നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ ജാമ്യം റദ്ദാക്കില്ലെന്ന് കോടതി
ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിന് ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.

നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി തള്ളി. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനാൽ ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ ആവശ്യം.
നടിയെ അക്രമിച്ച കേസിലെ വിചാരണ നടക്കുന്ന കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ ഏകദേശം ഒരു വർഷം മുമ്പാണ് ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹരജി നൽകിയത്. വിചാരണ വേളയിൽ സിനിമാ മേഖലയിൽ നിന്നുള്ള പല പ്രമുഖ സാക്ഷികളും കൂറുമാറിയിരുന്നു. ദിലീപ് ഈ സാക്ഷികളെ സ്വാധീനിച്ചെന്നും അതിനാൽ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയെ സമീപിക്കുകയായിരുന്നു.
കേസിലെ പ്രധാന സാക്ഷികളെ അഭിഭാഷകൻ വഴിയാണ് ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്‍റെ ആരോപണം. ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു. കേസിലെ മാപ്പ് സാക്ഷിയായ വിപിൻ ലാലിനെ സ്വാധീനിക്കാൻ ശ്രമിച്ചതിന് പിന്നിലും ദിലീപുണ്ടെന്ന് പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു. എന്നാൽ, പ്രോസിക്യൂഷന്‍റെ ആരോപണത്തിന് തെളിവില്ലെന്നായിരുന്നു ദിലീപിന്‍റെ വാദം.
Adjust Story Font
16

