മെസിയെ നിലനിർത്താൻ അറ്റകൈ പ്രയോഗവുമായി ബാഴ്‌സ, അഗ്വേറോയെ വാങ്ങിയേക്കും
മെസിയെ അനുനയിപ്പിക്കാൻ അഗ്വേറോയെ കൊണ്ടുവരുമോ എന്ന ചോദ്യത്തിന് 'തീർച്ചയായും' എന്നായിരുന്നു യുലി ലോപ്പസിന്റെ മറുപടി.

വിക്തർ ഫോണ്ട് ബാഴ്‌സലോണയുടെ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റീനക്കാർ സ്‌ട്രൈക്കർ സെർജിയോ അഗ്വേറോയെ സ്പാനിഷ് ക്ലബ്ബ് വാങ്ങിയേക്കുമെന്ന് റിപ്പോർട്ട്. ഈ സീസണോടെ കരാർ അവസാനിക്കുന്ന മെസിയെ ക്ലബ്ബിൽ തന്നെ പിടിച്ചുനിർത്താനുള്ള തന്ത്രമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. 32-കാരനായ അഗ്വേറോ മെസിയുടെ അടുത്ത സുഹൃത്താണ്.
ജോസപ് മരിയ ബർതമ്യു സ്ഥാനമൊഴിഞ്ഞ ബാഴ്‌സലോണ പ്രസിഡണ്ട് സ്ഥാനത്തേക്ക് വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. യോൻ ലാപോർട്ട, ആന്തണി ഫ്രെക്‌സിയ, വിക്തർ ഫോണ്ട് എന്നിവരാണ് മത്സര രംഗത്തുള്ളത്. ബർതമ്യുവിന്റെ നടപടികളിൽ പ്രതിഷേധിച്ച് ബാഴ്‌സലോണ വിടാനുള്ള താൽപര്യം പരസ്യമായി പ്രകടിപ്പിച്ച മെസിയെ ക്ലബ്ലിൽ നിലനിർത്തുക എന്നതാവും പുതിയ പ്രസിഡണ്ടിന്റെ പ്രധാന പരിഗണനാ വിഷയങ്ങളിലൊന്ന്. ഇതിന്റെ ഭാഗമായാണ് അഗ്വേറോയെ ക്യാംപ് നൗവിലെത്തിച്ച് മെസിയെ നിലനിർത്താനുള്ള ഫോണ്ടിന്റെ നീക്കം.
Barcelona signing Sergio Aguero could help convince Lionel Messi to stay, says Juli Lopez, who is involved with Victor Font's candidacy to be the club's next president. https://t.co/hLhJ9KGpSL
— AS English (@English_AS) February 12, 2021
വിക്തർ ഫോണ്ടിന്റെ തെരഞ്ഞെടുപ്പ് ടീമിൽ അംഗമായ യുലി ലോപ്പസ് ആണ് അഗ്വേറോയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ശരിവെക്കുന്ന വിധത്തിൽ വെളിപ്പെടുത്തൽ നടത്തിയത്. മാഴ്‌സ പത്രവുമായുള്ള അഭിമുഖത്തിൽ, മെസിയെ അനുനയിപ്പിക്കാൻ അഗ്വേറോയെ കൊണ്ടുവരുമോ എന്ന ചോദ്യത്തിന് 'തീർച്ചയായും' എന്നായിരുന്നു യുലി ലോപ്പസിന്റെ മറുപടി. ഫോണ്ട് പ്രസിഡണ്ടാവുകയാണെങ്കിൽ യുലി ലോപ്പസ് ആയിരിക്കും ബാഴ്‌സയുടെ സ്‌പോർട്ടിങ് ഡയറക്ടർ.
'ബാഴ്‌സലോണക്ക് മറ്റൊരു ഗോൾസ്‌കോററെ കൂടി ആവശ്യമുണ്ട്. മെസ്സിയെ നിലനിർത്താം എന്നതു കൊണ്ട് മാത്രമായിരിക്കില്ല അഗ്വേറോയെ വാങ്ങുന്നത്. ഖത്തറിലെ ലോകകപ്പ് വരെ യൂറോപ്യൻ ഫുട്‌ബോളിലെ ഉന്നതതലങ്ങളിൽ കളിക്കാൻ താൽപര്യമുള്ള ഒരു മികച്ച സ്‌ട്രൈക്കറെപ്പറ്റിയാണ് നമ്മൾ സംസാരിക്കുന്നത്.' - യുലി ലോപ്പസ് പറഞ്ഞു. സിറ്റിയുമായുള്ള കരാറിൽ അഗ്വേറോയുടെ അവസാന വർഷമാണിത്.
മുൻ പ്രസിഡണ്ട് ബർതമ്യുവിനെതിരായ വിമർശനം പരസ്യമായി ഉന്നയിച്ച മെസി സീസണൊടുവിൽ ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണെന്ന് റിപ്പോർട്ടുകളുണ്ട്. ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി, ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റി ടീമുകളാണ് സൂപ്പർതാരത്തിനു പിന്നാലെയുള്ളത്. അടുത്ത സീസണിൽ മെസ്സിക്കൊപ്പം കളിക്കുമെന്ന് പി.എസ്.ജി താരവും മെസ്സിയുടെ സുഹൃത്തുമായ നെയ്മർ ഈയിടെ വ്യക്തമാക്കിയിരുന്നു.
Adjust Story Font
16

