നെതന്യാഹുവിനെ കൈവിട്ട് ട്രംപ്? 'എന്‍റെ ലക്ഷ്യം ഇസ്രായേലിന്‍റെ പ്രതിരോധം മാത്രം'; ചർച്ചയായി മറുപടി
പശ്ചിമേഷ്യന്‍ സമാധാനാന്തരീക്ഷം യുദ്ധഭീതിയുടെ മുള്‍മുനയില്‍ തൂങ്ങിയാടുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവും തമ്മില്‍ പടലപ്പിണക്കങ്ങള്‍ തുടരുന്നതായി നേരത്തേയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

- Updated:
2026-10-02 08:26:56

വാഷിങ്ടണ്‍: ഒക്ടോബര്‍ 27-ന് ഇസ്രായേലില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ നിലവിലെ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെ പിന്തുണക്കണമെന്ന ആവശ്യത്തെ പിന്തുണക്കാന്‍ വിസമ്മതിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അത്തരം രാഷ്ട്രീയങ്ങളില്‍ ഇടപെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇസ്രായേലിന്റെ പ്രതിരോധം മാത്രമാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. ടൈം മാഗസിന് കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ പ്രതികരണം.
പൊതുതെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന് ഒരു അവസരം കൂടി നല്‍കാമായിരുന്നില്ലേയെന്ന ചോദ്യത്തോട്, അത്തരം കാര്യങ്ങളില്‍ താന്‍ തല്‍പ്പരനല്ലെന്നായിരുന്നു മറുപടി. 'ഇസ്രായേലിലും യുഎസിലും ഞങ്ങള്‍ക്ക് ആവശ്യത്തിലധികം ജനപ്രീതിയുണ്ട്. അതങ്ങനെ തന്നെ പോകട്ടെ. നിലവില്‍ മറ്റ് രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടാന്‍ ഞാനാഗ്രഹിക്കുന്നില്ല.' ട്രംപ് വ്യക്തമാക്കി. അവതാരകന്‍ ചോദ്യം വീണ്ടും ആവര്‍ത്തിച്ചതോടെ, ഇസ്രായേലിന്റെ പ്രതിരോധനീക്കങ്ങളില്‍ സഹായിക്കുകയെന്നത് മാത്രമാണ് തന്റെ പ്രഥമ ലക്ഷ്യമെന്ന് മറുപടി നല്‍കി ചര്‍ച്ച വഴിതിരിച്ചുവിടുകയുമായിരുന്നു അദ്ദേഹം. പോയവര്‍ഷങ്ങളിലെ രാഷ്ട്രീയ ഇടപെടലുകള്‍ മൂലം ഇസ്രായേലിലെ ജനങ്ങള്‍ക്കിടയിലും സൈനികര്‍ക്കിടയിലും തന്റെ ജനപ്രീതി 99 ശതമാനമായി ഉയര്‍ന്നുവെന്നും ട്രംപ് അവകാശവാദം ഉന്നയിച്ചു.
ഇസ്രായേലിലെ പ്രധാന പ്രതിപക്ഷ നേതാക്കളിലൊരാളും നെതന്യാഹുവിനെതിരെ മത്സരത്തിനിറങ്ങാന്‍ സാധ്യത കല്‍പ്പിക്കുന്നതുമായ ഇസ്രായേല്‍ മുന്‍ സൈനിക മേധാവി ഗാദി ഐന്‍സ്‌കോട്ടുമായി യുഎസ് കൈകോര്‍ക്കുമോയെന്ന ചോദ്യത്തിനും ട്രംപ് മറുപടി നല്‍കുകയുണ്ടായി. അദ്ദേഹത്തെ കുറിച്ച് മോശമായ വാര്‍ത്തകളൊന്നും ഇതേവരെയും ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും എങ്കിലും നെതന്യാഹുവിനെ നിസാരക്കാരനായി കാണരുതെന്നും ട്രംപ് വ്യക്തമാക്കി.
