക്രൈബേഴ്സിന്റെ പ്രളയമുണ്ടിക്കി കൊടുത്ത ചിത്രം- ഒറ്റ പേര് ദൃശ്യം 2. 2013ലെ ജീത്തു ജോസഫ്- മോഹൻലാൽ കോംബോ വീണ്ടും ചിത്രത്തിൻറെ രണ്ടാം ഭാഗവുമായി എത്തിയപ്പോൾ പ്രതീക്ഷ അസ്ഥാനത്തായില്ല. ആശിർവാദ് സിനിമാസിനു വേണ്ടി ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം 2021 ഫെബ്രുവരി 19-നു ആമസോ പ്രൈം വീഡിയോയിലൂടെ റിലീസ് ചെയ്തത്.


8. ഹോം


ഒരു ഫീൽ ഗുഡ് സിനിമ കണ്ടു മനസു തുറന്നു ചിരിച്ചിട്ട് എത്ര കാലമെത്രയായി എന്ന ചോദിച്ചിരിന്നവർക്ക് ഉത്തരമായിരുന്നു ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ റോജിൻ തോമസ് രചനയും സംവിധാനവും നിർവഹിച്ച ഹോം എന്ന സിനിമ. കഴിഞ്ഞ നാൽപ്പതുവർഷങ്ങളായി പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്ത ഇന്ദ്രൻസ് എന്ന നടനെ വേറൊരു കളറിൽ ഈ സിനിമയിൽ കണ്ടു.


മധുരം


സോണി ലൈവിലൂടെ എത്തിയ ജോജു ജോർജ് ചിത്രം യഥാർത്ഥത്തിൽ ഹൃദയത്തിൽ മധുരം നിറക്കുന്ന ആഖ്യാനമാണ്. ഫീൽ ഗുഡ് ചിത്രങ്ങളോട് മലയാളി പ്രേക്ഷകർ കാണിക്കുന്ന താൽപര്യം തന്നെയാണ് മധുരത്തിന്റെ മികച്ച പ്രതികരണത്തിന് പിന്നിൽ. ഗംഭീര ഫ്രൈമുകളിലൂടെ ചെറിയ കഥയെ മനോഹരമായി അവതരിപ്പിച്ചാണ് ജൂൺ എന്ന ചിത്രത്തിന് ശേഷം അഹ്‌മദ് കബീർ മധുരം മലയാളിക്ക് സമ്മാനിച്ചത്. ഗാനങ്ങളും സിനിമയോടപ്പം ഹിറ്റായി.


7. ചുരുളി


സിനിമയിലെ സംഭാഷണങ്ങൾ ചർച്ചയാവുക, ഒരുപാട് അടരുകളിൽ പറഞ്ഞ കഥ മനസ്സിലാകാതെ പോവുക. ഒരു സിനിമ ലൈം ലൈറ്റിൽ ദിവസങ്ങൾ നിൽക്കുക- ചുരുളി എന്ന സിനിമ മലയാളത്തിൽ ഉണ്ടാക്കിയ ഓളം ചില്ലറയല്ല.

ഒരിക്കലും പ്രതീക്ഷിക്കാനാവാത്ത ഭ്രാന്തമായ പ്രവചനാതീതമായ അനുഭവമാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രങ്ങൾ പലപ്പോഴും നൽകാറുള്ളത് ചുരുളിയിലും ആ പതിവ് തെറ്റിച്ചില്ല. തുടക്കം മുതൽ അവസാനം വരെ വിട്ടു പോവാൻ തോന്നാത്തവിധം ഒരുതരം ഉന്മാദാവസ്ഥയിലൂടെയാണ് ചുരുളി കടന്നുപോകുത്. വിനയ് തോമസിന്റെ ചെറുകഥയെ അടിസ്ഥാനമാക്കി എസ്.ഹരീഷാണ് ചുരുളിയുടെ തിരക്കഥ ഒരുക്കിയിരിക്കുത്. രാജ്യാന്തര ചലച്ചിത്രമേളകളിലെ പ്രദർശനത്തിന് ശേഷം നവംബർ 19 ന് ഒടിടി വഴിയായിരുന്നു ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.


6. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ


ജനുവരി 15ന് മലയാളം ഒ.ടി.ടി പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെയാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ പ്രദർശനത്തിനെത്തുന്നത് ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം വത്യസ്തമായ പ്രമേയവും റിയലിസ്റ്റിക്കായ ആഖ്യാനവും കൊണ്ട് ചർച്ചയായി. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ലോക്ക് ഡൗൺ കാലത്ത് ചെറിയ ചുറ്റുപാടിൽ നിന്നാണ് പൂർത്തീകരിച്ചത്.


