Quantcast

ആട് കൃഷി ആദായകരമാക്കാം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ തോൽവിയറിയില്ല

ചൂടും സ്ഥലക്കുറവും അതിജീവിക്കാന്‍ ആടുകള്‍ക്ക് നിഷ്പ്രയാസം കഴിയും

MediaOne Logo

Web Desk

  • Updated:

    2026-05-05 17:05:27.0

Published:

5 May 2026 5:09 PM IST

ആട് കൃഷി ആദായകരമാക്കാം;  ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ തോൽവിയറിയില്ല
X

എല്ലാവർക്കും ഒരു പോലെ നല്ല വരുമാനം ഉണ്ടാക്കാവുന്ന മാര്‍ഗമാണ് ആട് വളര്‍ത്തല്‍. വിപണിയില്‍ ലഭ്യമായ വിലയേറിയ പാലും വിലനിലവാരത്തില്‍ മുന്‍പന്തിയിലുള്ള മാംസവും ആടിന്‍റേതു തന്നെ. പുതുതായി സംരംഭക രം​ഗത്തേക്ക് കടന്നുവരുന്നരുടെ ഇഷ്ടമേഖലകളിലൊന്നു കൂടിയാണ് ആട് വളര്‍ത്തല്‍. ഫാം ആരംഭിക്കുന്നതിനു വേണ്ട താരതമ്യേനെ കുറഞ്ഞ മുതല്‍മുടക്കും താരതമ്യേന കുറഞ്ഞ ജോലിഭാരവും ആടുകൃഷിയുടെ പ്രത്യേകതകളാണ്. ആട്ടിറച്ചിയുടെ ഉയര്‍ന്ന വില, പാലിന്റെ ഉയര്‍ന്ന പോഷകഗുണം, ചെറിയ മുതല്‍ മുടക്ക്, ഉയര്‍ന്ന ഉത്പാദനക്ഷമത തുടങ്ങിയിൽ ലാഭമുണ്ടാക്കാനുള്ള മാർ​ഗവും പലതാണ്. രാജ്യത്തെ പേരുകേട്ട മലബാറി ഇനം കേരളത്തിന്റെ സ്വന്തമാണ്.

ആടുകളുടെ സുരക്ഷിതത്വവും നല്ല വായുസഞ്ചാരവും മാത്രമാണ് അവശ്യഘടകങ്ങള്‍. ചൂടും സ്ഥലക്കുറവും അതിജീവിക്കാന്‍ ആടുകള്‍ക്ക് നിഷ്പ്രയാസം കഴിയും. രാത്രികാലങ്ങളില്‍ മാത്രം ആടുകളെ കൂട്ടിലാക്കുന്ന രീതിയാണെങ്കില്‍ ഒരാടിന് 10 ചതുരശ്ര അടിയും മുഴുവന്‍ സമയവും കൂട്ടില്‍ നിര്‍ത്തുന്നവയ്ക്ക് ഒന്നിന് 15 ചതുരശ്ര അടിയുമാണ് സ്ഥലം വേണ്ടത്. നിലത്തുനിന്നും നാലടി പൊക്കത്തില്‍ പൊങ്ങി നില്‍ക്കുന്ന രീതിയിലാണ് തറ പണിയേണ്ടത്. ആടുവളര്‍ത്തല്‍ സംരംഭം ആരംഭിക്കുന്നതിന്‍റെ ആദ്യപടി അറിവും പ്രായോഗികജ്ഞാനവും ആര്‍ജിക്കലാണ്. മികച്ച ആടു ഫാമുകള്‍ സന്ദര്‍ശിച്ചും പരിചയസമ്പന്നരായ കര്‍ഷകരുമായി സംവദിച്ചും കൃഷിയിലെ അറിവുകള്‍ നേടാം.

ആടുകളെ സംബന്ധിച്ച് അവയുടെ കൂടുകളില്‍ ഒരുക്കുന്ന അത്യാധുനിക സൗകര്യങ്ങള്‍ അവയുടെ വളര്‍ച്ചയേയോ, ഉല്‍പാദനക്ഷമതയേയോ വലിയ രീതിയില്‍ സ്വാധീനിക്കില്ല.

