ഫാറ്റി ലിവർ മാറ്റാനുള്ള 10 മാർഗങ്ങൾ
കരളില്‍ കൊഴുപ്പടിയല്‍ എന്ന് ലളിതമായി പറയാം. ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല

ഫാറ്റി ലിവർ ഇന്ന് പലരേയും അലട്ടുന്ന ഒരു ജീവിതശൈലീ രോഗമാണ്. എളുപ്പം ചെയ്യാവുന്ന ജീവിതശൈലീ വ്യതിയാനങ്ങളിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കും.
എന്താണ് ഫാറ്റി ലിവര്‍?
കരളില്‍ കൊഴുപ്പടിയല്‍ എന്ന് ലളിതമായി പറയാം. ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. പക്ഷേ, ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്‍റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും.
ഫാറ്റി ലിവറിന്‍റെ കാരണങ്ങൾ എന്തൊക്കെ?
ഫാറ്റി ലിവര്‍ പ്രധാനമായും രണ്ടു തരത്തിലാണ്. മദ്യപിക്കുന്നതു മൂലമുണ്ടാകുന്ന ഫാറ്റി ലിവറും മദ്യപാനം മൂലം അല്ലാതെ വരുന്ന ഫാറ്റി ലിവറും. ഫാറ്റി ലിവറിന്‍റെ പ്രധാന കാരണമാണ് ആദ്യത്തേത്. സ്‌ഥിരമായി മദ്യപിക്കുന്നവരില്‍ 90% പേരിലും ഈ രോഗാവസ്‌ഥ കാണപ്പെടുന്നുണ്ട്.
മദ്യപിക്കുന്നവരില്‍ മാത്രമല്ല, ജീവിതശൈലിയിലെ ക്രമക്കേടുകള്‍കൊണ്ട് മദ്യപിക്കാത്തവരിലും ഫാറ്റി ലിവര്‍ ഉണ്ടാകാറുണ്ട്. ഇത് നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ (NON ALCOHOLIC FATTY LIVER) എന്നാണ് അറിയപ്പെടുന്നത്. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങൾ.
കരളിലുണ്ടായേക്കാവുന്ന ഒത്തിരി രോഗങ്ങളുടെ ആദ്യ ലക്ഷണമായും ഫാറ്റി ലിവര്‍ കാണപ്പെടാറുണ്ട്. ഉദാഹരണമായി, ഹെപ്പറ്റൈറ്റിസ് സി, വില്‍സണ്‍സ് ഡിസീസ് തുടങ്ങിയ ചില അപൂര്‍വ്വ കരള്‍ രോഗങ്ങളുടെ ആദ്യ ലക്ഷണമായും ഫാറ്റി ലിവര്‍ കാണപ്പെടാറുണ്ട്.
ചില മരുന്നുകളുടെ സ്ഥിരമായ ഉപയോഗവും ഫാറ്റി ലിവറിനു സാധ്യത കൂട്ടും. അത് പോലെ തന്നെ പെട്ടെന്നു വണ്ണം കുറയ്ക്കാന്‍ പട്ടിണി കിടക്കുമ്പോഴും ഫാറ്റി ലിവര്‍ ഉണ്ടാകാം.
ഫാറ്റി ലിവറിന്‍റെ ലക്ഷണങ്ങള്‍?
തുടക്കത്തില്‍ ഫാറ്റി ലിവര്‍ ഉള്‍പ്പെടെ മിക്ക കരള്‍ രോഗങ്ങള്‍ക്കും പ്രകടമായ ലക്ഷണങ്ങള്‍ ഉണ്ടാകാറില്ല. മറ്റ് ആവശ്യങ്ങൾക്കുവേണ്ടിയോ, മെഡിക്കൽ ചെക്കപ്പിന്‍റെ ഭാഗമായോ സ്കാൻ ചെയ്യുമ്പോഴാണ് ഇതു കണ്ടെത്തുന്നത്. പക്ഷേ, രോഗം മൂര്‍ഛിക്കുമ്പോള്‍ മാത്രം ചില ലക്ഷണങ്ങള്‍ കണ്ടേക്കാം.
അടിവയറ്റില്‍ വേദന, തലചുറ്റല്‍, ക്ഷീണം, അസ്വസ്‌ഥത, ഭാരകുറവ് എന്നിവ ചിലർക്ക് അനുഭവപ്പെടാറുണ്ട്.
ഇത് എങ്ങനെ കണ്ടു പിടിക്കാം?
സാധാരണ അള്‍ട്രാസൗണ്ട് (Ultrasound) സ്കാനിങ്ങിലൂടെയാണ് ഫാറ്റി ലിവർ ആദ്യം കണ്ടെത്തുന്നത്. രക്തപരിശോധന (LFT-ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്) ചെയ്താൽ തീവ്രത കുറച്ചും കൂടി മനസ്സിലാക്കാനാകും. (വേണ്ടിവന്നാൽ liver biopsy ചെയ്യാം) ലിവര്‍ ഫങ്ഷന്‍ ടെസ്റ്റില്‍ ലിവര്‍ എന്‍സൈമുകളുടെ അളവുകള്‍ സാധാരണത്തേക്കാള്‍ കൂടുതല്‍ കാണുന്നത് കരള്‍ തകരാറുണ്ട് എന്നതിന്‍റെ ലക്ഷണമാണ്.
