പുടിൻ ഇറാനെ ചെറിയ രീതിയിൽ സഹായിക്കുന്നുണ്ടാകാം, പിന്തുണ തുടരുകയാണെങ്കിൽ യുക്രൈനിനെ ഞങ്ങളും സഹായിക്കും: ഡോണൾഡ് ട്രംപ്
പശ്ചിമേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങളുടെ ലൊക്കേഷന്‍ റഷ്യ ഇറാന് കൈമാറിയിരുന്നതായി നേരത്തെ ചില യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

- Published:
14 March 2026 11:18 AM IST

വാഷിങ്ടൺ: പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് രണ്ടാഴ്ച പിന്നിട്ടിരിക്കുന്ന യുദ്ധത്തില്‍ ഇറാന്‍ സൈന്യത്തിന് പുടിന്റേയും റഷ്യയുടേയും സഹായം ലഭിക്കുന്നുണ്ടാകാമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പിന്തുണ തുടരുകയാണെങ്കിൽ റഷ്യക്കെതിരെ പോരടിക്കുന്ന യുക്രൈന്‍ സൈന്യത്തെ സമാനമായ രീതിയില്‍ അമേരിക്കയും പിന്തുണക്കുമെന്ന് ട്രംപ് പറഞ്ഞു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.
പശ്ചിമേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങളുടെ ലൊക്കേഷന്‍ റഷ്യ ഇറാന് കൈമാറിയിരുന്നതായി നേരത്തെ ചില യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ, ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ കനത്ത ഡ്രോണാക്രമണങ്ങള്‍ നടത്തുകയും ചെയ്തു. തെഹ്‌റാനിലെ ഇറാന്‍ സര്‍ക്കാരിന് ഇന്‍റലിജൻസ് സഹായങ്ങള്‍ കൈമാറുന്നത് റഷ്യക്ക് ഗുണകരമാവില്ലെന്ന് മിഡില്‍ ഈസ്റ്റിലെ യുഎസ് വക്താവ് സ്റ്റീവ് വിറ്റ്‌കോഫ് വ്യാഴാഴ്ച പറഞ്ഞിരുന്നു. പിന്നാലെയാണ് ട്രംപിന്‍റെയും വെളിപ്പെടുത്തല്‍.
'യുദ്ധത്തില്‍ പുടിന്‍ അവരെ ചെറിയ രീതിയിൽ സഹായിക്കുന്നുണ്ടാകാമെന്നാണ് കരുതുന്നത്. യുക്രൈനെ ഞങ്ങള്‍ സഹായിക്കുന്നുണ്ടെന്ന് കരുതിയായിരിക്കും ഈ സഹായം. ഒന്നുമാത്രം പറയാം, അവര്‍ ഇറാനെ പിന്തുണക്കുന്നത് തുടരുന്നപക്ഷം ഞങ്ങള്‍ യുക്രൈനിനെയും പിന്തുണക്കും'. ട്രംപ് വ്യക്തമാക്കി.
യുഎസ് സൈനിക കേന്ദ്രങ്ങളെ കുറിച്ച് റഷ്യ കൈമാറിയ വിവരങ്ങള്‍ പ്രത്യാക്രമണങ്ങള്‍ നടത്തുന്നതിന് ഇറാന് വളരെയധികം ഗുണം ചെയ്തുവെന്ന് മുന്‍ റഷ്യന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് യുഎസ് മാധ്യമങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരിമിതമായ സാറ്റ്‌ലൈറ്റ് സംവിധാനങ്ങള്‍ മാത്രം സ്വന്തമായുള്ള ഇറാനെ സംബന്ധിച്ചിടത്തോളം, റഷ്യ കൈമാറുന്ന വിവരങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ടാകാമെന്നാണ് യുഎസിന്റെ വിലയിരുത്തല്‍.
നിലവിലെ സംഘര്‍ഷാവസ്ഥയില്‍ റഷ്യന്‍ ഇടപെടലുകളെ അപലപിച്ചുകൊണ്ട് ട്രംപ് നേരത്തെയും രംഗത്തെത്തിയിരുന്നു. മൂന്നാംകക്ഷിയുടെ ഇടപെടല്‍ ഇറാന് ഗുണം ചെയ്യില്ലെന്നായിരുന്നു യുഎസ് മാധ്യമങ്ങളോടുള്ള ട്രംപിന്‍റെ പ്രതികരണം.
അതേസമയം, ഇറാന്റെ യുറേനിയം ശേഖരം റഷ്യയിലേക്ക് മാറ്റിക്കൊണ്ട് യുദ്ധം അവസാനിപ്പിക്കാമെന്നുള്ള പുടിന്‍ മുന്നോട്ടുവെച്ച ഓഫര്‍ ട്രംപ് നിരസിക്കുകയും ചെയ്തു. 450 കിലോ വരുന്ന, 60 ശതമാനത്തോളമുള്ള ഇറാന്റെ യുറേനിയം ശേഖരം സുരക്ഷിതമാക്കുകയെന്നതാണ് തങ്ങളുടെ പ്രധാനലക്ഷ്യമെന്ന് ഇസ്രായേലും അമേരിക്കയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഎസ്-ഇസ്രായേല്‍ സംയുക്ത കരസൈന്യം മേഖലയില്‍ പ്രവേശിക്കുന്നത് തടയുന്നതിനായി യുറേനിയം റഷ്യയിലേക്ക് മാറ്റാമെന്ന് പുടിന്‍ ട്രംപുമായി സംസാരിച്ചിരുന്നെങ്കിലും ട്രംപ് വിസമ്മതിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള ഡീലിനെ കുറിച്ച് ഇതുവരെയും സ്ഥിരീകരിക്കപ്പെട്ട പ്രതികരണങ്ങളൊന്നും ഇറാന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ ഇറാനെ ആക്രമിച്ചതിന്റെ പിന്നാലെയുണ്ടായ യുദ്ധം 15ാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനോടകം 1300-ലധികം പേര്‍ ഇറാനില്‍ മാത്രമായി കൊല്ലപ്പെട്ടുവെന്നാണ് ഇറാന്‍ റെഡ് ക്രോസ് പുറത്തുവിട്ട കണക്കുകള്‍. യഥാര്‍ഥ കണക്കുകള്‍ അതിലും കൂടും. 17,000-ലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. സ്ത്രീകളും കുട്ടികളുമാണ് പരിക്കേറ്റവരില്‍ കൂടുതലും.
Adjust Story Font
16