തറ നിര്‍മിക്കാന്‍ ഫെറോസിമന്‍റ് സ്ലാബുകളും കട്ടികൂടിയ പിവിസി സ്ലാബുകളും ഉപയോഗിക്കാം. ഇവ ആദായകരവും കൂടുതല്‍ കാലം ഈടുനില്‍ക്കുന്നവയുമാണ്. വശങ്ങളില്‍ കമ്പിവലയും മേല്‍ക്കൂരയില്‍ ടിന്‍ ഷീറ്റും ഉപയോഗിക്കാം. ഓലമേഞ്ഞ് പ്ലാസ്റ്റിക്‌ ഷീറ്റ് കൊണ്ട് പൊതിഞ്ഞും ഉപയോഗിക്കാം. വെള്ളം കുടിക്കാന്‍ വശങ്ങളില്‍ ഉറപ്പിച്ച പിവിസി ഡ്രെയിനേജ് പൈപ്പുകളും തീറ്റപ്പാത്രങ്ങളായി ടയറുകളില്‍ ഇറക്കിവെച്ച പ്ലാസ്റ്റിക്‌ ബേസിനുകളും മതി. തീറ്റപ്പുല്ല് അരിഞ്ഞിട്ട് കൊടുക്കാനായി രണ്ടിഞ്ച് കമ്പിവല വളച്ചുകെട്ടി കൂടപോലെയാക്കി കൂടിനുള്ളില്‍ സജ്ജീകരിക്കണം. കൂടിന്‍റെ ഉള്ളിലെ അറകളുടെ വാതിലുകളും ഇടനാഴിയും ഒരേ വീതിയിലായാല്‍ വാതിലുകള്‍ പുറത്തേക്ക് തുറന്നുവച്ചു ഇടനാഴി ആവശ്യാനുസരണം ബ്ലോക്ക് ചെയ്യാന്‍ കഴിയും.

ആട്ടിന്‍കുട്ടികളുടെ വില്‍പ്പനയാണ് പ്രധാന വരുമാനമാര്‍ഗ്ഗമായി ഉദ്ദേശിക്കുന്നതെങ്കില്‍ മലബാറി ആടുകളെ മാത്രം തിരഞ്ഞെടുക്കുക. മാംസാവശ്യത്തിനുള്ള വില്‍പ്പന കൂടി ഉദ്ദേശിച്ചാണെങ്കില്‍ മലബാറി പെണ്ണാടുകളെ ജമ്നാപ്യാരി മുട്ടനാടുകളുമായി ഇണചേര്‍ക്കുക. ഒന്നാം തലമുറയിലെ വളര്‍ച്ചാനിരക്കില്‍ ഇവയെ വെല്ലാന്‍ മറ്റൊരിനമില്ല. മറ്റ് ഉത്തരേന്ത്യന്‍ ഇനങ്ങളെ വളര്‍ത്തുന്നതിന്‍റെ ലാഭം അവയുടെ ഒറ്റക്കുഞ്ഞുങ്ങളെ മോഹവിലയ്ക്ക് വിപണനം ചെയ്യാന്‍ നിങ്ങള്‍ക്കുള്ള കഴിവിനേക്കൂടി ആശ്രയിച്ചിരിക്കുന്നു.

പെണ്ണാടുകളെയാണ് വാങ്ങുന്നതെങ്കില്‍ 12 മുതല്‍ 14 മാസംവരെ പ്രായമുള്ള ആരോഗ്യമുള്ളവയെ മാത്രം തിരഞ്ഞെടുക്കുക. പിറകിലെ നട്ടെല്ലുകളുടെ വശങ്ങള്‍ കൊഴുത്ത് ഉരുണ്ടിരിക്കുക, വാലിന്‍റെ കടഭാഗം രണ്ടുവശവും നികന്നിരിക്കുക, ഇടുപ്പിലെ മാംസപേശികള്‍ മാംസളമായിരിക്കുക, വാല് താഴ്ന്നു കിടക്കാതിരിക്കുക എന്നിവയാണ് ആരോഗ്യത്തിന്‍റെ ബാഹ്യലക്ഷണങ്ങള്‍. കീഴ്ത്താടിയിലെ മുന്‍വശത്തെ പല്ലുകളില്‍ നടുക്കുള്ള നാലെണ്ണം മാത്രം വലുതും മഞ്ഞനിറമുള്ളതും ആകുന്ന പ്രായം വരെയുള്ളവയെ വാങ്ങണം. ശരീരത്തിന്‍റെ പുറകുവശത്തൊഴികെ മറ്റുഭാഗങ്ങളില്‍ രോമം വളരെ നീണ്ടുവളര്‍ന്ന ആടുകളെ ഒഴിവാക്കണം.

ആട്ടിന്‍കുട്ടികളെയാണ് വാങ്ങുന്നതെങ്കില്‍ 3 മുതല്‍ 4 മാസംവരെ പ്രായമുള്ളവയില്‍ ഏറ്റവും വളര്‍ച്ചാനിരക്കുള്ള പെണ്ണാട്ടിന്‍കുട്ടികളെ മാത്രം തെരഞ്ഞെടുക്കുക.

ചന്തകളില്‍നിന്നോ ആടുഫാമുകളില്‍നിന്നോ മൊത്തമായി കുഞ്ഞുങ്ങളെ വാങ്ങുന്നത് ഒഴിവാക്കണം. നല്ല ഒരു മാതൃശേഖരമാണ് നമ്മുടെ സംരംഭത്തിന്‍റെ ജയപരാജയങ്ങള്‍ നിശ്ചയിക്കുന്നത് എന്ന കാര്യം മനസ്സില്‍വെച്ച് ബുദ്ധിമുട്ടി അലഞ്ഞു നടക്കേണ്ടിവന്നാലും വീടുകളിലും നിരവധി ഫാമുകളിലും നേരിട്ട് പോയി നല്ലവയെ മാത്രം തിരഞ്ഞെടുക്കുക. വില അല്‍പ്പം കൂടുതല്‍ കൊടുക്കേണ്ടി വന്നാലും സാരമില്ല.

