Quantcast

മിഷിഗൺ സെനറ്റ് പോരാട്ടം: അബ്ദുൽ എൽ-സഈദിന്‍റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് 10 ലക്ഷം ഡോളർ കൈമാറി അലക്സാൻഡ്ര ഒകാസിയോ-കോർട്ടെസ്

സഈദിന്‍റെ അബ്ദുൽ ഫോർ മിഷിഗൺ വിക്ടറി ഫണ്ടിലേക്കാണ് എഒസി തന്‍റെ സ്വന്തം ക്യാമ്പയിൻ അക്കൗണ്ടിൽ നിന്ന് പണം കൈമാറിയത്.

MediaOne Logo
മിഷിഗൺ സെനറ്റ് പോരാട്ടം: അബ്ദുൽ എൽ-സഈദിന്‍റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് 10 ലക്ഷം ഡോളർ കൈമാറി അലക്സാൻഡ്ര ഒകാസിയോ-കോർട്ടെസ്
X

വാഷിങ്ടൺ: അമേരിക്കൻ രാഷ്ട്രീയത്തിൽ ഡെമോക്രാറ്റിക് പാർട്ടിയിലെ പുരോഗമന പക്ഷവും ഔദ്യോഗിക നേതൃത്വവും തമ്മിലുള്ള അധികാര വടംവലി പുതിയ തലത്തിലേക്ക്. മിഷിഗണിൽ നിന്നുള്ള യുഎസ് സെനറ്റ് സ്ഥാനാർഥി അബ്ദുൽ എൽ-സഈദിന്റെ പ്രചാരണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ പ്രമുഖ പുരോഗമന നേതാവും ജനപ്രതിനിധി സഭാംഗവുമായ അലക്സാൻഡ്ര ഒകാസിയോ കോർട്ടെസ് സ്വന്തം ഫണ്ടിൽ നിന്ന് 10 ലക്ഷം ഡോളർ (ഏകദേശം 8.4 കോടി ഇന്ത്യൻ രൂപ) കൈമാറി. നവംബർ 3-ന് നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ വൻതുകയുടെ കൈമാറ്റം, വെറുമൊരു സാമ്പത്തിക സംഭാവന എന്നതിലുപരി ഡെമോക്രാറ്റിക് പാർട്ടിയുടെ ഭാവിയെകുറിച്ചും പ്രത്യയശാസ്ത്രത്തെ കുറിച്ചുമുള്ള വലിയ ചർച്ചയ്ക്ക് വഴി തുറന്നിട്ടിരിക്കുകയാണ്.

2018-ലെ അപ്രതീക്ഷിത തെരഞ്ഞെടുപ്പ് വിജയത്തിലൂടെ അമേരിക്കൻ രാഷ്ട്രീയത്തിൽ ഉദയം ചെയ്ത അലക്സാൻഡ്ര ഒകാസിയോ കോർട്ടെസ് അഥവാ എഒസി, ഇന്ന് ഡെമോക്രാറ്റിക് പാർട്ടിയിലെ പുരോഗമന പക്ഷത്തിന്റെ മുൻനിര നേതാവാണ്. സാമ്പത്തിക അസമത്വം, യൂണിവേഴ്സൽ ഹെൽത് കെയർ, കോർപറേറ്റ് സ്വാധീനത്തിനെതിരെയുള്ള പോരാട്ടം തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ നിലപാടുകളുള്ള എഒസി, ഭാവിയിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർഥിയായി പോലും പരിഗണിക്കപ്പെട്ടേക്കാവുന്ന ശക്തയായ നേതാവാണ്.

മിഷിഗണിൽ നിന്ന് യുഎസ് സെനറ്റിലേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർഥി, ഈജിപ്ഷ്യൻ വംശജനും മുസ്‌ലിം വിശ്വാസിയുമായ എൽ-സഈദ്, തൊഴിലാളി വർഗത്തെയും സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ള ജനപ്രിയ രാഷ്ട്രീയ നിലപാടുകളിലൂടെയാണ് ശ്രദ്ധേയനായത്. മുൻ പ്രോഗ്രസീവ് സെനറ്റർ ബെർണി സാൻഡേഴ്സിന്റെയും എഒസിയുടെയും പിന്തുണ അദ്ദേഹത്തിനുണ്ട്. അതേസമയം, മുൻ പ്രസിഡന്റ് ബരാക് ഒബാമ, മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് തുടങ്ങിയ സെൻട്രിസ്റ്റ് നേതാക്കളും പാർട്ടി ഐക്യത്തിനായി അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

