Quantcast

സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കോവിഡ്; 4652 പേര്‍ക്ക് രോഗമുക്തി

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 3351 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണം 228 ആണ്.

MediaOne Logo

  • Published:

    25 Feb 2021 6:11 PM IST

സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കോവിഡ്; 4652 പേര്‍ക്ക് രോഗമുക്തി
X

സംസ്ഥാനത്ത് ഇന്ന് 3677 പേർക്ക് കോവിഡ്. കോവിഡ് ബാധിച്ച് 14 പേര്‍ മരിച്ചു. 4652 പേര്‍ രോഗമുക്തി നേടി. 51871 പേർ നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ട്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 3351 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണം 228 ആണ്. ഇന്ന് 20 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. 63582 സാമ്പിളാണ് പരിശോധിച്ചത്.

ഒരാഴ്ചക്കിടെ കോവിഡ് വ്യാപനത്തില്‍ 31 ശതമാനം വർധനവ് രാജ്യത്തുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം കേരളത്തിൽ രോഗികളുടെ എണ്ണം കുറയുന്നുണ്ട്. കോവിഡ് വ്യാപനം തടയുന്നതിനായി കർണാടക കേരളത്തിൽ നിന്നും വരുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തി. നിയന്ത്രണമാവാം പക്ഷേ അത് പൊതു മാനദണ്ഡങ്ങൾ പാലിച്ചാകണം. കർണാടകയുടെ നടപടിക്കെതിരെ കേരളം കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. അനുകൂല നടപടി പ്രതീക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഒരു സമയത്ത് ഏകദേശം 150 മരണങ്ങളും പതിനായിരത്തിലധികം കേസുകളും പ്രതിദിനം ഉണ്ടായിരുന്ന സാഹചര്യം കര്‍ണാടകത്തിലുണ്ടായിരുന്നു. കര്‍ണാടകയില്‍ 2020 നവംബറില്‍ തന്നെ ഏകദേശം 46 ശതമാനം ആളുകള്‍ക്ക് കോവിഡ് വന്നതായാണ് അവരുടെയും ഐസിഎംആറിന്‍റേയും സെറൊ പ്രിവലസ് സര്‍വേ ഫലങ്ങള്‍ കാണിക്കുന്നത്. അതായത് ഏകദേശം 3 കോടി ആളുകള്‍ക്ക് അവിടെ കോവിഡ് വന്നു പോയിട്ടുണ്ടാകാം എന്നാണ് ആ പഠനങ്ങള്‍ കാണിക്കുന്നത്. അതിന്‍റെ പത്തിലൊന്ന് ആളുകള്‍ക്ക് പോലും കേരളത്തില്‍ ഇതുവരെ കോവിഡ് ബാധയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ റിപ്പോര്‍ട്ടിങ് സംവിധാനത്തിന്‍റെ മികവു കൂടി പരിഗണിക്കേണ്ടതുണ്ട്. അവിടെ 30 പേര്‍ക്ക് രോഗം വരുമ്പോള്‍ ഒരു കേസാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെങ്കില്‍, കേരളത്തില്‍ 3 പേര്‍ക്ക് രോഗം വരുമ്പോള്‍ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. കേരളത്തില്‍ കേസുകള്‍ മറ്റുള്ളവിടങ്ങളിലപേക്ഷിച്ചു കൂടുതല്‍ ആണെന്ന പ്രതീതി ഉണ്ടാകുന്നതിന്‍റെ കാരണം ഇവിടെ നമ്മള്‍ രോഗങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി കണ്ടെത്തുന്നു എന്നതുകൊണ്ട് കൂടിയാണ്. കോവിഡ് മൂലം രാജ്യത്ത് ഏറ്റവും കുറച്ചു മരണ നിരക്കുള്ള, ഏറ്റവും കാര്യക്ഷമമായി രോഗം കണ്ടെത്തുന്ന, രോഗികള്‍ക്ക് മികച്ച ചികിത്സയും പരിചരണവും നല്‍കുന്ന കേരളത്തെ വസ്തുതകള്‍ മൂടിവച്ച് താറടിക്കാനാണ് പലരും ശ്രമിക്കുന്നത്. പക്ഷേ, ജനങ്ങളുടെ അനുഭവങ്ങളെ മായ്ച്ചുകളയാന്‍ ഈ വ്യാജപ്രചാരകര്‍ക്ക് സാധിക്കില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന വാക്സിന്‍ മുന്‍ഗണനാക്രമമനുസരിച്ച് കേരളത്തില്‍ ചിട്ടയായി നല്‍കി വരികയാണ്. കേന്ദ്ര സോഫ്റ്റ്വെയറിന്‍റെയും മറ്റും തകരാറുകൊണ്ട് ചിലര്‍ക്ക് വാക്സിന്‍ കിട്ടാതെ പോയത് പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരുമായി സംസ്ഥാന ആരോഗ്യ വകുപ്പ് ബന്ധപ്പെടുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ രോഗ പ്രതിരോധം ശക്തിപ്പെടുത്തുന്നതോടൊപ്പം കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിവരുന്ന വാക്സിന്‍ വിതരണത്തിലൂടെ ഈ ലക്ഷ്യം കൈവരിക്കാന്‍ മാസങ്ങളെടുക്കും. അതുവരെ കാത്തുനില്‍ക്കുന്നത് വിഷമകരമാണ്. കരുതല്‍ നടപടികള്‍ വിജയകരമായിരുന്നതുകൊണ്ട് കേരളം നേരിടുന്ന പ്രത്യേക പ്രതിസന്ധി പരിഗണിച്ച് കൂടുതല്‍ വാക്സിന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം പൊതുവിപണിയില്‍ ടെസ്റ്റിങ്ങിന്‍റെ കാര്യത്തിലെന്നപോലെ സ്വകാര്യ സംരംഭകര്‍ക്കും വാക്സിന്‍ മിതമായ വിലക്ക് വിതരണം ചെയ്യാന്‍ അനുമതി നല്‍കണമെന്നും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

TAGS :

Next Story