രക്തബന്ധമുള്ള മുട്ടനാടുകളും പെണ്ണാടുകളും തമ്മില്‍ ഇണചേര്‍ന്നുണ്ടാകുന്ന കുഞ്ഞുങ്ങള്‍ വളര്‍ച്ചാനിരക്കിലും രോഗപ്രതിരോധശക്തിയിലും മോശമായിരിക്കും. അതിനാല്‍ മുട്ടനാടുകളെ വെവ്വേറെ സ്ഥലങ്ങളില്‍നിന്നുമാത്രം തെരഞ്ഞെടുക്കുക.

ആടുഫാമുകളിലെ പ്രധാന ചെലവിനം തീറ്റയാണ്. ആടുകളുടെ ദഹനേന്ദ്രിയങ്ങളുടെ നീളം താരതമ്യേന കുറവായതിനാല്‍ നാരിന്‍റെ അംശം കൂടുതലുള്ള മൂത്തപുല്ലുകള്‍ ദഹിപ്പിക്കാന്‍ കഴിയില്ല. അതേസമയം ഉണങ്ങിയ പയറുവര്‍ഗ്ഗങ്ങളുടെയും പ്ലാവ് തുടങ്ങിയ വൃക്ഷങ്ങളുടെയും ഇലകള്‍ നല്ലതാണ്. അതുകൊണ്ട് സി.ഒ. 3 പോലുള്ള തീറ്റപ്പുല്ലുകള്‍ 30 ദിവസത്തില്‍ കൂടുതല്‍ മൂപ്പെത്താന്‍ അനുവദിക്കാതെ മുറിച്ചുകൊടുക്കണം. തീറ്റപ്പുല്ല് താരതമ്യേന വൈകുന്നേരങ്ങളില്‍ നല്‍കുന്നതാണ് നല്ലത്. പാലുല്‍പ്പാദനം പ്രധാന ലക്ഷ്യമല്ലാത്തതിനാല്‍ കറവപ്പശുക്കള്‍ക്ക് നല്‍കുന്നതുപോലെയുള്ള ഊര്‍ജ്ജം കൂടിയ തീറ്റകള്‍ ആടുകള്‍ക്ക് ആവശ്യമില്ല. കാലിത്തീറ്റ തുടര്‍ച്ചയായി നല്‍കുന്നത് നിരവധി ആടുകളില്‍ വിട്ടുമാറാത്ത വയറിളക്കത്തിന് കാരണമാകുന്നതായി കണ്ടിട്ടുണ്ട്. സ്വന്തമായി തീറ്റ തയ്യാറാക്കാന്‍ സന്നദ്ധതയുള്ളവര്‍ പിണ്ണാക്ക്, തവിട്, അരി/കൊള്ളിപ്പൊടി (കപ്പ/മരച്ചീനി) എന്നിവ സമം ചേര്‍ത്ത് ഉണ്ടാക്കുന്ന തീറ്റ 200 മുതല്‍ 250 ഗ്രാം വരെ ഒരു ദിവസം നല്‍കിയാല്‍ മതി.

ആടുവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ നഷ്ടത്തിലാകുന്നതിന്‍റെ പ്രധാനകാരണങ്ങളിലൊന്നു ആട്ടിന്‍കുഞ്ഞുങ്ങളുടെ മരണനിരക്കാണ്. ആടുവളര്‍ത്തല്‍ ആദായകരമാകണമെങ്കില്‍ പിറക്കുന്നതില്‍ കുറഞ്ഞത് 85 ശതമാനം ആട്ടിന്‍കുട്ടികളെയെങ്കിലും വളര്‍ത്തിയെടുക്കാന്‍ സാധിക്കണം. എന്നാല്‍ ഭൂരിഭാഗം ഫാമുകളിലും ഇത് 60 ശതമാനത്തിനും താഴെയാണ്. പിറന്നുവീഴുന്ന ആട്ടിന്‍കുട്ടികളില്‍ പകുതിയോളം ഒരു മാസത്തിനുള്ളില്‍ ചത്തുപോകുന്നു. മെച്ചപ്പെട്ട പരിപാലനരീതികള്‍ മാത്രമാണ് ഇതിനൊരു പോംവഴി.

ഒരു ലിറ്റര്‍ ആട്ടിന്പാലിനു വിപണിയില്‍ 80 രൂപ വിലയുണ്ട്. നല്ലയിനം മലബാറി ആടുകള്‍ക്ക് 2-3 ലിറ്റര്‍ പാല്‍ ലഭിക്കും. ഈയടുത്ത കാലത്ത് സിറിയയിലെ ദമാസ്ക്കസ് ആടുകളുടെ ബീജം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്. ദമാസ്ക്കസ് ആടുകള്‍ക്ക് 4-5 ലിറ്റര്‍ പാല്‍ ലഭിക്കും. മലബാറി/ദമാസ്ക്കസ് സങ്കര ഇനങ്ങളും നന്നായി പാലുത്പാദിപ്പിക്കും.

TAGS :

Next Story