ഹർനാസ് സന്ധു, ലീന നായർ, സൗമ്യ സ്വാമിനാഥൻ, ഗീത ഗോപിനാഥ്; പെൺകുതിപ്പിന്റെ പൊൻവർഷം

ഫാഷൻ ലോകം മുതൽ സാമ്പത്തിക നയപരിപാടികളിൽ വരെ നീണ്ടുനിന്ന പെൺമുദ്രയുടെ അടയാളപ്പെടുത്തലുകളുടെ വർഷം കൂടിയാണ് കടന്നുപോയത്

MediaOne Logo

പി ലിസ്സി

  • Updated:

    2022-01-03 01:51:15.0

Published:

2 Jan 2022 8:44 AM GMT

ഹർനാസ് സന്ധു, ലീന നായർ, സൗമ്യ സ്വാമിനാഥൻ, ഗീത ഗോപിനാഥ്; പെൺകുതിപ്പിന്റെ പൊൻവർഷം
X

ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് നേട്ടത്തിന്റെ നെറുകയിലേക്ക് നടന്നു കയറിയ പെൺകരുത്തുകളുടെ കൂടി വർഷമാണ് 2021. ഫാഷൻ ലോകം മുതൽ സാമ്പത്തിക നയപരിപാടികളിൽ വരെ നീണ്ടുകിടന്നു പെൺമുദ്രയുടെ അടയാളപ്പെടുത്തലുകൾ. രണ്ടു പതിറ്റാണ്ടിന് ശേഷം ലോകസുന്ദരിപട്ടം ഇന്ത്യയിലേക്കെത്തിച്ച ഹർനാസ് സന്ധു, ആഡംബര ഫാഷൻ കമ്പനിയായ ഷനെലിന്റെ തലപ്പെത്തെത്തിയ ലീന നായരും ഐ.എം.എഫിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി നിയമിക്കപ്പെട്ട മലയാളി കൂടിയായ ഗീതഗോപിനാഥ്... അങ്ങനെ ഒത്തിരി വനിതകൾ. കഴിവും ആത്മവിശ്വാസവും അർപ്പണബോധവുമുണ്ടെങ്കിൽ സ്വപ്നം കാണുന്ന ഏത് ഉയരത്തിലുമെത്താമെന്ന് കാട്ടിത്തന്ന ഈ വർഷത്തെ ചില സിങ്കപ്പെണ്ണുങ്ങൾ;


ഹർനാസ് സന്ധു

ഡിസംബർ 13. ഇസ്രായേലിലെ എയ്‌ലറ്റിൽ നടന്ന 70 ാമത്തെ മിസ് യൂനിവേഴ്‌സ് മത്സരത്തിന്റെ ഫലപ്രഖ്യാപനത്തിന് മിനുറ്റുകൾ മാത്രം. ഏവരും ശ്വാസമടക്കിയിരിക്കുന്നു. ഒടുവിൽ പ്രഖ്യാപനം. അതേ, ഈവർഷത്തെ ലോകസുന്ദരി ഇന്ത്യയിൽ നിന്ന്. 21 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകസുന്ദരി പട്ടം ഇന്ത്യയിലേക്ക് ഒരു 21 കാരിയിലൂടെ എത്തുകയായിരുന്നു. ചത്തീസ്ഗഢ് സ്വദേശിയാണ് ഹർനാസ് സന്ധു. 1994 ൽ സുസ്മിത സെനും 2000 ൽ ലാറാദത്തയും കിരീടം ചൂടിയതിന് ശേഷം ഒരു ഇന്ത്യക്കാരി ആ നേട്ടം കൈവരിക്കാൻ 2021 വരെ കാത്തിരിക്കേണ്ടി വന്നു. ഫൈനലിൽ പരാഗ്വെയുടെയും ദക്ഷിണാഫ്രിക്കയുടെയും സുന്ദരിമാരെ പിന്നിലാക്കിയാണ് സന്ധു ആ കിരീടം തലയിൽ ചൂടിയത്.'ഇക്കാലത്ത് യുവതികൾ അനുഭവിക്കുന്ന സമ്മർദ്ദത്തെക്കുറിച്ച് അവർക്ക് എന്തുപദേശമായിരിക്കും നിങ്ങൾ നൽകുക'' എന്ന ചോദ്യത്തിന് ഹർനാസ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു.

''അവനവനിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്നതാണ് ഇക്കാലത്ത് യുവതികൾ നേരിടുന്ന ഏറ്റവും വലിയ സമ്മർദ്ദം.നിങ്ങളെപ്പോലെ വേറെ ആരുമില്ല എന്ന് തിരിച്ചറിയുന്നത് തന്നെ നിങ്ങളെ സുന്ദരിയാക്കും. മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യാതിരിക്കുക. ലോകത്ത് സംസാരിക്കുന്ന മറ്റ് പല പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചും സംസാരിക്കുക. പുറത്തുവരൂ, നിങ്ങള്‍ക്ക് വേണ്ടി സംസാരിക്കൂ, നിങ്ങളാണ് നിങ്ങളുടെ ജീവിതത്തെ നയിക്കേണ്ടത്. നിങ്ങളാണ് നിങ്ങളുടെ ശബ്ദം. ഞാന്‍ എന്നില്‍ വിശ്വസിച്ചു. അതിനാല്‍ ഞാനിന്ന് ഇവിടെ നില്‍ക്കുന്നു'. ഇന്നത്തെ തലമുറയെ പ്രചോദിപ്പിക്കാന്‍ ഉതകുന്ന ഈ വാക്കുകളെ വന്‍കരഘോഷത്തോടെയാണ് കാണികള്‍ എതിരേറ്റത്.

മിസ് യൂണിവേഴ്സ് ഇന്ത്യ 2021, ടൈംസ് ഫ്രഷ് ഫെയ്സ്, ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019 തുടങ്ങിയ നിരവധി നേട്ടങ്ങളും ഈ സുന്ദരി സ്വന്തമാക്കിയിട്ടുണ്ട്. പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തരബിരുദത്തിന് പഠിക്കുകയാണ് സന്ധുവിപ്പോള്‍.


സൗമ്യ സ്വാമിനാഥൻ

കോവിഡ് മഹാമാരി സർവമേഖലയെയും പിടിമുറുക്കിയപ്പോൾ ലോകം എന്തു ചെയ്യണമെന്നറിയാതെ അന്ധാളിച്ചു നിന്ന സമയമുണ്ടായിരുന്നു. രോഗത്തെ കുറിച്ചോ, അതിനെ പ്രതിരോധിക്കേണ്ട മാർഗത്തെ കുറിച്ചോ ആർക്കും വ്യക്തമായ ധാരണയില്ലാത്ത കുറേ നാൾ. അന്ന് ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങളായിരുന്നു ലോകത്തിനാകെ മാർഗദർശിയായിരുന്നത്. ആ സമയങ്ങളിൽ കൊവിഡിനെ കുറിച്ച് ആധികാരികമായി പറഞ്ഞുതരാനും സംശയങ്ങൾ ദൂരികരിക്കാനുമായി നിറഞ്ഞുനിന്ന ഒരാളെ നാം മറന്നുകാണില്ല. ഡോ.സൗമ്യ സ്വാമിനാഥൻ. ലോകാരോഗ്യസംഘടനയുടെ ചീഫ് സയൻറിസ്റ്റാണിവർ. ചെന്നൈ സ്വദേശി. ഹരിത വിപ്ലവത്തിന്റെ പിതാവെന്ന് അറിയുന്ന എം.എസ്.സ്വാമിനാഥന്റെയും വിദ്യാഭ്യാസ വിദഗ്ദ്ധയായ മിന സ്വാമിനാഥന്റേയും മകൾ.

ആംഡ് ഫോഴ്‌സസ് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്സും അഖിലേന്ത്യവൈദ്യശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടീൽ നിന്ന് എം.ഡിയും ദേശീയ പരീക്ഷ ബോർഡിന്റെ ഡിപ്ലൊമേറ്റ് ഓഫ്‌നാഷണൽ ബോർഡും നേടി. ശിശു രോഗവിദഗ്ധകൂടിയായ സൗമ്യ ലോസ് ആഞ്ചലസിലെ കുട്ടികളുടെ ആശുപത്രിയിൽ ഡോക്ടറൽ മെഡിക്കൽ എല്ലൊഷിപ് ആയിരുന്നു.

ഇന്നും കൊറോണയുടെ മാറി മാറി വരുന്ന വകഭേദത്തെകുറിച്ചും അതിനെ പ്രതിരോധിക്കേണ്ട മാർഗത്തെകുറിച്ചുമെല്ലാം ലോകത്തിന് അറിവ് നൽകുന്ന തിരക്കിലാണ് സൗമ്യ സ്വാമിനാഥൻ.

