അലി അക്ബറിന്‍റെ 'വാരിയംകുന്ന'നായി തലൈവാസല്‍ വിജയ്
ചിത്രത്തിന്‍റെ ലൊക്കേഷനിൽ നിന്നുള്ള ലൈവ് വീഡിയോയിലൂടെയാണ് അലി അക്ബര്‍ ഈ പ്രഖ്യാപനം നടത്തിയത്

1921 മലബാര്‍ കലാപത്തെ ആസ്പദമാക്കി അലി അക്ബര്‍ സംവിധാനം ചെയ്യുന്ന സിനിമയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി എത്തുന്നത് തലൈവാസല്‍ വിജയ്. '1921, പുഴ മുതല്‍ പുഴ വരെ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ചിത്രത്തിന്‍റെ ലൊക്കേഷനിൽ നിന്നുള്ള ലൈവ് വീഡിയോയിലൂടെയാണ് അലി അക്ബര്‍ ഈ പ്രഖ്യാപനം നടത്തിയത്. ഒരു നടന്‍ എന്ന നിലയില്‍ ആവേശമുണ്ടാക്കുന്ന കഥാപാത്രമാണ് വാരിയംകുന്നന്‍റെയെന്ന് തലൈവാസൽ വിജയ് പറഞ്ഞു. 200-300 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ചില കഥാപാത്രങ്ങൾ ചെയ്യാൻ നമുക്ക് ആവേശം തോന്നും. ഇത് അത്തരത്തിലുള്ള ഒരു സിനിമയാണ്. അദ്ദേഹം പറഞ്ഞു.
ചിത്രത്തില്‍ പല പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ടെന്നും സൈബര്‍ ആക്രമണം ഭയന്നാണ് പലരുടെയും പേര് പുറത്തുപറയാത്തതെന്നും അലി അക്ബര്‍ നേരത്തെ പറഞ്ഞിരുന്നു. സിനിമ നിർമിക്കാനായി പണം ആവശ്യപ്പെട്ട് നിരവധി തവണ സോഷ്യൽ മീഡിയിൽ അലി അക്ബർ ലൈവിൽ വന്നിരുന്നു. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ആഷിഖ് അബു സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അലി അക്ബറും സമാന പ്രമേയമുള്ള സിനിമയുമായി രംഗത്തെത്തിയത്.
Adjust Story Font
16

