കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ പാസ്‌പോർട്ടും ലാപ് ടോപ് ബാഗും സമീപത്തെ വീടിന് മുന്നിൽ; ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി പൊലീസ്
22 വയസുള്ള സാകേതിനെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്

- Published:
14 Feb 2026 1:54 PM IST

ന്യൂയോർക്ക്: അമേരിക്കയിലെ കാലിഫോർണിയയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥിയെ കാണാതായി. കാലിഫോർണിയ സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർഥി 22 കാരനായ സാകേത് ശ്രീനിവസയ്യയെയാണ് കാണാതായത്. കർണാടക സ്വദേശിയായ സാകേതിനെ തിങ്കളാഴ്ച മുതലാണ് കാണാതായത്.
സാകേതിന്റെ പാസ്പോർട്ടും ലാപ്‌ടോപ്പും അടങ്ങിയ ബാഗ് പാർക്ക് ഹിൽസ് മേഖലയിലെ ഒരു വീടിൻ്റെ മുമ്പിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമമായ 'ദി ബെർക്കിലി സ്‌കാനർ' റിപ്പോർട്ട് ചെയ്യുന്നുണ്ട്. സംഭവത്തിൽ ഇന്ത്യൻ കോൺസുലേറ്റ് ആശങ്ക രേഖപ്പെടുത്തി. സാകേതിന്റെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിദ്യാർഥിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും സാൻ ഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. സാകേതിനെ കാണാതായതിന് പിന്നാലെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.
സാകേതിനെ കാണാനില്ലെന്ന് പറഞ്ഞ് റൂം മേറ്റ് എക്‌സിൽ പോസ്റ്റിട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. 'എൻ്റെ റൂംമേറ്റ് സാകേത് ശ്രീനിവാസയ്യയെ കഴിഞ്ഞ തിങ്കളാഴ്ച മുതൽ കാണാനില്ല. ബെർക്കിലി ഹിൽസിലെ ലേക്ക് അൻസയ്ക്ക് സമീപമാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. ഈ പ്രദേശത്തുള്ള ആർക്കെങ്കിലും അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയോ നേരിട്ട് കാണുകയോ ചെയ്തിട്ടുണ്ടെങ്കിൽ ദയവായി എന്നെ അറിയിക്കുക'. എന്ന് പറഞ്ഞാണ് എക്‌സിൽ ഇയാൾ കുറിപ്പിട്ടത്.
Adjust Story Font
16