എൽ-സഈദിന്റെ വിശ്വാസവും ഫലസ്തീൻ അനുകൂല നിലപാടുകളും അദ്ദേഹത്തിനെതിരായ രാഷ്ട്രീയ പ്രചാരണങ്ങളിൽ എതിരാളികൾ ആയുധമാക്കുന്നുണ്ട്. ഈ വിദ്വേഷ പ്രചാരണങ്ങളെ പ്രതിരോധിക്കാനാണ് താൻ നേരിട്ടെത്തി രംഗത്തിറങ്ങിയതെന്ന് എഒസി വ്യക്തമാക്കി. സഈദിന്‍റെ അബ്ദുൽ ഫോർ മിഷിഗൺ വിക്ടറി ഫണ്ടിലേക്കാണ് എഒസി തന്‍റെ സ്വന്തം ക്യാമ്പയിൻ അക്കൗണ്ടിൽ നിന്ന് പണം കൈമാറിയത്.

എൽ-സഈദിനുള്ള ഈ വൻ പിന്തുണ, പാർട്ടിയുടെ ഔദ്യോഗിക ഫണ്ടിങ് മുൻഗണനകളെ ചോദ്യം ചെയ്യുന്നതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. അമേരിക്കൻ തെരഞ്ഞെടുപ്പുകളിൽ പശ്ചിമേഷ്യൻ നയങ്ങളും, പ്രത്യേകിച്ചും ഇസ്രായേൽ-ഫലസ്തീൻ സംഘർഷവും നിർണായക ചർച്ചാവിഷയമാണ്. ഫലസ്തീൻ ജനതയ്ക്കൊപ്പം നിൽക്കുന്ന എൽ-സഈദിന്റെ നിലപാടുകൾക്കെതിരെ കടുത്ത വിമർശനങ്ങളാണ് രാഷ്ട്രീയ എതിരാളികൾ ഉന്നയിക്കുന്നത്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ളവർ അദ്ദേഹത്തിനെതിരെ രൂക്ഷവിമർശനങ്ങളുമായി നേരത്തെ രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.

അമേരിക്കൻ സെനറ്റിന്റെ നിയന്ത്രണം ആരുടെ കൈയിലായിരിക്കുമെന്ന് നിർണയിക്കുന്നതിൽ മിഷിഗൺ സ്റ്റേറ്റിന് അതിനിർണായക സ്ഥാനമാണുള്ളത്. നിലവിൽ 100 അംഗങ്ങളുള്ള സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 53 സീറ്റുകളാണുള്ളത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടത്തിന്റെ നയങ്ങളെ ചോദ്യം ചെയ്യുന്നതിലും നിയമനിർമാണങ്ങളിലും സെനറ്റിന്റെ ഭൂരിപക്ഷം നിർണായകമാണ്.

'ഡിട്രോയിറ്റ് ഫ്രീ പ്രെസ്സ്' റിപ്പോർട്ട് അനുസരിച്ച്, ഒക്ടോബർ 15 വരെ 268 ദശലക്ഷം ഡോളറിലധികം ചെലവഴിക്കപ്പെട്ട, അമേരിക്കയിലെ ഏറ്റവും ചെലവേറിയ സെനറ്റ് പോരാട്ടങ്ങളിലൊന്നായി മിഷിഗൺ ഇതിനോടകം മാറിക്കഴിഞ്ഞു. റിയൽ ക്ലിയർ പൊളിറ്റിക്സ് പോളിങ് കണക്കുകൾ പ്രകാരം, ഡെമോക്രാറ്റിക് സ്ഥാനാർഥി അബ്ദുൽ എൽ-സഈദ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മൈക്ക് റോജേഴ്സിനേക്കാൾ 2.6 ശതമാനത്തിന്റെ നേരിയ മുൻതൂക്കം നിലനിർത്തുന്നുണ്ട്.

ഫണ്ടിങ് കണക്കുകൾ പരിശോധിച്ചാൽ, ജൂലൈ ഒന്ന് മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ എൽ-സഈദ് 30.6 ദശലക്ഷം ഡോളർ സമാഹരിച്ചപ്പോൾ റോജേഴ്സിന് സമാഹരിക്കാനായത് 9.6 ദശലക്ഷം ഡോളറാണ്. എന്നാൽ സെപ്റ്റംബർ 30 ലെ കണക്കുപ്രകാരം റോജേഴ്സിന്റെ കയ്യിൽ 6.5 ദശലക്ഷം ഡോളർ ബാക്കിയുണ്ടായിരുന്നപ്പോൾ എൽ-സഈദിന്റെ കയ്യിൽ 3.8 ദശലക്ഷം ഡോളറാണ് ബാക്കിയുള്ളത്. ഈ സാമ്പത്തിക അന്തരം നികത്താൻ കൂടിയാണ് എഒസിയുടെ 10 ലക്ഷം ഡോളറിന്റെ സഹായം.

TAGS :

Next Story