'ഞങ്ങള്‍ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ട്'; ഉമര്‍ ഖാലിദിന് സൊഹ്റാന്‍ മംദാനിയുടെ കത്ത്
ന്യൂയോര്‍ക്ക് മേയറായി മംദാനി അധികാരമേല്‍ക്കുന്ന അതേ ദിവസമാണ് ഉമര്‍ ഖാലിദിന്റെ സുഹൃത്തുക്കള്‍ കത്ത് പങ്കുവെച്ചത്

- Published:
1 Jan 2026 8:39 PM IST

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചനക്കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജെഎന്‍യു പൂര്‍വവിദ്യാര്‍ഥി ഉമര്‍ ഖാലിദിന് കത്തയച്ച് ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി. ന്യൂയോര്‍ക്ക് മേയറായി മംദാനി അധികാരമേല്‍ക്കുന്ന അതേ ദിവസമാണ് ഉമര്‍ ഖാലിദിന്റെ സുഹൃത്തുക്കള്‍ കത്ത് പങ്കുവെച്ചത്. ന്യൂയോര്‍ക്കിന്റെ ചരിത്രത്തില്‍ ആദ്യത്തെ മുസ്‌ലിമും ഏറ്റവും പ്രായം കുറഞ്ഞ മേയറുമാണ് മംദാനി.
'പ്രിയപ്പെട്ട ഉമര്‍, കയ്പിനെ കുറിച്ചും സ്വയം നശിപ്പിക്കപ്പെടാതിരിക്കേണ്ടുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചുമുള്ള നിങ്ങളുടെ വാക്കുകള്‍ ഞാന്‍ ഓര്‍ക്കാറുണ്ട്. നിങ്ങളുടെ മാതാപിതാക്കളെ കണ്ടുമുട്ടാന്‍ കഴിഞ്ഞതില്‍ സന്തോഷം'. മംദാനി കത്തില്‍ കുറിച്ചു. ഞങ്ങളുടെ എല്ലാവരുടെയും ചിന്തയില്‍ നീയുണ്ടെന്ന് പറഞ്ഞാണ് അദ്ദേഹം കത്ത് അവസാനിപ്പിച്ചത്.
2020 സെപ്റ്റംബറിലാണ് ഉമര്‍ ഖാലിദിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരല്‍, യുഎപിഎ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി 14 ദിവസത്തേക്ക് കര്‍ക്കദൂമ കോടതി ഉമര്‍ ഖാലിദിന് ജാമ്യം നല്‍കിയിരുന്നു.
നേരത്തെ, ന്യൂയോര്‍ക്ക് മേയറാകുന്നതിന് മുന്‍പേയുള്ള ഒരു പ്രസംഗത്തിനിടെ ജനാധിപത്യത്തെ കുറിച്ചുള്ള ഒരു പരിപാടിയില്‍ ഉമര്‍ ഖാലിദിന്റെ കുറിപ്പുകള്‍ മംദാനി വായിച്ചിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിനോടനുബന്ധിച്ചുള്ള പരിപാടിയിലായിരുന്നു ഇത്.
'ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ സ്‌കോളറും വിദ്യാര്‍ഥി ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദിന്റെ ഒരു കത്താണ് ഇന്ന് ഞാന്‍ വായിക്കാന്‍ പോകുന്നത്. നിലവില്‍ യുഎപിഎ നിയമപ്രകാരം 1000 ദിവസത്തിലേറെയായി ജയിലില്‍ കഴിയുകയാണ്. അദ്ദേഹത്തിന്റെ ജാമ്യാവസ്ഥ നിരന്തരം തള്ളപ്പെട്ടു. വിചാരണ ഇതുവരെയും നേരിട്ടില്ല. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും വിദ്വേശപ്രചാരണങ്ങള്‍ക്കും എതിരെ അദ്ദേഹം ക്യാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു'. എന്ന മുഖവുരയോടെയാണ് മംദാനി അന്ന് ഉമര്‍ ഖാലിദിന്റെ കത്ത് വായിച്ചിരുന്നത്.
Adjust Story Font
16
