കരാറിലെത്തിയില്ലെങ്കിൽ ഇറാനെ കാത്തിരിക്കുന്നത് മോശം ദിനങ്ങളെന്ന് ട്രംപ്; സൈനികനടപടി അമേരിക്കക്ക് കനത്ത തിരിച്ചടിയാകുമെന്ന് പെന്‍റഗൺ
യുദ്ധസാധ്യത കണക്കിലെടുത്ത് ഇന്ത്യക്കാർ എത്രയും വേഗം ഇറാൻ വിടണമെന്ന് ഇന്ത്യൻ എംബസി നിർദേശം നൽകിയിരുന്നു

വാഷിങ്ടൺ: ഇറാനെതിരായ സൈനികനടപടി അമേരിക്കക്ക് തിരിച്ചടിയായേകുമെന്ന മുന്നറിയിപ്പുമായി പെന്‍റഗൺ. എന്നാൽ ഇത്തരം വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നം നയതന്ത്രപരമായി പരിഹരിക്കുന്നതിനായി വ്യാഴാഴ്ച ജനീവയിൽ നിർണായക ചർച്ചക്കൊരുങ്ങിയിരിക്കുകയാണ് ഇറാനും അമേരിക്കയും. കരാറിലെത്താൻ കഴിഞ്ഞില്ലെങ്കിൽ ഇറാനെ കാത്തിരിക്കുന്നത് മോശം ദിവസങ്ങളെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. യുദ്ധസാധ്യത മുൻനിർത്തി ഇന്ത്യക്കാർ എത്രയും വേഗം ഇറാൻ വിടണമെന്ന് ഇന്ത്യൻ എംബസി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ബെയ്റൂത്ത് എംബസിയിൽ നിന്ന് ഭൂരിഭാഗം ഉദ്യോഗസ്ഥരെയും അമേരിക്ക പിൻവലിച്ചു.
ഇറാനെ സൈനികപരമായി നേരിട്ടാൽ അപ്രതീക്ഷിത നഷ്ടങ്ങളും വലിയ തിരിച്ചടിയുമുണ്ടാകുമെന്ന് ട്രംപിന് പെന്‍റഗൺ മുന്നറിയിപ്പ് നൽകി. യുഎസിനും സഖ്യകക്ഷികൾക്കും വലിയ നാശനഷ്ടങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും പെന്‍റഗൺ വ്യക്തമാക്കി. അമേരിക്കയുടെ ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ഡാൻ കെയ്നയാണ് മുന്നറിയിപ്പ് നൽകിയതെന്ന് വിവിധ യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ, ഇറാനെതിരായ സൈനികനടപടിയോട് ഡാൻ കെയ്ന ഉൾപ്പടെയുള്ളവർക്ക് വിയോജിപ്പുണ്ടെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് യുഎസ് പ്രസിഡന്‍റ് ട്രംപ് പ്രതികരിച്ചു. സൈനിക നടപടി തീരുമാനിക്കേണ്ടത് താൻ മാത്രമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ആണവകരാർ ഉണ്ടായില്ലെങ്കിൽ അത് ഇറാനെ സംബന്ധിച്ച് ഏറ്റവും മോശം ദിനം ആയിരിക്കുമെന്ന് മുന്നറിയിപ്പ് നൽകാനും ട്രംപ് മറന്നില്ല.
വ്യാഴാഴ്ചയാണ് ജനീവയിൽ ഇറാനും അമേരിക്കയും തമ്മിലെ നിർണായക ചർച്ച. ഒമാൻ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചയിൽ ആണവ കരാർ സംബന്ധിച്ച് കൃത്യമായ കരട് നിർദേശം ഇറാൻ കൈമാറും. യുറേനിയം സമ്പുഷ്ടീകരണ തോത് കുറക്കാനും അന്താരാഷ്ട്ര ആണവോർജ സമിതിയുടെ പൂർണ നിരീക്ഷണം ഉറപ്പാക്കാനും ഇറാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആണവായുധ നിർമാണം നടത്തില്ലെന്ന് രേഖാമൂലം ഉറപ്പ് നൽകാനും തെഹ്റാൻ തയാറാകും. എന്നാൽ ഇതുകൊണ്ടുമാത്രം ആയില്ലെന്നാണ് യുഎസ് നിലപാട്. യുറേനിയം സമ്പുഷ്ടീകരണം പൂർണമായും നിർത്തുക, സമ്പുഷ്ടീകരിച്ച യുറേനിയം മൂന്നാം രാജ്യത്തേക്ക് മാറ്റാൻ തയാറാവുക എന്നിവയാണ് അമേരിക്ക ആഗ്രഹിക്കുന്നത്.
ഇതിനോട് യോജിപ്പില്ലെന്നും ആക്രമിച്ചാൽ മേഖലായുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതിനിടെ, സംഘർഷ സാഹചര്യം മുൻനിർത്തി ലബനാനിലെ യുഎസ് എംബസിയിൽ നിന്ന് ഭൂരിഭാഗം ജീവനക്കാരെയും മാറ്റി. ഇറാന് അനുകൂലമായി ഹിസ്ബുല്ലയുടെ ആക്രമണഭീതി മുൻനിർത്തിയാണ് തീരുമാനം. യുഎസ് ആക്രമണ ഭീഷണി നിലനിൽക്കെ എല്ലാ ഇന്ത‍്യ പൗരന്‍മാരും ഇറാന്‍ വിടണമെന്ന് തെഹ്റാനിലെ ഇന്ത‍്യന്‍ എംബസി നിർദേശിച്ചു.
Adjust Story Font
16