5. മാലിക്


തിയറ്ററിൽ തന്നെ കാണണമെന്ന് ആഗ്രഹിച്ചിരുന്ന് ഒടിടിയിൽ കാണാൻ വിധിക്കപ്പെട്ട മലയാള ചിത്രങ്ങളുടെ പട്ടികയിൽ മുൻ നിരയിലാണ് മാലിക്കിന്റെ സ്ഥാനം. ടേക്ക് ഓഫിനും സീയു സൂണിനും ശേഷം മഹേഷ് നാരായണൻ ഫഹദ് ഫാസിലിനെ വെച്ചൊരുക്കിയ ദൃശ്യ വിസ്മയമായിരുന്നു മാലിക്.

രണ്ടര മണിക്കൂറിലേറെ ദൈർഘ്യമുള്ള, ലാഘവത്തോടെ കണ്ടുതീർക്കാവുന്ന വെറുമൊരു സിനിമാക്കാഴ്ചയല്ല, മാലിക് മറിച്ച് കേരളം മറക്കാത്ത വലിയൊരു നരഹത്യയെ, വീണ്ടും ഓർമപ്പെടുത്തുന്നുണ്ട് ചിത്രം. യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, തന്റെ ഭാവനയും കലർത്തിയാണ് മഹേഷ് നാരായണൻ 'മാലിക്' എന്ന പൊളിറ്റിക്കൽ ഡ്രാമ ഒരുക്കിയത്. ജൂലൈ 15 ന് ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ആയത്. ഫഹദിനൊപ്പം നിമിഷ സജയൻ, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, ജോജു ജോർജ്, ജലജ എന്നിവർ ഉൾപ്പെട്ട മികച്ച കാസ്റ്റിംങ് ആണ് മാലികിൻറെ ഏറ്റവും വലിയ പ്രത്യേകത.


4. ജോജി


ദിലീഷ് പോത്തൻ- ശ്യാം പുഷ്‌ക്കർ- ഫഹദ് മലയാള സിനിമാ ആസ്വോദകരുടെ ഇഷ്ട കോംബോയാണിത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. ഫഹദിന് പാൻ ഇന്ത്യൻ ലെവലിൽ അഭിനന്ദനം നേടിക്കൊടുത്ത് കഥാപാത്രമായിരുന്നു ജോജി.

ഷേക്സ്പിയറിന്റെ മാക്ബത്തിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ് ദിലീഷ് പോത്തൻ കഥയൊരുക്കിയത്. കേട്ടു പഴകിയൊരു കഥ മറ്റൊരു തലത്തിൽ അവതരിപ്പിച്ചതാണ് ജോജിയുടെ വിജയം. സിനിമാറ്റിക് റിയലിസത്തിലൂടെ കഥ പറഞ്ഞ ചിത്രത്തിൽ ഉണ്ണിമായ പ്രസാദ്, ഷമ്മി തിലകൻ എിവരായിരുന്നു പ്രധാന അഭിനേതാക്കൾ.


3. മിന്നൽ മുരളി


മലയാളത്തിന് സ്വന്തമായി ഒരു സൂപ്പർ ഹീറോ ഉണ്ടായ വർഷമായിരുന്നു 2021. കുറുക്കൻ മൂലയുടെ രക്ഷകനായി അവതരിച്ച മിന്നൽ മുരളി മലയാളി ഹൃദയങ്ങളിൽ മാത്രമല്ല സിനിമയെ സ്നേഹിക്കുന്നവർക്കും പ്രിയപ്പെട്ടവനായി. ബേസിൽ ജോസഫിന്റെ മുൻ ചിത്രങ്ങളെ പോലെ തന്നെ പ്രേക്ഷകരിലേക്ക് എളുപ്പത്തിൽ എത്തുന്ന അവതരണം കൊണ്ടും മിന്നൽ മുരളി ശ്രദ്ധ നേടി. നെറ്റ്ഫ്ളിക്സ് മിന്നൽ മുരളിയെ ലോക നിലവാരത്തിലേക്കുയർത്തി. പ്രതി നായകനായി എത്തിയ ഗുരുസോമസുന്ദരത്തിൻറെ പ്രകടനം കയ്യടി നേടി. നായകനൊപ്പം വില്ലനെയും പ്രേക്ഷകർ ഏറ്റെടുത്തു.