'ബിബിയെ(നെതന്യാഹു) പൊതുജനം മുന്‍പ് പലതവണ എഴുതിത്തള്ളിയിട്ടുണ്ട്, അതുപോലെ എന്നെയും. എങ്കിലും, അദ്ദേഹത്തെ ഒരുകാരണവശാലും വിലകുറച്ച് കാണരുതെന്നേ എനിക്ക് പറയാനുള്ളൂ.' ട്രംപ് കൂട്ടിച്ചേര്‍ത്തു.
പശ്ചിമേഷ്യന്‍ സമാധാനാന്തരീക്ഷം യുദ്ധഭീതിയുടെ മുള്‍മുനയില്‍ തൂങ്ങിയാടുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവും തമ്മില്‍ പടലപ്പിണക്കങ്ങള്‍ തുടരുന്നതായി നേരത്തേയും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇറാനുമായി സമാധാന ചര്‍ച്ചകള്‍ തുടരുമ്പോഴും ലെബനാനിലും ഗസ്സയിലും ഇസ്രായേല്‍ അധിനിവേശസേന ആക്രമണങ്ങള്‍ തുടരുന്നതില്‍ ട്രംപിന് എതിര്‍പ്പുണ്ടായിരുന്നെന്നാണ് വിവരം. ഇതേത്തുടര്‍ന്നുള്ള ഫോണ്‍ സംഭാഷണങ്ങളില്‍ നെതന്യാഹുവുമായി ട്രംപ് രൂക്ഷമായ ഭാഷയില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നേരത്തെ, ലെബനാന്‍ യുദ്ധത്തില്‍ നിന്ന് ഇസ്രായേലിനെ തടഞ്ഞില്ലെങ്കില്‍ യുഎസുമായുള്ള സമാധാനചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഇറാന്‍ നിബന്ധന വെച്ചിരുന്നു. ഇതോടെയാണ് ദീര്‍ഘകാലത്തെ പരിചയമുള്ള നെതന്യാഹുവിനോട് ട്രംപ് കയര്‍ത്തത്.
നാല് മുതല്‍ എട്ട് ആഴ്ച വരെ നീളുന്ന സൈനിക നീക്കമാണ് ഇറാനില്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും, തെഹ്‌റാന്റെ സായുധ, ആണവ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുന്നതിനായി താന്‍ ബോധപൂര്‍വ്വം സൈനിക നടപടികള്‍ വ്യാപിപ്പിച്ചിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഫെബ്രുവരി 28-ന് ആരംഭിച്ച ഇറാന്‍ യുദ്ധം ഏഴാം മാസത്തിലേക്ക് കടക്കവേയാണ് ട്രംപിന്റെ പ്രസ്താവന.
'എനിക്ക് വേണമെങ്കില്‍ ഇവിടെവെച്ച് എല്ലാം മതിയാക്കാമായിരുന്നു. അങ്ങനെ ചെയ്താൽ അതോടെ എല്ലാം അവസാനിക്കും. പക്ഷെ, അതത്ര ശരിയായി തോന്നിയില്ല. അതുകൊണ്ടാണിത് തുടര്‍ന്നുപോകുന്നത്. ഹോര്‍മുസ് പിടിച്ചെടുത്തത് വഴി ഇറാന്‍ ചെറുതായൊന്ന് പ്രയാസപ്പെടുത്തി. എന്നാല്‍, അധികം വൈകാതെ പ്രധാനപ്പെട്ട കപ്പല്‍പാതയുടെ നിയന്ത്രണം യുഎസിന് തിരിച്ച് പിടിക്കാനും സാധിച്ചിരുന്നു. അതുവഴി ഒരുപാട് രാജ്യങ്ങളുടെ വാണിജ്യകപ്പലുകള്‍ കടന്നുപോകുകയുമുണ്ടായി'. ട്രംപ് കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16
