Quantcast

'അയാൾ വലിയ പ്രശ്നത്തിലാണുള്ളത്, ഇറാനെ ആക്രമിക്കുന്നതിനുള്ള യഥാർഥ കാരണം ഇതാണ്...'; ട്രംപിനെതിരെ വെളിപ്പെടുത്തലുമായി ബന്ധു

ഇതിനോടകം ഇറാനില്‍ മാത്രമായി 1,300-ലധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന കണക്കുകള്‍

MediaOne Logo

അൻഫസ് കൊണ്ടോട്ടി

  • Updated:

    2026-03-14 07:16:04.0

Published:

14 March 2026 12:45 PM IST

അയാൾ വലിയ പ്രശ്നത്തിലാണുള്ളത്, ഇറാനെ ആക്രമിക്കുന്നതിനുള്ള യഥാർഥ കാരണം ഇതാണ്...; ട്രംപിനെതിരെ വെളിപ്പെടുത്തലുമായി ബന്ധു
X

വാഷിങ്ടൺ: യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ആരംഭിച്ച യുദ്ധം 15-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനോടകം ഇറാനില്‍ മാത്രമായി 1,300-ലധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. 17,000-ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പശ്ചിമേഷ്യയെ ഒന്നടങ്കം ഭീതിയിലേക്ക് തള്ളിവിട്ട യുദ്ധം അവസാനിപ്പിക്കുന്നതിനായി മൂന്ന് നിബന്ധനകള്‍ ഇറാന്‍ മുന്നോട്ടുവെച്ചെങ്കിലും തെഹ്‌റാനിലെ ഖാര്‍ഗ് എണ്ണകേന്ദ്രങ്ങള്‍ക്ക് നേരെ യുഎസ് നടത്തിയ ആക്രമണത്തോടെ മേഖല കൂടുതല്‍ സംഘര്‍ഷഭരിതമായിരിക്കുകയാണ്.

ഇപ്പോഴിതാ, തന്റെ അമ്മാവന്‍ കൂടിയായ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎസിലെ സൈക്കോളജിസ്റ്റ് മേരി ട്രംപ്. ഇറാന്റെ സൈനികനടപടിയെ അപലപിച്ച മേരി, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്വന്തം പുസ്തകത്തിലാണ് ട്രംപിന്റെ പെരുമാറ്റരീതികളെ കുറിച്ചും പ്രകൃതത്തെ കുറിച്ചും തുറന്നുപറഞ്ഞത്. ട്രംപിനെതിരെ നേരത്തെയും കടുത്ത വിമര്‍ശനങ്ങള്‍ ഇവര്‍ നടത്തിയിരുന്നു.

ഇറാനിയന്‍ ജനതയെ സഹായിക്കുന്നതിനായാണ് നിലവിലെ സംയുക്ത സൈനികനീക്കമെന്ന ട്രംപിന്റെ വാദം തെറ്റാണെന്നാണ് മേരിയുടെ വിമര്‍ശനം. ട്രംപിന്‍റെ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ കാരണം വെളിപ്പെടുത്താത്ത പലതുമാണ് ഈ സൈനികനീക്കത്തിന്റെ പിന്നിലെന്ന് മേരി പറഞ്ഞു.

'എണ്ണിത്തിട്ടപ്പെടുത്താനാവാത്തത്രയും ജീവനുകളും ഡോളറുകളും നഷ്ടപ്പെടാന്‍ സാധ്യതയുള്ള യുദ്ധമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിങ്ങനെ തുടരുന്നപക്ഷം, നമുക്കെല്ലാം അവശേഷിക്കുന്ന അന്തസും അഭിമാനവും വൈകാതെ നഷ്ടപ്പെടും'. അവര്‍ യൂട്യൂബ് ചാനലില്‍ വ്യക്തമാക്കി.

'നിലവിലെ ഭരണാധികാരികളുടെ കീഴില്‍ ഇറാന്‍ ജനത വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. സ്വതന്ത്രരാകാനും സമാധാനത്തോടെ ജീവിക്കാനും അവര്‍ക്ക് അവകാശമുണ്ട്. എന്നാല്‍, അവരുടെ രാജ്യത്തിന് നേരെ ബോംബാക്രമണം നടത്തുന്ന മനുഷ്യൻ ഇറാനെ കുറിച്ചോ അവിടെയുള്ള ജനങ്ങളെ കുറിച്ചോ ചിന്തിക്കുന്നില്ലെന്ന് നിങ്ങളറിയണം. ഇറാനിയന്‍ ജനതയ്ക്ക് സ്വതന്ത്രരാകാനും സമാധാനത്തോടെ അവരുടെ ഭൂമിയില്‍ ജീവിക്കാനുമുള്ള അന്തരീക്ഷം ഒരുക്കണമെന്ന് അയാള്‍ക്ക് താല്‍പ്പര്യമേയില്ല'. മേരി പറഞ്ഞു.

'ഡോണാള്‍ഡിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍ ഒരൊറ്റ കാര്യമേ എന്റെ മനസിലേക്ക് വരുന്നുള്ളൂ. അദ്ദേഹം വല്ലാത്ത പ്രശ്‌നത്തിലാണ്. അത് അദ്ദേഹത്തിനും അറിയാം. എല്ലാവരും സംസാരിച്ചുകൊണ്ടിരിക്കുന്ന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തെറ്റിക്കാനുള്ള അടവാണതെന്ന് തോന്നുന്നില്ല. താന്‍ എത്രത്തോളം ദുഷ്ടനും ക്രൂരനും ചതിയനുമാണെന്ന കാര്യം ലോകത്തിന്റെ മുന്നില്‍ നിന്ന് മറച്ചുവെക്കാന്‍ കൂടിയാണിത്'. ലോകത്തിന് മുന്നില്‍ അപഹാസ്യനാകാതിരിക്കാനും നാണംകെട്ട് തലതാഴ്ത്താതിരിക്കാനും വേണ്ടിയാണ് ട്രംപ് ഇങ്ങനെ ചെയ്യുന്നതെന്നും മേരി കൂട്ടിച്ചേര്‍ത്തു.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന നിലയില്‍ മുന്‍പും മേരി തന്റെ അമ്മാവന്‍ കൂടിയായ ട്രംപിനെതിരെ വിമര്‍ശനവുമായി പ്രതികരണങ്ങള്‍ നടത്തിയിരുന്നു. കുട്ടിക്കാലത്തെ അനുഭവങ്ങള്‍ പോഡ്കാസ്റ്റുകളിലൂടെയും ഇന്റര്‍വ്യൂകളിലൂടെയും തന്റെ പുസ്തകളിലൂടെയുമാണ് അവര്‍ പങ്കുവെച്ചത്. 'ടൂ മച്ച് ആന്‍ഡ് നെവര്‍ ഇനഫ്; ഹൗ മൈ ഫാമിലി ക്രിയേറ്റഡ് ദ വേള്‍ഡ്സ് മോസ്റ്റ് ഡെയ്ഞ്ചറസ് മാന്‍' എന്ന പുസ്തകത്തില്‍ മേരി ട്രംപിനെതിരെ നിരവധി വിമര്‍ശനങ്ങളും ആരോപണങ്ങളും ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.

TAGS :

Next Story