2. തിങ്കളാഴ്ച നിശ്ചയം


സ്‌ക്രീനിൽ ഇതുവരെ കാണാത്ത അഭിനേതാക്കൾ, പേര്കേട്ട സംവിധായകനോ ബാനറോ സിനിമക്ക് പിന്നിലില്ല. എന്നിട്ടും ഒരു സിനിമ ആസ്വോദകരുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കണമെങ്കിൽ അതിന് ഒറ്റക്കാരണമെ ഉള്ളു. അത് ആസ്വദകനെ സിനിമയിലേക്കുള്ളിലേക്ക് ചേർത്ത് നിർത്തുന്ന ഒരു ഘടകം പ്രവർത്തിച്ചിട്ടുണ്ട്. തിങ്കളാഴ്ച നിശ്ചയത്തിൽ അത് ആഖ്യനത്തിന്റെ രൂപത്തിലായിരുന്നു. ഒപ്പം പുതുമുഖങ്ങളായി വന്ന് കസറിയിട്ട് പോയ ഒരുപിടി അഭിനേതാക്കളും.

കാസർകോട് പശ്ചാത്തലമാക്കി ഹെഗ്ഡെ ഒരുക്കിയ ചിത്രം ഒരു സർപ്രൈസ് ഹിറ്റ് ആയി. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച രണ്ടാമത്തെ സിനിമയ്ക്കും മികച്ച കഥയ്ക്കുമുള്ള പുരസ്‌കാരവും തിങ്കളാഴ്ച നിശ്ചയം നേടി.


1. നായാട്ട്


ഒരു സിനിമ വാണിജ്യ ഉത്പന്നമെന്നതിലുപരി, ശക്തമായ ഒരു മാധ്യമവും ഒരു കലാസൃഷ്ടിയുമൊക്കെയാകുന്നത്, അതിനെ അതിന്റെ കാലത്തിനും ദേശത്തിനുമൊക്കെ നേരേ പിടിച്ച സത്യസന്ധമായ ഒരു കണ്ണാടിയാക്കുമ്പോഴാണ്. അങ്ങനെയൊരു കണ്ണാടിയാണ് മാർട്ടിൻ പ്രക്കാട്ടിന്റെ നായാട്ട്.മലയാള സിനിമ 2021 ൽ അന്താരാഷ്ട്ര തലത്തിലെത്തിയത് നായാട്ടിൻറെ ചിറകിലേറിയാണ്.

മാർട്ടിൻറെ മുൻകാലചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായി സർവൈവൽ ത്രില്ലർ സ്വഭാവത്തിലുള്ള ഇതിവൃത്തമായിരുന്നു ചിത്രത്തിന്. ആദ്യാവസാനം വരെയും പ്രേക്ഷകനെ കഥയിൽ കുടുക്കിയിടുന്ന ആഖ്യാനരീതി. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഹി കബീറിൻറെ കെട്ടുറപ്പോടെ കഥ തന്നെയായിരുന്നു സിനിമയുടെ വിജയം.കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ, ജോജു ജോർജ് അഭിനേതാക്കളുടെ പ്രകടനവും സനിമയെ മികച്ചതാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

ഏറെ നാളത്തെ ഇടവേളക്ക് ശേഷം തിയേറ്ററിൽ ചിരിപ്പൂരം തീർത്ത് ജാൻ എ മൻ അപ്രതീക്ഷിത വിജയസിനിമകളുടെ പട്ടികയിൽ ഇടം പിടിച്ചു. ടൊവിനോയുടെ കള, ജൂഡ് ആൻറണി ചിത്രം സാറാസ് ടിനു പാപ്പച്ചൻ ചിത്രം അജഗജാന്തരം തുടങ്ങിയ ചിത്രങ്ങളും ജനഹൃദയങ്ങൾ കീഴടക്കി. ലോക്ഡൗണിൽ കഴിഞ്ഞ് വീണ്ടും ഉണർന്ന തിയറ്ററുകളെ സജീവമാക്കിയതിൽ മരക്കാർ, കുറുപ്പ്, വൺ, പ്രീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. ഒപ്പം പുഷ്പ, മാസ്റ്റർ, സ്പൈഡർ നോ വേ ഹോം എന്നി അന്യഭാഷ ചിത്രങ്ങളും ബോക്സ് ഓഫീസ് കുലുക്കി.


മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ചിത്രം ഒ.ടി.ടിയിലൂടെ റിലീസ് ചെയ്തത് 2021 ൽ ആയിരുന്നു. ഒടിടിയുടെ വരവോടെ നല്ല സിനിമകൾ കൂടുതൽ പ്രേക്ഷകരിലേക്കെത്തി. കഥയുടെ മേക്കിങിന്റെ അഭിനേതാക്കളുടെ പ്രകടനം, പശ്ചാത്തല സംഗീതം വരെ നീളുന്ന ആഴത്തിലുള്ള ചർച്ചകൾക്ക് കൂടുതൽ കളമൊരുങ്ങി. തിയറ്ററിൽ റിലീസ് ചെയ്ത ചിത്രങ്ങൾ അധികം വൈകാതെ ഒടിടിയിലും എത്തിത്തുടങ്ങി.

TAGS :

Next Story