ലീന നായർ

ഫ്രഞ്ച് ആഡംബര ഫാഷൻ കമ്പനിയായ ഷനെലിന്റെ തലപ്പെത്തുന്ന ഇന്ത്യൻ വംശജ. ആഗോള കമ്പനികളുടെ തലപ്പെത്തുന്ന വനിതകളുടെ നിരയിലേക്കെത്തുന്ന മറ്റൊരു ഇന്ത്യക്കാരി. ബ്രിട്ടീഷ് കമ്പനിയായ യൂണിലിവറിൽ നിന്ന് 30 വർഷത്തെ മഹത്തായ സേവനം അവസാനിപ്പിച്ചാണ് ലീന നൂറുവർഷത്തോളം പാരമ്പര്യമുളള ഷനെലിന്റെ ഗ്ലോബൽ എക്സിക്യൂട്ടീവായി ചാർജെടുക്കുന്നത്.മഹാരാഷ്ട്രയിലെ കോലാപൂർ ആണ് ലീന നായരുടെ സ്വദേശം. കോലാപൂരിലെ ഹോളി ക്രോസ് കോൺവെന്റ് ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായിരുന്നു.സാംഗ്ലിയിലെ (മഹാരാഷ്ട്ര) വാൽചന്ദ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് പഠിച്ചു. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ബിസിനസ് സ്‌കൂളായ ജംഷഡ്പൂർ സേവിയർ ലേബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സ്വർണമെഡലോടെ ഹ്യൂമൺ റിസോഴ്സിൽ എം.ബി.എ യും പൂർത്തിയാക്കി.

1992 ൽ ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിന്റെ മാനേജ്മെൻറ് ട്രെയിനിയായാണ് ആദ്യമായി ജോലി ആരംഭിക്കുന്നത്. 2007 ൽ സൗത്ത് ഏഷ്യയുടെ എച്ച് ആർ എക്സിക്യൂട്ടീവ് ഡയറക്ടറും 2016 ൽ എച്ച് ആർ മേധാവിയുമായി. ഈ ഡിസംബർ 1 4നാണ് ഷനെലിന്റെ സി.ഇ.ഒ ആയി കമ്പനി പ്രഖ്യാപിച്ചത്.ജനുവരിയിൽ സി.ഇ.ഒ ആയി ചുമതലയേൽക്കും. പാലക്കാട്ടുകാരനായ കുമാർ നായരാണ് ഭർത്താവ്. രണ്ടു മക്കളാണ്. ആര്യൻ, സിദ്ധാർഥ്.


ഫാൽഗുനി നയ്യാർ

ഇന്ത്യയിലെ രണ്ടാമത്തെ വലിയ സമ്പന്നയെന്ന പദവി സ്വന്തമാക്കിയാണ് പ്രമുഖ ഫാഷൻ ബ്രാൻഡായ നൈകയുടെ സ്ഥാപകയായ ഫാൽഗുനി നയ്യാർ ഈ വർഷം വാർത്തകളിൽ ഇടം പിടിക്കുന്നത്. കോട്ടക് മഹീന്ദ്രയുടെ മാനേജിങ് ഡയറക്ടർ പദവിയിൽ നിന്ന് സ്വയം വിരമിച്ച് 2012ലാണ് ഫാൽഗുനി നൈക എന്ന കമ്പനി ആരംഭിക്കുന്നത്. അന്ന് ഫാൽഗുനിക്ക് വയസ് 50. ഇന്ന് ആ കമ്പനിയുടെ ആസ്തി ഏകദേശം 28,000 കോടി രൂപയാണ്.കമ്പനി തുടങ്ങി ഒമ്പത് വർഷം കൊണ്ടാണ് ഈ നേട്ടം.

നായിക എന്ന സംസ്‌കൃതപദമാണ് നൈകയായത്. ലിപ്സ്റ്റിക്കുകളായിരുന്നു അന്ന് പ്രധാനമായും വിപണനം ചെയ്തിരുന്നത്. ഇന്ന് സ്വന്തം ബ്രാന്റുകളിലേതുൾപ്പെടെ 2500 ലേറെ മുൻനിര ബ്രാന്റുകളുടെ എല്ലാ ഉൽപന്നങ്ങളും നൈക വിപണനം ചെയ്യുന്നുണ്ട്. നൈകയുടെ ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമിന് പുറമെ 40 നഗരങ്ങളിലായി 80 ലേറെ സ്റ്റോറുകളുമുണ്ട്. 2020 ൽ കമ്പനി യൂണികോണായി മാറുകയും ചെയ്തു.

