'കാനഡയെ ചൈന ജീവനോടെ വിഴുങ്ങിക്കളയും'; ബീജിങ്ങുമായുള്ള വ്യാപാരക്കരാറിൽ കാനഡയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്
കരാറിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കാനഡയ്ക്ക് മേൽ ഇറക്കുമതിച്ചുങ്കം 100 ശതമാനമായി ഉയർത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുകയും ചെയ്തു

- Published:
24 Jan 2026 9:36 PM IST

വാഷിങ്ടണ്‍: ചൈനയുമായുള്ള വ്യാപാരക്കരാര്‍ തുടരുകയാണെങ്കില്‍ ഇറക്കുമതിച്ചുങ്കം 100 ശതമാനമായി ഉയര്‍ത്തുമെന്ന് കാനഡക്ക് ട്രംപിന്റെ ഭീഷണി. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ ഭീഷണി. ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്കായി സഹകരിക്കുന്നത് നല്ല നീക്കമായാണ് കരുതുന്നതെങ്കില്‍ കാനഡ പ്രസിഡന്‍റ് തെറ്റിധാരണയിലാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
'യുഎസിലേക്ക് ഉത്പന്നങ്ങള്‍ കടത്തുന്നതിനായി കാനഡയെ ചൈന ഡ്രോപ് പോര്‍ട്ടായി ഉപയോഗിക്കുകയാണ്. ഇത് അനുവദിച്ചുനല്‍കാനാണ് കാനഡ ഗവര്‍ണര്‍ കാര്‍ണി കരുതുന്നതെങ്കില്‍ അയാള്‍ വലിയ തെറ്റിധാരണയിലാണ്. ചൈന കാനഡയെ ഒരുവർഷത്തിനകം ജീവനോടെ വിഴുങ്ങിക്കളയും. വ്യാപാരമേഖലയിലെ കാനഡയുടെ ഉയര്‍ച്ചയും സാമൂഹിക അടിത്തറയും അന്തസുള്ള ജീവിതവും അവര്‍ക്ക് വൈകാതെ നഷ്ടമാകും'. ട്രംപ് വ്യക്തമാക്കി.
'കാനഡ യുഎസില്‍ നിന്ന് ധാരാളം ആനുകൂല്യങ്ങള്‍ നേടുന്നുണ്ട്. അതിനുള്ള കൃതജ്ഞതാബോധം അവര്‍ക്ക് വേണം. അവരുടെ പ്രധാനമന്ത്രിയെ കഴിഞ്ഞ ദിവസം ഞാന്‍ കണ്ടിരുന്നെങ്കിലും അദ്ദേഹം നമ്മളോട് കൃതജ്ഞനായിരുന്നില്ല. കൂടുതല്‍ നന്ദി കാണിക്കേണ്ടിയിരിക്കുന്നു'. ട്രൂത്ത് സോഷ്യലില്‍ ട്രംപ് പറഞ്ഞു.
ചൈനയുമായി കാനഡ ഏതെങ്കിലും തരത്തിലുള്ള കരാറുണ്ടാക്കുന്ന നിമിഷം യുഎസിലേക്ക് വരുന്ന മുഴുവന്‍ കനേഡിയന്‍ ഉത്പന്നങ്ങള്‍ക്കും 100 ശതമാനം ഇറക്കുമതിച്ചുങ്കം ചുമത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താരിഫ് കുറയ്ക്കുന്നതിനും വ്യാപാരക്കരാറിലെ തടസങ്ങള്‍ നീക്കം ചെയ്യുന്നതിനായി ചൈനയുമായി നിര്‍ണായക കരാറിലേക്കെത്തിയിരിക്കുന്നുവെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ മാര്‍ക്ക് കാര്‍ണി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. നേരത്തെ, കാനഡയില്‍ നിന്നുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ക്കുള്ള കുറഞ്ഞ തീരുവക്ക് പകരമായി ചൈനീസ് ഇലക്ട്രിക് കാറുകള്‍ക്ക് കാനഡ ഏര്‍പ്പെടുത്തിയിരുന്ന 100 ശതമാനം തീരുവ കുറയ്ക്കാന്‍ തയ്യാറായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാനഡയുടെ പ്രധാന കയറ്റുമതിയായ കനോല വിത്തുകളില്‍ ചൈന ചുമത്തിയിരുന്ന 84 ശതമാനം തീരുവ 15 ശതമാനമായി കുറയ്ക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
Adjust Story Font
16