ഫാറ്റി ലിവര്‍ സിറോസിസ് (CIRRHOSIS) ആകുമോ?
സാധാരണ ഗതിയില്‍ ഫാറ്റി ലിവര്‍ അപകടകാരിയല്ല. എന്നാല്‍ ഒരാള്‍ക്ക് ഫാറ്റി ലിവര്‍ എന്ന അവസ്‌ഥ ഉണ്ടായിരിക്കെ എല്‍.എഫ്.റ്റി-യില്‍ (LFT) അപാകതകളുണ്ടാകയും ചെയ്‌താല്‍ ഭാവിയില്‍ അത് ഗുരുതരമായ കരള്‍രോഗങ്ങള്‍ക്ക് കാരണമായേക്കാം.
പരിഹരിക്കാന്‍ കഴിയാത്ത വിധം കരളിനുണ്ടാകുന്ന കേടുപാടാണ് ലിവര്‍ സിറോസിസ് എന്ന രോഗം. ലിവര്‍ സിറോസിസ് വന്നുകഴിഞ്ഞാല്‍ കരളിനെ ചികില്‍സിച്ച് പൂര്‍വസ്ഥിതിയില്‍ ആക്കാന്‍ കഴിയില്ല. അത് കൊണ്ട് തന്നെ ഫാറ്റി ലിവര്‍ കണ്ടു പിടിച്ചാൽ, കരളിന് വിശ്രമം കൊടുത്തു പഴയതു പോലെ ആക്കാൻ ശ്രമിക്കണം.
ഫാറ്റി ലിവര്‍ എങ്ങനെ ചികിത്സിക്കാം?
ഫാറ്റി ലിവര്‍ എന്ന രോഗത്തെ മരുന്നുകള്‍ കൊണ്ടു ചികിത്സിക്കാനാവില്ല. ഭക്ഷണ വ്യായാമ പ്ലാനുകളിലൂടെ ചികിത്സിക്കുക. ചികിത്സയ്ക്കുശേഷം രോഗി പഴയ ജീവിതശൈലിയിലേക്കുതന്നെ തിരികെപ്പോയാല്‍ ഫാറ്റി ലിവർ തിരികെ വരാന്‍ മാസങ്ങള്‍ മതി.
ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ
ഫാറ്റി ലിവർ രോഗമുള്ളവർ മധുരമുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. ചോക്ലേറ്റ്സ്, ഐസ്ക്രീം, സ്വീറ്റ്സ് പോലുള്ള ഭക്ഷണങ്ങൾ ഒരു കാരണവശാലും കഴിക്കരുത്.
കൊഴുപ്പുള്ള ഭക്ഷണങ്ങൾ ദോഷകരമാണ്. ഇറച്ചി, ചീസ്, പനീർ പോലുള്ള ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക.
ഫാറ്റി ലിവർ രോഗമുള്ള ഒരാൾ ഒരു കാരണവശാലും കുറച്ചു പോലും മദ്യപിക്കരുത്.
പ്രോസസ്ഡ് മീറ്റ് ഒഴിവാക്കുക.
ഫാറ്റി ലിവർ പ്രശ്നമുള്ളവർ എണ്ണയിലുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക.
മദ്യം പൂർണമായി ഒഴിവാക്കുക.
സ്വയം ചികിത്സ ഒഴിവാക്കുക. ആവശ്യമില്ലാതെ മരുന്നുകൾ കഴിക്കരുത്. പ്രത്യേകിച്ചും വേദന സംഹാരികൾ ഒഴിവാക്കുക.
സോഫ്റ്റ് ഡ്രിങ്ക്സ്
ചെയ്യേണ്ട കാര്യങ്ങൾ
💥കുറഞ്ഞത് 2 ലിറ്റർ വെള്ളം കുടിക്കുക. വിഷാംശം പുറന്തള്ളാനും ശരീരത്തിന് ഉണർവ് നൽകാനും വെള്ളത്തിന് കഴിവുണ്ട്.
💥അമിതവണ്ണം കുറയ്ക്കുക.
💥രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്‍റെയും അളവുകള്‍ കൃത്യമായി നിലനിര്‍ത്തുന്നത് ഫാറ്റി ലിവർ കുറയ്ക്കും.
💥പഴങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍, ഇവ ഉള്‍പ്പെട്ട നാരുകൾ ഉള്ള ഭക്ഷണത്തിന് പ്രാധാന്യം നല്‍കുക.
💥 ഒമേഗ 3 അടങ്ങിയ പച്ചക്കറികളും മത്സ്യങ്ങളും ചില നട്സുകളും കരളിന്‍റെ ആരോഗ്യം കാക്കാന്‍ മികച്ചതാണ്.
💥 കരൾ രോഗം കൂടുന്നുണ്ട് എന്ന് നിങ്ങൾ സംശയിക്കുന്നുവെങ്കിൽ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് (Gastroenterologist)നെ കാണുക.
കടപ്പാട്: ഡോ.ഡാനിഷ് സലിം
Adjust Story Font
16