ഏഷ്യയിലെ ഏറ്റവും ശക്തയായ വനിത സംരഭകരിൽ ഒരാളായി ഫോബ്‌സ് ഫാൽഗുനിയയെ തെരഞ്ഞെടുത്തിരുന്നു. ബ്ലൂം ബെർഗ് ശതകോടീശ്വര പട്ടികയിൽ സ്വന്തം പ്രയത്നം കൊണ്ട് ഏറ്റവും സമ്പന്നയായ ഇന്ത്യക്കാരി, ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 20 വ്യക്തികളിൽ ഒരാൾ എന്നീ നേട്ടങ്ങളും ഫാൽഗുനി നയ്യാർക്ക് സ്വന്തം. ഗുജറാത്തി കുടംബമാണ് ഫാൽഗുനിയുടെത്. ഭർത്താവ് സഞ്ജയ് നയ്യാർ, മക്കൾ അദ്വൈത, അൻജിത് എന്നിവരും നൈകയുടെ തലപ്പത്തുണ്ട്.

ഗീതഗോപിനാഥ്

ഐ.എം.എഫിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി നിയമിച്ചതോടെയാണ് മലയാളിയും സാമ്പത്തിക വിദഗ്ധയുമായ ഗീതഗോപിനാഥ് വീണ്ടും വാർത്തകളിൽ ഇടം പിടിച്ചത്. നിലവിൽ ഇൻറർനാഷണൽ മോണിറ്ററി ഫണ്ടിന്റെ ആദ്യ ചീഫ് ഇക്കണോമിസ്റ്റാണ് ഗീത ഗോപിനാഥ്. ഐ.എം.എഫിന്റെ മുഖ്യസാമ്പത്തിക ഉപദേശകയാകുന്ന ആദ്യവനിതയാണ് ഗീത. നിലവിലെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ജെഫ്രി ഒകാമോട്ടോ അടുത്തവർഷം സേവനം അവസാനിക്കുന്ന ഒഴിവിലേക്കാണ് ഗീത ഗോപിനാഥിനെ നിയമിക്കുന്നത്.

2018 ഒക്ടോബറിലാണ് 49 കാരിയായ ഗീത ഐ.എം.എഫിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. മൗരി ഓബ്സ്റ്റ് ഫീൽഡിന്റെ പിൻഗാമിയായായിരുന്നു നിയമനം. കണ്ണൂർ മയ്യിൽ സ്വദേശിയായ ഗീത ഗോപിനാഥ് 2016 ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്.

ഹാർവഡ് യൂനിവേഴ്സിറ്റിയുടെ അന്താരാഷ്ട്ര സാമ്പത്തിക ശാസ്ത്ര പഠനവിഭാഗം പ്രൊഫസറാണ് ഇവർ. നൊബൽ സമ്മാനജേതാവായ അമർത്യസെന്നിനുശേഷം ഈ പദവിയിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ്. അതിന് മുമ്പ് ചിക്കാഗോ യൂണിവേഴ്സിറ്റിയുടെ ഗ്രാജേറ്റ് ഓഫ് ബിസിനസിൽ അസി. പ്രൊഫസറായും ജോലി ചെയ്തിട്ടുണ്ട്. കേന്ദ്ര ധനമന്ത്രാലയത്തിൽ ജി.20 രാജ്യഉപദേശക അംഗമായും ഗീത ഗോപിനാഥ് പ്രവർത്തിച്ചിട്ടുണ്ട്. നാഷണൽ ബ്യൂറോ ഓഫ് ഇക്കണോമിക്സ് റിസർച്ചിൽ അന്താരാഷ്ട്ര സാമ്പത്തികം, അതിസൂക്ഷ്മ സാമ്പത്തിക മേഖല, വികസനം തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. അനവധി ഫെല്ലോഷിപ്പുകളും അവാർഡുകളും ലഭിച്ചിട്ടുള്ള ഗീതയെ 2011 ൽ ലോക സാമ്പത്തിക ഫോറം യംഗ് ഗ്ലോബൽ ലീഡർമാരിലൊരാളായി തെരഞ്ഞെടുത്തിരുന്നു.TAGS :

Next Story