വിസക്കായി കവർച്ചാ നാടകം: അമേരിക്കയിൽ 10 ഇന്ത്യക്കാർ പിടിയിൽ
മസാച്യുസെറ്റ്‌സിലെ വിവിധ കൺവീനിയൻസ് സ്റ്റോറുകൾ, മദ്യശാലകൾ, ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ് നടന്നിരുന്നത്

- Published:
16 March 2026 10:02 PM IST

ബോസ്റ്റൺ: അമേരിക്കയിൽ സ്ഥിരതാമസത്തിനായുള്ള 'യു വിസ' ലഭിക്കാൻ കവർച്ചാ നാടകം നടത്തിയ 10 ഇന്ത്യക്കാർ പിടിയിൽ. സംഭവത്തിൽ 11 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഒരാളെ മുമ്പ് തന്നെ ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു. നാല് സംസ്ഥാനങ്ങളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മസാച്യുസെറ്റ്‌സിലെ വിവിധ കൺവീനിയൻസ് സ്റ്റോറുകൾ, മദ്യശാലകൾ, ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ് നടന്നിരുന്നത്.
അമേരിക്കയിലെ നിയമപ്രകാരം, കടുത്ത കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയും അന്വേഷണത്തിൽ പൊലീസിനെ സഹായിക്കുകയും ചെയ്യുന്ന വിദേശികൾക്ക് യു വിസക്ക് ('U non-immigrant status) അപേക്ഷിക്കാം. ശാരീരികമായോ മാനസികമായോ പീഡനം അനുഭവിച്ചവർക്ക് നൽകുന്ന ഈ ആനുകൂല്യം തട്ടിയെടുക്കാനാണ് പ്രതികൾ കവർച്ചാ നാടകം നടത്തിയത്. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷൻ നൽകുന്ന വിവരപ്രകാരം 2023 മാർച്ച് മുതൽ തട്ടിപ്പ് സംഘം സജീവമാണ്.
കവർച്ച രീതിയെ കുറിച്ച് എഫ്ബിഐ പറയുന്നത് ഇങ്ങനെയാണ്.- കടകളിൽ മുഖംമൂടി ധരിച്ചെത്തുന്ന ആൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം കവർന്നു കൊണ്ടുപോകും. കടയിലെ സിസിടിവിയിൽ ദൃശ്യങ്ങൾ കൃത്യമായി പതിയുന്ന രീതിയിലായിരിക്കും കവർച്ച. കവർച്ചക്കായി എത്തിയവർ സ്ഥലം വിട്ട് കുറച്ച് കഴിയുന്നതോടെ കടയിലുള്ളവർ പൊലീസിനെ വിവരം അറിയിക്കും. ഇതിൽ ഇരയായി അഭിനയിക്കുന്നവർ തട്ടിപ്പ് സംഘത്തിന് പണം നൽകിയിട്ടുണ്ടാവും. കവർച്ച നാടകത്തിന് സൗകര്യം ചെയ്തുകൊടുത്ത കടയുടമകൾക്കും തട്ടിപ്പുകാർ പണം നൽകിയിട്ടുണ്ടാവും.
മസാച്യുസെറ്റ്‌സിൽ നിന്നാണ് ജിതേന്ദ്രകുമാർ പട്ടേൽ, മഹേഷ് കുമാർ പട്ടേൽ, സഞ്ജയ് കുമാർ പട്ടേൽ, അമിതാബെൻ പട്ടേൽ, സംഗീത ബെൻ പട്ടേൽ, മിതുൽ പട്ടേൽ എന്നിവരെ പിടികൂടിയത്. രമേഷ്ഭായ് പട്ടേൽ, റോണക് കുമാർ പട്ടേൽ, സോണൽ പട്ടേൽ, മിങ്കേഷ് പട്ടേൽ എന്നിവർ കെന്റക്കി, മിസോറി, ഒഹായോ എന്നിവിടങ്ങളിൽ നിന്നാണ് പിടിയിലായത്. സംഘത്തിലെ പ്രധാനിയായ റാംഭായ് പട്ടേലിനെ നേരത്തെ തന്നെ കോടതി ശിക്ഷിച്ച് നാടു കടത്തിയിരുന്നു. അഞ്ചുവർഷം വരെ തടവും രണ്ട് കോടി രൂപ വരെ പിഴയും ചുമത്താവുന്ന കുറ്റകൃത്യമാണ് പ്രതികൾ ചെയ്തതെന്ന് എഫ്ബിഐ അറിയിച്ചു.
Adjust Story Font
16
